‘കടയല്ല, സ്റ്റുഡിയോ,’ മഹേഷിന്റെ പ്രതികാരത്തിലെ ഈ ഒരൊറ്റ ഡയലോഗ് മതി ഭാവനാ അച്ചായന് ഫോട്ടോഗ്രഫിയോടുള്ള പാഷന്‍. മഹേഷിന് വെറും കച്ചവടമായിരുന്ന സ്റ്റുഡിയോ, ചാച്ചന് കലയായിരുന്നു. കെ.എല്‍ ആന്റണി എന്ന കലാകാരന്‍ വിട പറയുമ്പോള്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്ന ഓരോരുത്തരുടേയും മനസില്‍ ബാക്കിയാകുന്നത് ഇങ്ങനെ പലതാണ്.
‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെ, മലയാള സിനിമയിലേക്ക് വൈകി വന്ന വസന്തമായിരുന്നു ആ കലാകാരന്‍. ആ ചിത്രം കണ്ടവരാരും ചാച്ചന്‍ എന്ന കഥാപാത്രത്തെ മറക്കില്ല. ചാച്ചന്റെ വിയോഗത്തില്‍, വേദനയോടെ അദ്ദേഹത്തിന് വിട നല്‍കുകയാണ് ചിത്രത്തില്‍ മഹേഷായി എത്തിയ നടന്‍ ഫഹദ് ഫാസില്‍.
‘പല കാരണങ്ങള്‍ കൊണ്ടും, ഇത് വളരെ പെട്ടെന്നായിപ്പോയെന്ന് എനിക്ക് തോന്നുന്നു. നിങ്ങളെ കാണാനും അറിയാനും സാധിച്ചത് മനോഹരമായൊരു അനുഭവമായിരുന്നു. വിട, ആന്റണി സര്‍. അവിടെ വച്ച് കാണാം,’ ഫഹദ് കുറിച്ചു.
ഫഹദിനെ കൂടാതെ ആഷിഖ് അബു, ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, അപര്‍ണ ബാലമുരളി, ഉണ്ണിമായ പ്രസാദ് തുടങ്ങിയവരും കെ.എല്‍ ആന്റണിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ‘ഗപ്പി’ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആലപ്പുഴ പ്രൊവിഡന്‍സ് ആശുപത്രിയില്‍ കെ.എല്‍ ആന്റണിയെ പ്രവേശിപ്പിച്ചു. എന്നാല്‍ വൈകീട്ടോടെ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ എറണാകുളം ലിസി ആശുപത്രിയിലേക്ക് കൊണ്ടു വരികയായിരുന്നു. എന്നാല്‍ യാത്രക്കിടെ നില വഷളായതിനെ തുടര്‍ന്ന് ലേക്ക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 77 വയസായിരുന്നു.
നടിയായ ലീനയാണ് ഭാര്യ. ഇരുവരും ഒരുമിച്ച് നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. മാനുഷ പുത്രന്‍, ചങ്ങല, അഗ്‌നി, കുരുതി, ഇരുട്ടറ, തുടങ്ങിയ പ്രശസ്തങ്ങളായ നാടകങ്ങളില്‍ ആന്റണി ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു. എറണാകുളം ജില്ലയിലെ ഫോര്‍ട്ട് കൊച്ചിയാണ് സ്വദേശം. അമ്പിളി, ലാസര്‍ഷൈന്‍, നാന്‍സി എന്നിവര്‍ മക്കളാണ്. സംസ്‌കാരം ഞായറാഴ്ച നടക്കും.