തളർന്നുപോയ അമ്മയെ കൈകളിലെടുത്ത് പ്രദക്ഷിണം വെയ്ക്കുന്ന മകനായി രജനീകാന്ത്. പശ്ചാത്തലത്തിൽ മാതൃസ്നേഹം നിറഞ്ഞൊഴുകുന്ന ആ വികാരനിർഭരമായ ഗാനം. ‘അമ്മാ എൻട്രഴൈക്കാത ഉയിരില്ലയേ… അമ്മാവേ വണങ്കാതെ ഉയർവില്ലയേ.. നേരിൽനിൻറ് പേശും ദൈവം.. പെറ്റ തായൻറി വേറൊൻറ് യേത്..’

‘അമ്മ എന്നു വിളിച്ചു കരയാത്ത ജീവനില്ല, അമ്മയെ വണങ്ങാതെ ഉയർച്ചയുമില്ല. നേരിട്ടു സംസാരിക്കുന്ന ഏകദൈവം അമ്മയല്ലാതെ മറ്റാര്?’ അതിമനോഹരമായ ആ വരികൾക്ക് ജീവൻ പകരുക എന്ന നിയോഗം കാലം ഏൽപ്പിച്ചത് മലയാളികളുടെ സ്വന്തം ഗാനഗന്ധർവ്വനെയായിരുന്നു. അമ്മയോടുള്ള സ്നേഹം മുഴുവൻ വാക്കുകളിലേക്കും സ്വരങ്ങളിലേക്കും ആവാഹിച്ച് യേശുദാസ് പാടിയപ്പോൾ പിറന്നത്, ഏതു കാലത്തും സംഗീതപ്രേമികളുടെ മനസ്സിൽ അനുരണനങ്ങൾ ഉണർത്താൻ ശേഷിയുള്ള ഒരപൂർവ്വ ഗാനമാണ്. ഇളയരാജയാണ് ഈ ഗാനത്തിന് സംഗീതം നൽകിയത്.

പി വാസുവിന്റെ സംവിധാനത്തിൽ രജനീകാന്തിനെ നായകനാക്കി ഒരുങ്ങിയ ‘മന്നനി’ലെ ഗാനം 27 വർഷങ്ങൾക്കിപ്പുറവും സംഗീതപ്രേമികളുടെ മനസ്സിൽ നിത്യഹരിതവസന്തത്തോടെ നിലനിൽക്കുകയാണ്. കഴിഞ്ഞ ദിവസം സിംഗപ്പൂരിൽ നടന്ന ‘വോയിസ് ഓഫ് ലെജന്റ്സ്’ എന്ന പരിപാടിയ്ക്കിടെ ലൈവായി ‘അമ്മാ എൻട്രഴൈക്കാത ഉയിരില്ലയേ…’ പാടുന്ന യേശുദാസിന്റെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 79-ാം വയസ്സിലും ഇടറാത്ത ആ നാദമാധുരിയെ കയ്യടികളോടെയാണ് സദസ്സ് വരവേറ്റത്. വർഷങ്ങൾ കഴിയുംതോറും ഈ പാട്ടിന്റെ അഴകു കൂടുകയാണല്ലോ എന്നാണ് ആരാധകരുടെ അഭിപ്രായം.

തന്റെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നാണിതെന്ന് യേശുദാസ് തന്നെ നിരവധി തവണ പറഞ്ഞിട്ടുള്ള ഗാനം കൂടിയാണ് ഇത്. ‘കണ്ണേ കലൈമാനേ’ എന്നു തുടങ്ങുന്ന ഗാനവും യേശുദാസ് സദസ്സിൽ ആലപിച്ചു.

Read more: എന്റെ ശബ്ദം കാത്തു സൂക്ഷിക്കുന്ന ഡയറ്റ്: യേശുദാസ് പറയുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook