രാജ്യത്ത് ആരോഗ്യകരമായ ചർച്ചകൾക്ക് ഇടമില്ലാത്തതുകൊണ്ടാണ് തന്റെ നിലപാടുകളെ എതിർക്കുന്നവർക്ക്, തന്റെ കാഴ്ചപ്പാട് ഒരിക്കലും മനസ്സിലാകാത്തതെന്ന് നടൻ നസീറുദ്ദീൻ ഷാ പറഞ്ഞു. യുക്തിയുടെയും ചരിത്രത്തെക്കുറിച്ചുള്ള അറിവിന്റെയും അഭാവത്തിൽ വികസിക്കുന്നതെല്ലാം വിദ്വേഷവും തെറ്റായ വിവരങ്ങളുമാണ്, അതുകൊണ്ടായിരിക്കാം രാജ്യത്തെ ഒരു വിഭാഗം ഇപ്പോൾ കഴിഞ്ഞ കാലത്തെ പഴിചാരുന്നത്, പ്രത്യേകിച്ചും മുഗൾ സാമ്രാജ്യത്തെ. ഇത് ഷായെ ദേഷ്യം പിടിപ്പിക്കുന്നതിനെക്കാൾ കൂടുതൽ ചിരിപ്പിക്കുന്നു.
രാജ്യം ഭരിക്കുന്ന സർക്കാരിലെ മന്ത്രിമാർ മുഗൾ കാലഘട്ടത്തെ നിരന്തരം അധിക്ഷേപിക്കുന്നു. ‘മുഗൾ കാലഘട്ടത്തിലെ’ പേരുകളുള്ള 40 ഗ്രാമങ്ങളുടെ പേര് മാറ്റാൻ ശ്രമിക്കുന്നത് മുതൽ രാഷ്ട്രപതി ഭവനിലെ ചരിത്രമുറങ്ങുന്ന മുഗൾ ഉദ്യാനത്തിന്റെ പേര് ‘അമൃത് ഉദ്യാൻ’ എന്ന് പുനർനാമകരണം ചെയ്യുന്നതുവരെ, ചരിത്രത്തെ മാറ്റിമറിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്.
“ഇത് എന്നെ ചിരിപ്പിക്കുന്നു, കാരണം ഇത് തീർത്തും പരിഹാസ്യമാണ്. ബാബറിന്റെ മുത്തച്ഛൻ തൈമൂറിനെയും നാദിർ ഷായെയും പോലുള്ള ക്രൂരന്മാരായ ആക്രമണകാരികളും അക്ബറും തമ്മിലുള്ള വ്യത്യാസം ആളുകൾക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. നാദിർഷായും തൈമൂറും കൊള്ളയടിക്കാൻ വന്നവരാണ്, മുഗളന്മാർ ഇവിടെ വന്നത് കൊള്ളയടിക്കാനല്ല. അവർ ഇവിടെ താമസിക്കാനാണ് വന്നത്, അതാണ് അവർ ചെയ്തതതും. ആർക്കാണ് അവരുടെ സംഭാവനകളെ നിഷേധിക്കാൻ കഴിയുക?”
തെറ്റുകളെല്ലാം മുഗളന്മാരുടേതാണെന്ന് വിശ്വസിക്കുന്നതായി തോന്നുന്ന രാജ്യത്തെ എങ്ങനെയാണ് കാണുന്നത് എന്ന ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിന്റെ ചോദ്യത്തിന് ഷാ യുടെ മറുപടി ഇങ്ങനെയായിരുന്നു:
എല്ലാ തിന്മകളുടെയും ആൾരൂപമാണ് മുഗളന്മാർ എന്ന ആശയം രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഒരാളുടെ അവബോധമില്ലായ്മയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തീർച്ചയായും, ഇന്ത്യയുടെ സംസ്‌കാരപാരമ്പര്യത്തിന്റെ പേരിൽ അവരെ മഹത്വവൽക്കരിക്കുന്നതിൽ ഒരു പരിധിവരെ ചരിത്രപുസ്തകങ്ങൾ മുഗളന്മാരോട് വളരെ ദയ കാണിച്ചിരിക്കാം, പക്ഷേ ചരിത്രത്തിലെ അവരുടെ കാലഘട്ടത്തെ ദുരന്തമായി തള്ളിക്കളയരുത്. ഷാ പറഞ്ഞു
“അവർ മാത്രമല്ല, നിർഭാഗ്യവശാൽ സ്കൂളിൽ, ചരിത്രം പ്രധാനമായും മുഗളന്മാരെക്കുറിച്ചോ ബ്രിട്ടീഷുകാരെക്കുറിച്ചോ ആയിരുന്നു. ഹാർഡി പ്രഭു, കോൺവാലിസ് പ്രഭു, മുഗൾ ചക്രവർത്തിമാർ എന്നിവരെ കുറിച്ച് നമ്മൾക്ക് അറിയാമായിരുന്നു, പക്ഷേ ഗുപ്ത രാജവംശത്തെക്കുറിച്ചോ മൗര്യ രാജവംശത്തെക്കുറിച്ചോ വിജയനഗര സാമ്രാജ്യത്തെക്കുറിച്ചോ അജന്ത ഗുഹകളുടെ ചരിത്രത്തെക്കുറിച്ചോ വടക്കുകിഴക്കിനെക്കുറിച്ചോ നമ്മൾക്ക് അറിയില്ല. ചരിത്രം എഴുതിയത് ഇംഗ്ലീഷുകാരോ ആംഗ്ലോഫൈലുകളോ ( ഇംഗ്ളണ്ടിനെയോ ബ്രിട്ടനെയോ ആരാധിക്കുന്നയാൾ) ആയതിനാൽ നമ്മൾക്ക് ഈ കാര്യങ്ങളൊന്നും വായിച്ചില്ല. അത് ശരിക്കും അന്യായമാണെന്ന് ഞാൻ കരുതുന്നു, ” ഷാ പറഞ്ഞു.
“അതിനാൽ ആളുകൾ പറയുന്നത് ഒരു പരിധിവരെ ശരിയാണ്. നമ്മുടെ പാരമ്പര്യത്തിന്റെ ചെലവിൽ മുഗളന്മാർ മഹത്വവൽക്കരിക്കപ്പെട്ടു. ഒരുപക്ഷേ അത് ശരിയായിരിക്കാം, (എന്നാൽ) അവരെ വില്ലനാക്കേണ്ട ആവശ്യവുമില്ല.” മുഗൾ സാമ്രാജ്യം ഇത്രയും പൈശാചികമായിരുന്നെങ്കിൽ അതിനെ എതിർക്കുന്നവർ എന്തുകൊണ്ട് അവർ നിർമ്മിച്ച സ്മാരകങ്ങൾ തകർക്കുന്നില്ലെന്ന് നസിറുദ്ദീൻ ഷാ ചോദിച്ചു.
“അവർ ചെയ്തതെല്ലാം ഭീകരമാണെങ്കിൽ, താജ്മഹൽ, ചെങ്കോട്ട, കുത്തബ് മിനാർ എന്നിവയെല്ലാം ഇടിച്ചുനിരത്തുക. ഒരു മുഗളൻ നിർമ്മിച്ച, ചെങ്കോട്ടയെ എന്തുകൊണ്ടാണ് നമ്മൾ പവിത്രമായി കണക്കാക്കുന്നത്, നമ്മൾ അവരെ മഹത്വവൽക്കരിക്കേണ്ടതില്ല, അധിക്ഷേപിക്കേണ്ട ആവശ്യവുമില്ല, “ഷാ പറഞ്ഞു.
ബൗദ്ധികമായ സംവാദത്തിന് ഇപ്പോൾ ഇടമുണ്ടോ എന്ന് ചോദ്യത്തിന്, “ഇല്ല, തീർത്തും ഇല്ല”, കാരണം സംവാദം എന്നത് ഒരുകാലത്തുമില്ലാത്തവിധം നിരാകരിക്കപ്പെട്ട നിലയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“ടിപ്പു സുൽത്താനെ അധിക്ഷേപിക്കുന്നു! ഇംഗ്ലീഷുകാരെ തുരത്താൻ ജീവൻ നൽകിയ മനുഷ്യൻ. (ഇപ്പോൾ പറഞ്ഞുവരുന്നത്), ‘നിങ്ങൾക്ക് ടിപ്പു സുൽത്താനെ വേണോ രാമക്ഷേത്രം വേണോ?’എന്നാണ്. ഇത് എന്തു തരം യുക്തിയാണ്? ഇവിടെ സംവാദത്തിന് ഇടമുണ്ടെന്ന് ഞാൻ കരുതുന്നില്ല, കാരണം അവർക്ക് ഒരിക്കലും എന്റെ കാഴ്ചപ്പാട് കാണാൻ കഴിയില്ല, എനിക്ക് അവരുടെ കാഴ്ചപ്പാടും,” അദ്ദേഹം പറഞ്ഞു .
അയോധ്യയിൽ രാമക്ഷേത്രം പണിയുകയും കാശി, കേദാർനാഥ്,ബദരീനാഥ് എന്നിവ വികസിപ്പിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ “ടിപ്പു സുൽത്താനെ മഹത്വപ്പെടുത്തുന്നവരെയോ” ഇതിൽ നിന്ന് ഒരാളെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തിരഞ്ഞെടുക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. ജനുവരിയിൽ ബെംഗളൂരുവിൽ ബിജെപി പ്രവർത്തകരുടെ കൺവെൻഷനിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

വിഭാഗീയതയുടെ കാലഘട്ടത്തിൽ, സീ 5ന്റെ പരമ്പരയായി താജ്: ഡിവൈഡഡ് ബൈ ബ്ലഡ് വരുന്നു. ഷാ അക്ബർ രാജാവായി അവതരിപ്പിക്കുന്ന സീരീസിൽ, മുഗൾ സാമ്രാജ്യത്തിന്റെ രാജസഭയിൽ നടന്ന “ആഭ്യന്തര പ്രവർത്തനങ്ങളെയും പിന്തുടർച്ച നാടകത്തെയും കുറിച്ചുള്ള ഒരു വെളിപ്പെടുത്തലിന്റെ കഥ” എന്നാണ് ഈ ഷോയെ വിശേഷിപ്പിക്കുന്നത്. കോൺടിലോയ് ഡിജിറ്റൽ നിർമ്മിക്കുന്ന, താജ് – ഡിവൈഡഡ് ബൈ ബ്ലെഡ്, യോഗ്യനായ ഒരു പിൻഗാമിയെ കണ്ടെത്താനുള്ള അന്വേഷണത്തിലിരിക്കുന്ന അക്ബർ രാജാവിന്റെ ഭരണം പിടിച്ചെടക്കുന്ന ശൈഖ് സലിം ചിസ്തിയായി ധർമ്മേന്ദ്ര വേഷമിടുന്നു.
ഈ മഹത്തായ രാജവംശത്തിന്റെ സൗന്ദര്യവും ക്രൂരതയും കാണിക്കുന്ന ഈ സീരിസ് തലമുറകളുടെ ഉയർച്ചയും തകർച്ചയും നാടകീയമായി അവതരിപ്പിക്കുന്നു. കല, കവിത, വാസ്തുവിദ്യ എന്നിവയോടുള്ള അവരുടെ അഭിനിവേശം, അതേസമയം അധികാരത്തിനായുള്ള കരുനീക്കങ്ങളിൽ സ്വന്തം കുടുംബത്തിനോടുപോലും സ്വീകരിക്കുന്ന ഹൃദയശൂന്യമായ നടപടികൾ എന്നിവയൊക്കെ സീരീസിലുൾപ്പെടുന്നു.
അനാർക്കലിയായി അദിതി റാവു ഹൈദരി, സലിം രാജകുമാരനായി ആഷിം ഗുലാത്തി, മുറാദ് രാജകുമാരനായി താഹ ഷാ, ദാനിയാൽ രാജകുമാരനായി ശുഭം കുമാർ മെഹ്‌റ, ജോധാ ബായി രാജ്ഞിയായി സന്ധ്യ മൃദുൽ, സലീമ രാജ്ഞിയായി സറീന വഹാബ്, മെഹർ ഉൻ നിസയായി സൗരസേനി മൈത്ര, മിർസ ഹക്കിം ആയി രാഹുൽ ബോസ് എന്നിവരും ഉൾപ്പെടുന്നു. സൈമൺ ഫാന്റൗസോ എഴുത്തുകാരനും റൊണാൾഡ് സ്കാൽപെല്ലോ സംവിധായകനുമായി താജിന്റെ ഷോ റണർ വില്യം ബോർത്ത്വിക്കാണ്. സീരീസ് മാർച്ച് മൂന്നിന് സീ 5ൽ സംപ്രേഷണം ചെയ്യും.
അഭിമുഖം തയാറാക്കിയത് ജസ്റ്റിൻ ജോസഫ് റാവു