വിഖ്യാത തമിഴ് ചലച്ചിത്രം ‘പുന്നഗൈ മന്നന്‍’ ഇക്കാലമത്രയും ചര്‍ച്ച ചെയ്യപ്പെട്ടത് ശ്രീലങ്കന്‍ പ്രശ്നത്തിന്‍റെ പശ്ചാത്തലത്തില്‍ പറഞ്ഞ ഒരു പ്രണയ കഥ എന്ന നിലയ്ക്കും അതിലെ നൃത്ത-സംഗീത അംശങ്ങളുടെ മികവിന്‍റെ അടിസ്ഥാനത്തിലുമാണ്. തമിഴ് സംവിധായകരില്‍ അഗ്രഗണ്യനായ കെ ബാലചന്ദര്‍ സംവിധാനം ചെയ്ത് കമല്‍ഹാസന്‍, രേവതി, ശ്രീവിദ്യ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളില്‍ എത്തിയ ചിത്രം തമിഴ് സിനിമാ ചരിത്രത്തിലെ തിളക്കമാര്‍ന്ന ഏടുകളില്‍ ഒന്നാണ്.
എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ‘പുന്നഗൈ മന്നന്‍’ റീവിസിറ്റ് ചെയ്യപ്പെട്ടത് മറ്റൊരു ചര്‍ച്ചയ്ക്ക് പുറത്താണ്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയ അഭിനേത്രി രേഖ, ചിത്രീകരണ സമയത്ത് താന്‍ നേരിട്ട ഒരു അനുഭവത്തെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് ‘പുന്നഗൈ മന്നനെ’ വീണ്ടും ചര്‍ച്ചകളില്‍ നിറയ്ക്കുന്നത്. ചിത്രത്തില്‍ കമല്‍ഹാസന്‍റെ കാമുകിയായി എത്തിയ രേഖ, അതിലെ വികാരനിര്‍ഭരമായ ഒരു ചുംബനരംഗത്തെക്കുറിച്ചാണ് പറഞ്ഞത്.
വീട്ടുകാരുടെ എതിര്‍പ്പ് കാരണം പ്രണയസാഫല്യമടയാന്‍ സാധിക്കാത്ത സേതുവും രജനിയും മരിക്കാന്‍ തീരുമാനമെടുക്കുന്നു. ഒരു വെള്ളച്ചാട്ടത്തില്‍ നിന്ന് താഴേക്ക് ചാടി ജീവന്‍ വെടിയുന്നതിനു തൊട്ടു മുന്‍പുള്ള, ജീവനും മരണത്തിനും സ്നേഹത്തിനും ഇടയിലുള്ള ചില നിമിഷങ്ങളിലാണ് അവര്‍ ചുംബിക്കുന്നത്. ഈ രംഗത്തിനു മുന്നോടിയായി വരുന്ന ‘എന്ന സത്തം ഇന്ത നേരം’ എന്ന മനോഹര ഗാനവും, അഭിനേതാക്കളുടെ പ്രകടനവും, അത് പകര്‍ത്തിയ രീതിയുമെല്ലാം കൊണ്ട് തീര്‍ത്തും സ്വാഭാവികമായ ഒരു രംഗം. തുടക്കക്കാരിയായ തനിക്ക് മികച്ച സിനിമാ അനുഭവങ്ങള്‍ പകര്‍ന്ന ചിത്രമാണ് ‘പുന്നഗൈമന്നന്‍’ എന്ന് പറയുമ്പോഴും ആ രംഗത്തെക്കുറിച്ച് തനിക്ക് സന്തോഷകരമല്ലാത്ത ഓര്‍മ്മകള്‍ ഉണ്ട് എന്നാണ് രേഖ വെളിപ്പെടുത്തിയത്.
“അതിരപ്പള്ളിയില്‍ ആയിരുന്നു ഷൂട്ടിംഗ്. കമല്‍ സാറിനെയും അപ്പോഴാണ് ആദ്യമായി കാണുന്നത്. അദ്ദേഹത്തിന്‍റെ (മുന്‍) പത്നി സരികയും അന്ന് ഒപ്പമുണ്ടായിരുന്നു.
ക്ലൈമാക്സ് രംഗത്തില്‍ ഞങ്ങള്‍ ഉയരത്തില്‍ നിന്നും ചാടുന്നതായുണ്ട്. സീന്‍ എടുക്കുന്നതിനു മുന്‍പായി സംവിധായകന്‍ ബാലചന്ദര്‍ സര്‍ ‘കമല്‍ ഞാന്‍ പറഞ്ഞത് ഓര്‍മ്മയുണ്ടാല്ലോ അല്ലേ?’ എന്ന് ചോദിച്ചു. ‘ഉണ്ട് സര്‍’ എന്ന് അദ്ദേഹം മറുപടിയും പറഞ്ഞു. തുടര്‍ന്ന് ക്യാമറ റോള്‍ ചെയ്തപ്പോള്‍ ചാടുന്നതിനു തൊട്ടു മുന്‍പായി, കമല്‍ സര്‍ എന്നെ ചുംബിക്കുകയായിരുന്നു. അത് കഴിഞ്ഞു ഞങ്ങള്‍ ചാടുന്നതായുള്ള രംഗവും,” കഴിഞ്ഞ വര്‍ഷം സിനിമാ വികടന്‍ എന്ന തമിഴ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ രേഖ പറഞ്ഞു.
ആ സിനിമ ചെയ്യുമ്പോള്‍ പത്താം തരം കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ എന്നും സിനിമയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു, അത് കൊണ്ട് തന്നെ പ്രേക്ഷകര്‍ ചുംബന രംഗം എങ്ങനെ സ്വീകരിക്കും എന്നതിനെക്കാള്‍ ഉപരി തന്‍റെ അച്ഛന്‍ വഴക്ക് പറയുമല്ലോ എന്ന ചിന്തയാണ് തനിക്ക് ഉണ്ടായിരുന്നത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
“അണിയറപ്രവര്‍ത്തകര്‍ ഈ ചിത്രീകരണത്തിനു പ്രത്യേക പ്രധാന്യമൊന്നും കൊടുത്തിരുന്നില്ല. പക്ഷേ എന്‍റെ അനുവാദമില്ലാതെ അത് ചെയ്തതിനു എന്‍റെ മനസ്സില്‍ വിഷമമുണ്ടായിരുന്നു. ചില ഇന്റര്‍വ്യൂകളിലൊക്കെ ഞാന്‍ ഇത് പറഞ്ഞിട്ടുണ്ട്, അത് കമല്‍ സാറിനേയും ബാലചന്ദര്‍ സാറിനേയും അസ്വസ്ഥപ്പെടുത്തിയിട്ടുണ്ടുമുണ്ടാകാം.”
അഭിമുഖത്തിന്‍റെ ചില ഭാഗങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രച്ചരിച്ചതിന്റെ ഭാഗമായും, ലൈംഗികആരോപണങ്ങള്‍ക്ക് വിധേയനായ ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വെ വൈന്‍സ്റ്റൈന്‍ ശിക്ഷിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലും കമല്‍ഹാസന്‍ രേഖയോട് മാപ്പ് പറയണം എന്ന ആവശ്യം ശക്തമാകുന്നു. ‘പുന്നഗൈ മന്നന്‍റെ’ സംവിധായകനും സിനിമയില്‍ കമലിന്റെ ഗുരുവുമായ കെ ബാലചന്ദര്‍ 2014ല്‍ അന്തരിച്ചു.
തീര്‍ത്തും യാദൃശ്ചികമാണെന്ന് തന്നെ പറയാം, ബോളിവുഡ് താരം രേഖയ്ക്കും സമാനമായ ഒരു സംഭവം നേരിടേണ്ടി വന്നിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രേഖയും അന്ന് പതിനഞ്ചു കടന്നിട്ടേയുള്ളൂ.
‘രേഖ: ദി അൺടോൾഡ് സ്റ്റോറി’ എന്ന പുസ്തകത്തിൽ, യസീർ ഉസ്മാൻ ആണ് സംഭവം വെളിച്ചത്ത് കൊണ്ട് വരുന്നത്. ‘അന്‍ജാനാ സഫര്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിന്‍റെ ഭാഗമായി സംവിധായകൻ രാജാ നവാതെയുടെ നിര്‍ദ്ദേശ പ്രകാരം നായകന്‍ ബിസ്വജീത് രേഖയുടെ അറിവോ സമ്മതമോ ഇല്ലാതെ ചുംബിച്ചതായാണ് യസീർ ഉസ്മാൻ വിവരിക്കുന്നത്. ഏതാണ്ട് അഞ്ചു മിനിറ്റോളം നീണ്ട ഒരു ചുംബനം രേഖയെ കണ്ണീരിലാഴ്ത്തിയെന്നും, യൂണിറ്റ് അംഗങ്ങൾ അപ്പോള്‍ ചിരിക്കുകയും വിസിലടിക്കുകയും ചെയ്തു എന്നും യസീർ ഉസ്മാന്‍ തന്‍റെ പുസ്തകത്തില്‍ പറയുന്നു.
“മുംബൈയിലെ മെഹബൂബ് സ്റ്റുഡിയോയില്‍ ‘അന്‍ജാനാ സഫറിന്റെ’ ചിത്രീകരണം നടക്കുകയായിരുന്നു. രേഖയും ബിസ്വജീത്തും തമ്മിലുള്ള ഒരു പ്രണയരംഗമായിരുന്നു അന്ന് ചിത്രീകരിക്കേണ്ടിയിരുന്നത്. എങ്ങനെ അതെടുക്കണം എന്ന് നേരത്തേ തീരുമാനിച്ചിരുന്നു. ‘ആക്ഷന്‍’ എന്ന് സംവിധായകന്‍ പറഞ്ഞതും ബിസ്വജീത്ത് രേഖയെ തന്‍റെ കരവലയത്തിലാക്കി അവരുടെ ചുണ്ടില്‍ ചുണ്ട് ചേര്‍ത്തു. രേഖ സ്തബ്ധയായിപ്പോയി. ചുംബനത്തെക്കുറിച്ച് അവരോട് മുന്‍കൂട്ടി പറഞ്ഞിട്ടില്ലായിരുന്നു. ക്യാമറ റോള്‍ ചെയ്തു കൊണ്ടേയിരുന്നു. ‘കട്ട്’ പറയാതെ സംവിധായകനും നായകനും തങ്ങളുടെ ജോലി തുടര്‍ന്ന് കൊണ്ടേയിരുന്നു. ആ അഞ്ചു മിനിറ്റും ബിസ്വജീത് രേഖയെ ചുംബിക്കുകയായിരുന്നു. യൂണിറ്റ് അംഗങ്ങള്‍ വിസിലടിക്കുകയും കൂക്കി വിളിക്കുകയും ചെയ്തു കൊണ്ടിരുന്നു. കണ്ണുനീര്‍ കൊണ്ട് നിറഞ്ഞ കണ്ണുകള്‍ ഇറുക്കിയടച്ചിരുന്നു രേഖ.”
അന്ന് നടന്നത് സംവിധായകന്‍ രാജാ നവാതെയുടെ ഐഡിയ ആയിരുന്നു എന്ന് പിന്നീട് ബിസ്വജീത് വെളിപ്പെടുത്തി. പെട്ടന്ന് ചുംബിക്കപ്പെടുമ്പോഴുള്ള ‘സര്‍പ്രൈസ്’ പകര്‍ത്താനായാണ് അങ്ങനെ ചെയ്യാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടത് എന്നും അതില്‍ തനിക്ക് യാതൊരു പങ്കുമില്ല എന്നും ബിസ്വജീത് കൂട്ടിച്ചേര്‍ത്തു; തന്‍റെ സന്തോഷത്തിനു വേണ്ടിയല്ല, സിനിമയ്ക്ക് വേണ്ടിയാണ് അത് ചെയ്തത് എന്നും.
Read Here: When a 15- year-old Rekha was allegedly molested by actor Biswajeet