ഗാനഗന്ധർവ്വൻ കെ ജെ യേശുദാസിന്റെ 83-ാം ജന്മദിനമാണ് ഇന്ന്. ആരാധകരും സിനിമാപ്രവർത്തകരും സാംസ്കാരിക കേരളവും ചേർന്ന് വലിയ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കൊച്ചിയിൽ പാടിവട്ടം അസീസിയ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ജന്മദിനാഘോഷ ചടങ്ങിൽ മമ്മൂട്ടിയാണ് മുഖ്യാതിഥിയായി എത്തുന്നത്. മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എം.പി., കളക്ടർ രേണുരാജ്, എ.ഡി.ജി.പി. അജിത് കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. ഉണ്ണി മേനോൻ, എം.ജി. ശ്രീകുമാർ, വിജയ് യേശുദാസ്, സുദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം ഗായികാ ഗായകന്മാർ യേശുദാസിന് ആശംസാ ഗീതാഞ്ജലി അർപ്പിക്കും.
സോഷ്യൽ മീഡിയയിൽ എങ്ങും പ്രിയഗായകനുള്ള ആശംസാപ്രവാഹമാണ്. അതിനിടയിൽ, ശ്രദ്ധ നേടുകയാണ് 44 വർഷങ്ങൾക്കു മുൻപുള്ള ഒരു വീഡിയോ. ശബരിമല അയ്യപ്പസന്നിധിയിൽ അയ്യനെ തൊഴുത് കൊണ്ട് പാട്ട് പാടുന്ന യേശുദാസിനെ വീഡിയോയിൽ കാണാം.
കട്ടപ്പറമ്പില്‍ ജോസഫ് യേശുദാസ് എന്ന ഗായകന്, സംഗീതത്തിനും ശബ്ദത്തിനുമൊക്കെയപ്പുറം, കേരളത്തിന്റെയും ലോകമെമ്പാടുമുള്ള മലയാളികളുടെയും സ്വത്വത്തിന്റെ ഭാഗമാണ്. കാലമേറെ കഴിഞ്ഞിട്ടും, ഗായകരേറെ പിറന്നിട്ടും യേശുദാസിന്റെ സ്ഥാനം മലയാളിയുടെ മനസ്സില്‍ സുസ്ഥിരം.
1940 ജനുവരി 10-ന് ഫോര്‍ട്ട് കൊച്ചിയില്‍ അഗസ്റ്റിന് ജോസഫിന്റെയും എലിസബത്തിന്റേയും മകനായി ജനിച്ച യേശുദാസ് അസമീസ്, കശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും പാടിയിട്ടുണ്ട്. ചലച്ചിത്ര സംഗീതലോകത്തു മാത്രമല്ല, കര്‍ണ്ണാടക സംഗീതരംഗത്തും ഈ അതുല്യഗായകന് തന്റെ അവിതര്‍ക്കമായ സാന്നിദ്ധ്യം അറിയിച്ചു.
1961 നവംബര്‍ 14നാണ് `കാല്പാടുകള്’ എന്ന ചിത്രത്തിനായി യേശുദാസ് ആദ്യം പാടുന്നത്. ചെന്നൈയിലെ ഭരണി സ്റ്റുഡിയോയില്‍ ആ ഗാനം റെക്കോർഡ് ചെയ്യുമ്പോൾ യേശുദാസിന് പ്രായം 21 വയസ്സ്. അവിടുന്ന് യേശുദാസ് നടന്നു കയറിയത് ആർക്കും പകരമാവാനാത്ത ഉയരങ്ങളിലേക്കാണ്. 8 ദേശീയ അവാർഡുകൾ, 47 സംസ്ഥാന പുരസ്കാരങ്ങൾ, പത്മവിഭൂഷൺ എന്നിങ്ങനെ നിരവധി പുരസ്കാരങ്ങളാണ് യേശുദാസിനെ തേടിയെത്തിയത്. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്ക്കാരം ഏറ്റവും കൂടുതല്‍ തവണ നേടിയ വ്യക്തിയെന്ന ബഹുമതിയും യേശുദാസിന് സ്വന്തമാണ്.