scorecardresearch

Kishkindha Kaandam Review: കുറ്റമറ്റ തിരക്കഥ, മികച്ച കാഴ്ചാനുഭവം; കിഷ്‌കിന്ധാ കാണ്ഡം റിവ്യൂ

Kishkindha Kaandam Review: കുറ്റമറ്റ തിരക്കഥ, അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങൾ, പല അടരുകളിൽ അനുഭവവേദ്യമാവുന്ന കാഴ്ചാനുഭവം.... മലയാളത്തിൽ സമീപകാലത്തിറങ്ങിയ ഏറ്റവും മികച്ച സിനിമകളിൽ ഒന്നെന്ന് നിസ്സംശയം പറയാവുന്ന ചിത്രമാണ് 'കിഷ്‌കിന്ധാ കാണ്ഡം'

Kishkindha Kaandam Review: കുറ്റമറ്റ തിരക്കഥ, അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങൾ, പല അടരുകളിൽ അനുഭവവേദ്യമാവുന്ന കാഴ്ചാനുഭവം.... മലയാളത്തിൽ സമീപകാലത്തിറങ്ങിയ ഏറ്റവും മികച്ച സിനിമകളിൽ ഒന്നെന്ന് നിസ്സംശയം പറയാവുന്ന ചിത്രമാണ് 'കിഷ്‌കിന്ധാ കാണ്ഡം'

author-image
Dhanya K Vilayil
New Update
Kishkindha Kaandam Review

Kishkindha Kaandam Movier Review & Rating: ആദ്യം മുതൽ അവസാനം വരെ ദുരൂഹതകൾ ഒളിപ്പിച്ചുവച്ച്, സസ്പെൻസ് നിറച്ച്, ഒടുവിൽ മനസ്സിനെ പിടിച്ചുകുലുക്കുന്ന ചില യാഥാർത്ഥ്യങ്ങളിലേക്ക് പ്രേക്ഷകരെ ലാൻഡ് ചെയ്യിക്കുന്ന ചിത്രമാണ് ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത 'കിഷ്‌കിന്ധാ കാണ്ഡം'. ചിത്രം കണ്ടിറങ്ങിയാലും പ്രേക്ഷകർക്കുള്ളിൽ കണ്ടകാഴ്ചകൾ വീണ്ടും വീണ്ടും  മിന്നിമറഞ്ഞുപോവും. നോവു പടർത്തി എന്തോ ഒന്ന് മനസ്സിൽ പിടയും. അത്തരത്തിൽ സിനിമയുടേതായൊരു മാജിക് സമ്മാനിക്കുന്നുണ്ട് കിഷ്കിന്ധാകാണ്ഡം.

Advertisment

റിസർവ് ഫോറസ്റ്റിനോട് ചേർന്ന് ഒറ്റപ്പെട്ടു കിടക്കുന്ന പഴയൊരു വീട്. സൈനികനായി വിരമിച്ച അപ്പു പിള്ളയും മകൻ അജയനുമാണ് ആ വീട്ടിലെ താമസക്കാർ. വളരെ പരുക്കനും ആളുകൾക്ക് അത്ര വേഗം പിടികൊടുക്കാത്തയാളുമാണ് അപ്പു പിള്ള. അജയന്റെ വധുവായി അപർണ വീട്ടിലേക്ക് എത്തുകയാണ്.  അപ്പു പിള്ളയുടെ രീതികളെയും സ്വഭാവത്തെയുമെല്ലാം അത്ഭുതത്തോടെയും കൗതുകത്തോടെയും അൽപ്പം സംശയത്തോടെയും അപർണ നിരീക്ഷിച്ചു തുടങ്ങുന്നിടത്തു നിന്നുമാണ് നിഗൂഢതകളുടെ ചുരുളഴിഞ്ഞു തുടങ്ങുന്നത്. ആ വീടിന്റെയും അപ്പു പിള്ളയുടെയും ഭൂതകാലത്തിലെ ചില വേദനിപ്പിക്കുന്ന സത്യങ്ങളിലേക്കാണ് സംവിധായകൻ കാഴ്ചക്കാരെ കൂട്ടികൊണ്ടുപോവുന്നത്. 

സമ്മിശ്ര വികാരങ്ങളിലൂടെ കടന്നുപോവുന്ന അജയനായി മികച്ച പ്രകടനമാണ് ആസിഫ് അലി കാഴ്ച വയ്ക്കുന്നത്. 'കക്ഷി അമ്മിണിപ്പിള്ള'യിലൂടെ ആസിഫിന് അഭിനയപ്രാധാന്യമുള്ളൊരു വേഷം സമ്മാനിച്ച സംവിധായകൻ ദിൻജിത്ത് അയ്യത്താൻ. വീണ്ടും ആസിഫുമായി കൈകോർക്കുമ്പോൾ, ആസിഫിലെ നടന്റെ സാധ്യതകളെ ഏറ്റവും മനോഹരമായി തന്നെ പുറത്തെടുക്കുന്നുണ്ട് ദിൽജിത്ത്. 

അപ്പു പിള്ളയെന്ന മിസ്റ്ററി മനുഷ്യനെ വിജയരാഘവനേക്കാൾ മനോഹരമായി മറ്റാർക്കെങ്കിലും പോർട്രൈ ചെയ്യാനാവുമെന്ന് തോന്നുന്നില്ല. കാഴ്ചക്കാരുടെ ഉള്ളിലും നോവായി മാറുകയാണ് അപ്പു പിള്ള. അന്വേഷണകുതുകിയായ അപർണയെന്ന കഥാപാത്രത്തെ അപർണ ബാലമുരളിയും മികച്ചതാക്കിയിരിക്കുന്നു. ജഗദീഷ്, അശോകൻ, നിഷാൻ, നിഴൽകൾ രവി,കോട്ടയം രമേഷ്, മാസ്റ്റർ ആരവ്, വൈഷ്ണവി രാജ്, ഷെബിൻ ബെൻസൺ  എന്നിവരും ശ്രദ്ധേയ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. 

Advertisment

തിരക്കഥ തന്നെയാണ് ചിത്രത്തിലെ സൂപ്പർസ്റ്റാർ. ശക്തമായ ഒരു തിരക്കഥ എങ്ങനെയാണ് ഒരു ചിത്രത്തിന്റെ നട്ടെല്ലായി മാറുക എന്നു കൂടിയാണ് കിഷ്കിന്ധാകാണ്ഡം കാണിച്ചുതരുന്നത്. നിഗൂഢതയും സസ്പെൻസുമെല്ലാം നിലനിർത്തി,  കഥാപാത്രങ്ങൾക്കെല്ലാം കൃത്യമായ സ്പേസ് നൽകി കൊണ്ട് പഴുതുകൾക്കിട നൽകാതെയാണ് തിരക്കഥയുടെ പ്രയാണം. കാഴ്ചക്കാരെ ത്രില്ലടിപ്പിക്കുക മാത്രമല്ല ചിത്രം ചെയ്യുന്നത്, ജീവിതാവസ്ഥകളുടെ പല തലങ്ങളിലേക്കു സഞ്ചരിക്കുന്ന ചിത്രം പല അടരുകളിൽ വായിച്ചെടുക്കാവുന്ന ഒന്നാണ്. ഹനുമാനും സുഗ്രീവനും ഒഴികെ സകല വാനരപ്പടയും ചുറ്റികറങ്ങുന്ന ആ പരിസരവും ചിത്രത്തിലെ വികൃതികുട്ടിയുമൊക്കെ ചിത്രത്തിനു 'കിഷ്‌കിന്ധാ കാണ്ഡം' എന്ന പേരു എന്തുകൊണ്ട്  നൽകി എന്നുള്ളതിനുള്ള ഉത്തരമാണ്. ബാഹുൽ രമേശാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുക മാത്രമല്ല ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതും ബാഹുൽ രമേശാണ് തന്നെ.  

തിരക്കഥയുടെ ആത്മാവിനെ അതുപോലെ ഉൾകൊണ്ട് പകർത്തുന്നതിൽ സംവിധായകൻ ദിൻജിത്ത് അയ്യത്താനും വിജയിച്ചിട്ടുണ്ട്. മറക്കാന്‍ ആ​ഗ്രഹിക്കുന്ന ഭൂതകാലത്തെ ഉള്ളില്‍ ഒളിപ്പിച്ചു പിടയുന്ന മകനും ഇനി തനിക്കെന്തെങ്കിലും തെറ്റുപ്പറ്റികാണുമോ എന്ന് ആയിരമാവർത്തി സ്വയം അന്വേഷിച്ചുകൊണ്ടിരിക്കുന്ന അച്ഛനും പ്രേക്ഷകരുടെ ഉള്ളുതൊടുക തന്നെ ചെയ്യും. 

കഥയ്ക്ക് ആവശ്യമായ മിസ്റ്ററി ഫീൽ നിലനിർത്തുന്നതിൽ സിനിമോട്ടോഗ്രാഫിയ്ക്കും ചിത്രത്തിന്റെ ലൊക്കേഷനും വലിയ പ്രാധാന്യമുണ്ട്. റിസർവ് ഫോറസ്റ്റിനോട് ചേർന്നുകിടക്കുന്ന ആ വീടും പരിസരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ്. സൂരജ് ഇ എസ് ആണ് ചിത്രത്തിന്റെ എഡിറ്റർ. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് മുജീബ് മജീദാണ്. ഗുഡ്‌വിൽ എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറിൽ ജോബി ജോർജ്ജ് ആണ് സിനിമയുടെ നിര്‍മാണം. 

കുറ്റമറ്റ തിരക്കഥ, അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങൾ, പല അടരുകളിൽ അനുഭവവേദ്യമാവുന്ന കാഴ്ചാനുഭവം.... മലയാളത്തിൽ സമീപകാലത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നെന്ന് നിസ്സംശയം പറയാവുന്ന ചിത്രമാണ് 'കിഷ്‌കിന്ധാ കാണ്ഡം'. തീർച്ചയായും കണ്ടിരിക്കേണ്ട ഒന്ന്. ധൈര്യമായി ടിക്കറ്റെടുക്കാം, ഈ ചിത്രം നിങ്ങളെ നിരാശരാക്കില്ല. 

Asif Ali Aparna Balamurali Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: