ഗായകൻ കെകെയുടെ അപ്രതീക്ഷിതവിയോഗത്തിന്റെ നടുക്കത്തിലാണ് സംഗീതലോകം. കൊൽക്കത്തയിൽ ഗുരുദാസ് കോളേജ് ഫെസ്റ്റിന് നസ്‌റുൽ മഞ്ചയിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് കെകെ അസുഖബാധിതനായി ഹോട്ടലിലേക്ക് മടങ്ങിയത്. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊൽക്കത്തയിലെ സിഎംആർഐ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 53 വയസ്സായിരുന്നു കെകെയ്ക്ക്.
നസ്‌റുൽ മഞ്ചയിലെ പരിപാടിയ്ക്കിടയിൽ പകർത്തിയ കെകെയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ നൊമ്പരക്കാഴ്ചയായി മാറുന്നത്.
കെ കെ അവസാനമായി സ്റ്റേജിൽ പെർഫോം ചെയ്യുന്ന വീഡിയോ ആരാധകരും പങ്കുവയ്ക്കുന്നുണ്ട്. മരണത്തിനു ഏതാനും മണിക്കൂറുകൾക്ക് മുമ്പുള്ള വീഡിയോയിൽ കെകെ അങ്കോൻ മേ തേരി, ദിൽ ഇബാദത്ത്, അഭി അഭി തോ മൈൽ തുടങ്ങിയ ഗാനങ്ങങ്ങൾ ആലപിക്കുന്നത് കാണാം. കെകെയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ആരാധകരും വരികൾ ഏറ്റു പാടുന്നത് കാണാം.
സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ കെകെയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയാണ്. കെ കെ എന്നറിയപ്പെടുന്ന പ്രശസ്ത ഗായകൻ കൃഷ്ണകുമാർ കുന്നത്തിന്റെ ആകസ്മിക വിയോഗത്തിൽ ദുഖമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ആകർഷിക്കുന്നതായിരുന്നു ഹൃദയസ്പർശിയായ അദ്ദേഹത്തിന്റെ ഗാനങ്ങളെന്ന് പ്രധാനമന്ത്രി അനുശോചനകുറിപ്പിൽ പറയുന്നു.
ജിംഗിൾസ് പാടി കൊണ്ടാണ് കെകെ തന്റെ കരിയർ ആരംഭിച്ചത്. ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ, ഡൽഹിയിൽ പാട്ടുപാടി നടക്കുമ്പോൾ ഒരിക്കൽ ഹരിഹരൻ തന്നെ കണ്ടെന്നും അദ്ദേഹമാണ് മുംബൈയിലേക്ക് മാറാൻ തന്നെ പ്രോത്സാഹിപ്പിച്ചതെന്നും കെകെ പറഞ്ഞിരുന്നു.
ഹിന്ദി സിനിമകളിലെ അദ്ദേഹത്തിന്റെ ആദ്യ ഗാനം മാച്ചിസിന്റെ ‘ചോഡ് ആയേ ഹം വോ ഗലിയാൻ’ ആയിരുന്നു, എന്നിരുന്നാലും, ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിലെ സൽമാൻ ഖാന്റെ ‘തഡപ് തഡപ് കേ’ എന്ന ഗാനമാണ് കെകെയുടെ കരിയറിലെ വഴിത്തിരിവായത്.
ഹിന്ദി, മലയാളം, തമിഴ്, കന്നട, ബംഗാളി, മറാത്തി ഭാഷകളിലെല്ലാം കെകെ ഗാനം ആലപിച്ചിട്ടുണ്ട്. 1999ൽ കെ കെയുടെ ആദ്യ സംഗീത ആല്‍ബമായ പല്‍ പുറത്തിറങ്ങി.