പഹ്ലാജ് നിഹലാനി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് ചെയര്മാന് സ്ഥാനം ഒഴിയുന്നു. സിനിമാ മേഖലയ്ക്കു ആശ്വസിക്കാമോ? നിലവിലുള്ള സെന്‍സര്‍ഷിപ് എന്ന ആശയത്തിനും അതിനോടുള്ള മനോഭാവത്തിനും മാറ്റമുണ്ടാകുമോ? പരിചയപ്പെടാം പുതിയ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെ.

പ്രസൂന്‍ ജോഷി
പ്രസൂന്‍ ജോഷി, ചെയര്മാന്
കവി, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, മികച്ച മാര്‍ക്കറ്റര്‍. കൊക്ക കോള മുതലിങ്ങോട്ട് രാജ്യം കണ്ട പ്രധാനപെട്ട ബ്രാന്‍ഡുകളുടെ പരസ്യ പ്രചാരകന്.
2014 ബി ജെ പി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സാം ബാല്സര, പിയൂഷ് പാണ്ടേ
എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു. പ്രചാരണാര്‍ത്ഥം നരേന്ദ്ര മോഡി ആലപിച്ച ‘സൗഗന്ധ്’ എന്ന ഗാനം രചിച്ചത് പ്രസൂന്‍ ജോഷിയാണ്. വരികള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് മോഡി ട്വിറ്റെറില്‍ പ്രസൂനിനെ അഭിനന്ദിച്ചിരുന്നു.
പ്രസൂന്‍ ജോഷിയുടെ ബി ജെ പി ബന്ധം വാജ്പേയിയുടെ കാലത്ത് തുടങ്ങിയതാണ്. പ്രസൂനിലെ കവിയെ ഇഷ്ടപ്പെട്ടിരുന്ന വാജ്പേയി ‘ഇരാദെ നയാ ഭാരത് കാ’ എന്ന പ്രസൂന്‍ കവിത പല പ്രസംഗങ്ങളിലും ചൊല്ലിയിരുന്നു. 2009 ലെ ബി ജെ പി മുദ്രാ വാക്യമായ ‘മജ്ബൂത് നേതാ, നിര്‍ണായക് സര്‍ക്കാര്‍’ പ്രസൂന്‍ ജോഷിയുടെ വരികളാണ്.
2015ല്‍ പദ്മശ്രീ

തന്റെ എന്‍ ജി ഓ ലൈഫ് എഗൈന്‍ ഫൌണ്ടേഷനുമായി ബന്ധപെട്ട് നരേന്ദ്ര മോഡിയെ ഗൌതമി ഡല്‍ഹിയില്‍ സന്ദര്‍ശിച്ചപ്പോള്‍.
1. ഗൌതമി തടിമല്ല
1998ല്‍ ബി ജി പി യില്‍ ചേര്‍ന്ന തെന്നിന്ത്യന്‍ നടി. തമിഴ് നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം എന്നഭ്യര്ഥിച്ചു പ്രധാന മന്ത്രി നരേന്ദ്ര മോഡിയ്ക്ക് കത്തയച്ചത് വിവാദമായി. ജയലളിതയുടെ മരണാനന്തരം ചെന്നൈ ആര് കെ നഗറില്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ബി ജെ പി യുടെ സ്ഥാനാര്‍ഥിയാക്കിയേക്കും എന്ന്
റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
2. നരേന്ദ്ര കോഹ്ലി
ഹിന്ദി സാഹിത്യകാരന്. പുരാണ – ഇതിഹാസങ്ങളെ സമകാലിക എഴുത്തില്‍ പുനര്‍ നിര്‍വചിച്ചു പ്രസിദ്ധിയിലെക്കുയര്ന്ന മുന്‍ ഡല്‍ഹി യൂണിവേര്സിറ്റി അദ്ധ്യാപകന്. ‘രാം കഥ’യെ അടിസ്ഥാനമാക്കി ‘അഭ്യുദയ’ എന്ന നോവലും, ‘കൃഷ്ണ കഥ’യെ അടിസ്ഥാനമാക്കി ‘അഭിഗ്യാന്‍’ എന്ന നോവലും രചിച്ചു. സ്വാമി വിവേകാനന്ദന്, കൃഷ്ണന്റെ അച്ഛന് വസുദേവര്‍, എന്നിവരുടെ ജീവിതം ആധാരമാക്കി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
2017ല്‍ പദ്മശ്രീ
3. നരേഷ് ചന്ദ്ര ലാല്‍
സിനിമാ നിര്‍മാതാവും സംവിധായകനുമായ ആന്‍ഡമാന്‍ സ്വദേശി. നാഷണല്‍ സ്കൂള്‍
ഓഫ് ഡ്രാമയില്‍ പഠനം കഴിഞ്ഞ് ‘ഗാന്ധി ദി മഹാത്മാ’, ‘ക്വീന്‍ ഓഫ് ഇന്‍ഡിജനസ് ഐലന്‍ഡ്’ എന്നീ രണ്ടു ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇപ്പോള്‍ ആന്‍ഡമാനിലെ സ്വച്ഛ ഭാരത് മിഷന് അംബാസിഡര്‍.
2016ല്‍ പദ്മശ്രീ

പ്രധാനമന്ത്രിയോടൊപ്പം നരേഷ്

ഷില്ലോംഗ് ചേംബര്‍ കൊയര്‍
4. നീല്‍ നോന്ഗ്കിരിഹ്
ഷില്ലോംഗ് ചേംബര്‍ കൊയര്‍ സ്ഥാപകനായ സംഗീതജ്ഞന്. ഇന്ത്യ ഹാസ് ഗോട്ട് ടാലെന്റ്റ് എന്ന ടെലിവിഷന്‍ ഷോയിലൂടെ പ്രസിദ്ധി നേടിയ ഈ സംഗീത ട്രൂപ് ഇന്ന് രാജ്യത്തെ മുന്‍ നിര ബാന്റുകളില്‍ ഒന്നാണ്. ഖാസി ഭാഷയില്‍ ഓപറ ചമയ്ക്കാനുള്ള പരിശ്രമത്തിലാണ് മേഘാലയ മുന്‍ മന്ത്രി എ എച്ച് സ്കോട്ട് ല്യ്ന്ഗ്ദൊഹിന്റെ മകനും കൂടിയായ നീല്‍. 2015ല്‍ പദ്മശ്രീ

വിവേക് അഗ്നിഹോത്രി
5. വിവേക് അഗ്നിഹോത്രി
ബോളിവുഡ് നിര്‍മാതാവും സംവിധായകനും. ചോക്ലേറ്റ്, ധന് ധനാ ധന് ഗോള്‍, ഹേറ്റ് സ്റ്റോറി, സിദ്, ബുദ്ധ ഇന്‍ എ ട്രാഫിക് ജാം, ജുനൂനിയത് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഏറ്റവുമടുത്ത് വാര്‍ത്തയില്‍ നിറഞ്ഞത് ജവര്‍ഹാലാല്‍ നെഹ്റു യൂണിവേര്സിറ്റിയില് നടത്തിയ പ്രസംഗവുമായി ബന്ധപെട്ടാണ്.
“കപടതയുടെ രാഷ്ട്രീയമാണ് ഇന്ത്യയിലെ ചില യൂണിവേര്സിറ്റികളില് നടക്കുന്നത്. താലിബാന് ചെറുപ്പക്കാരെ ജിഹാദികളും മനുഷ്യ ബോംബുകളുമാകാന് പരിശീലിപ്പിക്കുന്നത് പോലെ ചില പ്രൊഫസര്‍മാര്‍ കുട്ടികളെ ആക്ടിവിസ്റ്റുകളും ബൗദ്ധിക ഭീകരവാദികളുമാകാന്‍ പരിശീലിപ്പിക്കുന്നു. കനയ്യ കുമാര്‍ തന്നെ മികച്ച ഉദാഹരണമാണ്.”

വമന്‍ കേന്ദ്രെ
6. വമന്‍ കേന്ദ്രെ
മഹാരാഷ്ട്രയിലെ ദളിത് തിയേറ്റര്‍ മുന്നേറ്റത്തിനു ചുവടു പിടിച്ച നാടക കലാകാരന്. മോഹന്‍ദാസ്, രണാന്ഗന്, സുല്‍വ, ജാനേമന്, മാധ്യം വ്യയോഗ്, ദൂസര സമാന എന്നിവയാണ് പ്രധാനപെട്ട നാടകങ്ങള്‍. ഇപ്പോള്‍ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ ഡയറക്ടര്‍.
7. വിദ്യാ ബാലന്
ബോളിവുഡ് അഭിനേത്രി. ഏറ്റവുമൊടുവില്‍ വാര്‍ത്തയില്‍ നിറഞ്ഞത് കമലാ സുരയ്യയുടെ ജീവിതം അടിസ്ഥാനമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’യിലെ മുഖ്യ വേഷത്തില്‍ നിന്നും കരാര്‍ ലംഘിച്ച് പിന്മാരിയപ്പോഴാണ്. സംവിധായകന് കമലിന് നേരെ ദേശീയ ഗാന വിവാദവുമായി ബന്ധപെട്ടു ബി ജെ പിയില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉണ്ടയതിനു പിന്നാലെയാണ് വിദ്യയുടെ പിന്മാറ്റം.

വിദ്യാ ബാലന്
പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗജേന്ദ്ര ചൌഹാന് ഡയറക്ടര്‍ സ്ഥാനം നല്‍കിയതില്‍ പ്രതിഷേധിച്ച് പ്രമുഖ ബോളിവുഡ് പ്രവര്‍ത്തകര്‍ നടത്തിയ ദേശീയ അവാര്‍ഡ് തിരിച്ചു നല്കല് ക്യാമ്പൈനിലും വിദ്യ പങ്കെടുത്തില്ല. ‘എനിക്ക് അവാര്‍ഡ് നല്‍കിയത് രാജ്യമാണ്, സര്‍ക്കാരല്ല’, എന്നായിരുന്നു വിദ്യയുടെ പ്രതികരണം.
2014ല്‍ പദ്മശ്രീ

ടി എസ് നാഗാഭരണ
8. ടി എസ് നാഗാഭരണ
ദേശീയ അവാര്‍ഡ് ജേതാവായ കന്നഡ ചലച്ചിത്രകാരന്. മുപ്പതോളം ചിത്രങ്ങളും ടി വി സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്. 2006ല്‍ സംവിധാനം ചെയ്ത കല്ലരല്ലി ഹൂവാഗി എന്ന ചിത്രത്തിന് ദേശീയോഉദ്ഗ്രഥനത്തിനുള്ള നര്‍ഗീസ് ദത്ത് പുരസ്കാരം ലഭിച്ചിരുന്നു. ഈ ചിത്രത്തെ ആസ്പദമാക്കിയാണ് സല്മാന് ഖാന് നായകായ ബ്ലോക്ക് ബസ്റ്റര്‍ ‘ബജരംഗി ഭായ്ജാന്’ രചിക്കപ്പെട്ടത് എന്ന് ആരോപണമുയര്‍ന്നിരുന്നു.
ബി ജെ പിക്ക് വേണ്ടി ഇലക്ഷന് പ്രചരണം നടത്തിയിട്ടുള്ള നാഗാഭരണ ഇപ്പോള്‍ പിരിച്ചു വിട്ട സെന്‍സര്‍ ബോര്‍ഡിലും അംഗമായിരുന്നു.
9. രമേഷ് പതന്ഗെ
മുതിര്‍ന്ന ആര് എസ് എസ് പ്രവര്ത്തകന്, ചിന്തകന്‍. വിവേക് എന്ന മുംബൈ ആസ്ഥാനമായ മാസികയുടെ എഡിറ്ററുമായിരുന്നു. അദ്ദേഹം രചിച്ച മറാത്തി പുസ്തകമായ ‘മി, മനു അനി സംഘ്’ (ഞാന്‍, അവര്‍, പിന്നെ സംഘും), ഒരു സംഘ് പ്രവര്‍ത്തകന്റെ ജീവിതത്തിന്റെ നേര് ചിത്രമായി കരുതപ്പെടുന്നു.
2015 ല്‍ സെന്‍സര്‍ ബോര്‍ഡ് അംഗമായപ്പോള്‍ പതന്ഗെ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞതിങ്ങനെ.
‘അടുത്ത് കണ്ട ചിത്രങ്ങളില്‍ ഇഷ്ടപ്പെട്ടത് ‘ബേബി’യാണ്. ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം ചെയ്യുന്ന വെല്ലുവിളിയാര്‍ന്ന ജോലി വെളിപ്പെടുത്തുന്ന ഒരു ചിത്രമാണത്. തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ വയലന്‍സ് ധാരാളമായി കാണപ്പെടുന്നു. അവയ്ക്ക് ‘എ’ സെര്റ്റിഫിക്കേഷന് നല്‍കണം. ഒരു സിനിമയെ വില്‍ക്കാനായി സെക്സ് ഉപയോഗിക്കുന്നത് തെറ്റാണ്. ഐറ്റം നമ്പറുകള്‍ ആള്‍ക്കാരെ രസിപ്പിക്കും; ആ ഗാങ്ങങ്ങള്‍ മുടക്കു മുതല്‍
തിരിച്ചു പിടിക്കാന്‍ സഹായിക്കും, അത് കൊണ്ട് ഐറ്റം നമ്പറുകളില്‍
തെറ്റില്ല.’

വാണി തൃപാഠി
10. വാണി ത്രിപാഠി
മുന്‍ ബി ജെ പി നാഷണല്‍ സെക്രട്ടറിയായ സിനിമാ – ടെലിവിഷന്‍ അഭിനേത്രി. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠനം കഴിഞ്ഞു മുംബൈയില്‍ കുറച്ചു കാലം അഭിനയത്തില്‍ അവസരങ്ങള്‍ തേടി. ചല്‍തേ ചല്‍തേ, ദുശ്മന്‍ എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. 2006 മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായി. കഴിഞ്ഞ രണ്ടു വര്‍ഷമായി സെന്‍സര്‍ ബോര്‍ഡ് അംഗമാണ്.
2015 ല്‍ സെന്‍സര്‍ ബോര്‍ഡ് അംഗമായപ്പോള്‍ വാണി ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞതിങ്ങനെ.
‘സര്‍റ്റിഫിക്കേഷന്‍ ക്രമീകൃതമാക്കപ്പെണ്ടേതുണ്ട്. ഇപ്പോള്‍ ഉള്ള വ്യവസ്ഥയില്‍ സര്‍റ്റിഫിക്കേഷന്‍ എന്നത് സര്റ്റിഫൈ ചെയ്യാനിരിക്കുന്ന വ്യക്തിയെ മാത്രം തീരുമാനത്തിനെ അടിസ്ഥാനപ്പെടുത്തി നടക്കുന്നതാണ്. കുറച്ചു കൂടി ജനാധിപത്യപരമായി ഇതിനെ കാണേണ്ടതുണ്ട്. അത് കൊണ്ട് തന്നെ പാനലില്‍ അറിവും ബോധവുമുള്ള ആളുകള്‍ വരേണ്ടതുണ്ട്.’

രാജശേഖറും ജീവിതയും
11. ജീവിത രാജശേഖര്‍
വിഖ്യാത തെലുങ്ക് – തമിഴ് നടന് രാജശേഖറിന്റെ ഭാര്യയും നടിയും സംവിധായികയുമാണ് ജീവിത. സിനിമ കൂടാതെ രാഷ്ട്രീയത്തിലും ബിസിനസിലും സജീവരാണ് ഈ ‘പവര്‍ കപിള്‍’. 2008, 2010, 2014 എന്നീ വര്‍ഷങ്ങളില്‍ ചെക്ക് കേസില്‍ കുടുങ്ങിയിട്ടുണ്ട് നൂറോളം ചിത്രങ്ങളില്‍ വേഷമിട്ട രാജശേഖറും ഭാര്യ ജീവിതയും.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വൈ എസ് രാജ ശേഖര റെഡ്ഡിയുടെ അടുത്ത സുഹൃത്തായിരുന്ന ജീവിതയും ഭര്‍ത്താവും ടി ഡി പിയുടെയും കോണ്‍ഗ്രസ്സിന്റേയും അനുഭാവികളായിരുന്നെങ്കിലും ഇവര്‍ ഈ വര്‍ഷമാദ്യം
ഔദ്യോഗികമായി ബി ജെ പിയില്‍ ചേര്‍ന്നു.
2015ല്‍ സെന്‍സര്‍ ബോര്‍ഡ് അംഗമായപ്പോള്‍ ജീവിത ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞതിങ്ങനെ.
‘എന്റെയോ ഭര്‍ത്താവിന്റെയോ സിനിമകള്‍ക്ക് ഒരിക്കലും സെന്‍സര്‍ പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല. അദ്ദേഹം മിക്കപ്പോഴും സ്ക്രീനില്‍ പോലീസ് അല്ലെങ്കില്‍ ആര്‍മി വേഷങ്ങളാണ് ചെയ്യുക. സിനിമയ്ക്ക് സമൂഹത്തിനു നല്കാന് ഒരു സന്ദേശമുണ്ടാകണം.’

മിഹിര്‍ ഭുട്ട
12. മിഹിര്‍ ഭുട്ട
@imhindu എന്ന ട്വിറ്റെര്‍ നാമത്തില്‍ അറിയപ്പെടുന്ന മിഹിര്‍ ഭുട്ട ആര് എസ് എസുമായി അടുത്ത ബന്ധുള്ള ആളാണ് എന്ന് കരുതപ്പെടുന്നു. മിഹിര്‍ ഇത് നിഷേധിച്ചിട്ടുമുണ്ട്. മുംബൈയിലെ ഗുജറാത്തി തിയേറ്റര്‍ രംഗത്ത് 90കളില്‍ സജീവമായിരുന്നു ഈ എഴുത്തുകാരന്. സ്റ്റാര്‍ പ്ലസ് ചാനലിന് വേണ്ടി മഹാഭാരതം സീരിയല്‍ തിരക്കഥയാക്കിയത് മിഹിറാണ്.
2015ല്‍ സെന്‍സര്‍ ബോര്‍ഡ് അംഗമായപ്പോള്‍ മിഹിര്‍ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞതിങ്ങനെ.
‘സിനിമകളിലെ വയലന്‍സ് അംഗീകരിക്കാനാവില്ല. ഞാന്‍ എഴുതിയ മഹാഭാരതം
സ്റ്റാര്‍ പ്ലസ് സീരിയല്‍ ആക്കിയപ്പോള്‍ അതില്‍ ഭീമന് ദുശ്ശാസനന്റെ മാറ് പിളര്‍ന്നു രക്തം കുടിക്കുന്ന രംഗത്തിനോട് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. ആ എതിര്‍പ്പില്‍ കാര്യമുണ്ട് എന്ന് തന്നെയാണ് ഞാനും വിശ്വസിക്കുന്നത്.’
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook