കൊച്ചി: നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ‘ഉയരെ’യെ വാനോളം പുകഴ്ത്തി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സമൂഹമൊന്നാകെ കാണേണ്ട സിനിമയാണ് ‘ഉയരെ’ എന്ന് കെ.കെ.ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു. സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കാലിക പ്രശ്‌നങ്ങളാണ് ‘ഉയരെ’ എന്ന ചിത്രത്തില്‍ വിരല്‍ ചൂണ്ടുന്നതെന്ന് കെ.കെ.ശൈലജ പറഞ്ഞു. ലളിതമായ പ്രതിപാദനത്തിലൂടെ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കടുത്ത അസമത്വത്തെ കുറിച്ചാണ് സിനിമ സംസാരിക്കുന്നതെന്ന് പറഞ്ഞ മന്ത്രി സിനിമയുടെ അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും അഭിനന്ദിച്ചു.

Read More: Uyare Movie Review: അതിജീവനത്തിന്റെയും ആത്മബന്ധങ്ങളുടെയും ‘ഉയരെ’

പാർവ്വതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബോബി-സഞ്ജയ് തിരക്കഥയിൽ മനു അശോകൻ ഒരുക്കിയ ‘ഉയരെ’ മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ആസിഡ് ആക്രമണത്തെയും അബ്യൂസീഫ് ആയ ബന്ധം നൽകിയ ആഘാതത്തേയും അതിജീവിക്കുന്ന പല്ലവി എന്ന കഥാപാത്രമായാണ് പാർവ്വതി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

പല്ലവി എന്ന കഥാപാത്രത്തിലൂടെ പാര്‍വ്വതി മലയാളികളുടെ അഭിമാനമായെന്നും സൂപ്പര്‍ സ്റ്റാറുകളെന്ന് വിശേഷിപ്പിക്കുന്നവരുടെ പട്ടികയില്‍ ഒരടി മുകളിലാണെന്ന് പാര്‍വ്വതി തെളിയിച്ചെന്നും ‘ഉയരെ’ കണ്ട ശേഷം മന്ത്രി കെ.കെ.ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.

ഉയരെയെ കുറിച്ച് പാർവ്വതി പറഞ്ഞത്…

അതിജീവനത്തെ കുറിച്ച് രണ്ടു തവണ ചിന്തിക്കാത്ത ഒരാളാണ് പല്ലവി എന്നാണ് ‘ഉയരെ’യിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പാർവ്വതി നേരത്തെ പ്രതികരിച്ചത്. വേദനയെ കുറിച്ചും സഹനത്തെ കുറിച്ചുമെല്ലാം നമുക്ക് ചില കാഴ്ചപ്പാടുകളുണ്ട്. ഉള്‍വലിഞ്ഞ് ജീവിക്കുന്നവരും, അധികം സംസാരിക്കാതെ, ചുറ്റുപാടില്‍ നിന്നും ഒരു അകലം പാലിച്ചും ജീവിക്കാത്തവരൊന്നും വേദനിക്കുന്നവരല്ലെന്നൊരു ധാരണയുണ്ട്. എന്റെ കാര്യം തന്നെ ഉദാഹരണമായി എടുക്കാം. ഞാന്‍ ഒരുപാട് സംസാരിക്കും, ഉച്ചത്തില്‍ ചിരിക്കും, മുടി കളര്‍ ചെയ്യും, ഞാന്‍ ഒരുപാട് യാത്ര ചെയ്യും. പക്ഷെ എന്റെ ജീവിത്തില്‍ സംഭവിച്ച കാര്യങ്ങളെ അതിജീവിക്കാന്‍ എനിക്ക് സാധിക്കുന്നു എന്നതാണ്. ട്രോമ എന്നത് എന്റെ നിയന്ത്രണത്തില്‍ അല്ല. പക്ഷെ ഞാന്‍ എനിക്ക് ഇഷ്ടമുള്ളതുപോലെ എനിക്ക് സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്ത് ജീവിക്കുന്നു.

ഒന്ന് സ്വയം വിശലകലനം ചെയ്ത് നോക്കിയാല്‍ മതി. ട്രോമയിലൂടെ കടന്നു പോകുന്ന ഒരാളെ കാണുമ്പോള്‍ അയാള്‍ പൊട്ടിച്ചിരിക്കുകയാണെങ്കില്‍ ഒരു പരിധിവരെയൊക്കെ നമ്മള്‍ വിചാരിക്കും എന്തൊരു സന്തോഷമാണല്ലേ എന്ന്. പക്ഷെ അവര്‍ പൊട്ടിച്ചിരിക്കുക മാത്രമല്ല, അവര്‍ക്ക് ചെയ്യാനിഷ്ടമുള്ളതൊക്കെ ചെയ്യുന്നു. അത് കാണുമ്പോള്‍ നമ്മള്‍ കരുതും ഓഹ്, അപ്പോള്‍ അവര്‍ അത്രയൊന്നും അനുഭവിച്ചിട്ടുണ്ടാകില്ല എന്ന്. ട്രോമയിലൂടെ കടന്നു പോകുന്ന ആളുകള്‍ കാഴ്ചയിലും അങ്ങനെ തന്നെ ആയിരിക്കണം എന്നൊരു മുൻവിധി നമുക്കുണ്ട്. സഹനത്തെ കുറിച്ചുള്ള നമ്മുടെയൊരു കാഴ്ചപ്പാട് അതാണ്. എനിക്കും ഉണ്ടായിരുന്നു അത്തരം മുന്‍വിധികള്‍. അതാണ് പല്ലവി മാറ്റിയത്.

Read More: ‘ഉയരെ’യുടെ അമരക്കാര്‍: സംവിധായകനും തിരക്കഥാകൃത്തും സംസാരിക്കുന്നു

 

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook