/indian-express-malayalam/media/media_files/uploads/2023/09/King-of-Kotha-OTT-Release-Date.jpg)
King of Kotha gets OTT release: Where to watch Dulquer Salmaan film
King of Kotha OTT Release Date: ഈ വർഷത്തെ ഓണം റിലീസായി തിയേറ്ററിൽ എത്തിയ ചിത്രമാണ് ദുൽഖർ സൽമാൻ നായകനായ 'കിംഗ് ഓഫ് കൊത്ത.' സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് 'കിംഗ് ഓഫ് കൊത്ത' സംവിധാനം ചെയ്തത്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ.
ചതികളിൽ ഇടറി രാജ്യം ഉപേക്ഷിച്ചുപോയ കൊത്തയുടെ രാജാവിന്റെ കഥയും കാലത്തിന്റെ കണക്കുതീർക്കലുമാണ് സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റചിത്രമായ കിംഗ് ഓഫ് കൊത്ത പറയുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ആളുകളെ കൊന്നു തള്ളിയിരുന്ന സ്ഥലമാണ് കൊത്ത. കാലക്രമേണ അവിടം ക്രിമിനലുകളുടെ സങ്കേതമായി മാറുന്നു. ഗുണ്ടാ വിളയാട്ടത്തിന്റയും കിരീടം വയ്ക്കാത്ത രാജാക്കന്മാരുടെയും ഏറെ കഥകൾ പറയാനുണ്ട് കൊത്തയ്ക്ക്.
തൊണ്ണൂറുകളുടെ പകുതിയിൽ അവിടേക്ക് പണിഷ്മെന്റ് ട്രാൻസ്ഫർ കിട്ടിയെത്തുകയാണ് ഷാഹുൽ ഹസൻ എന്ന സർക്കിൾ ഇൻസ്പെക്ടർ. കൊത്തയുടെ ഭൂതവും വർത്തമാനും ചികഞ്ഞിറങ്ങുന്ന ഷാഹുൽ ഹസനിലൂടെയാണ് കിംഗ് ഓഫ് കൊത്തയുടെ കഥ വികസിക്കുന്നത്. ഒരു കാലത്ത് കൊത്തയുടെ ആത്മാവായിരുന്നു രാജു (ദുൽഖർ സൽമൻ). കൊത്തയിലെ കിരീടം വയ്ക്കാത്ത രാജാവ്. കെട്ടവനാണെങ്കിലും നാട്ടുകാർക്ക് പരോപകാരി ആയതിനാൽ നല്ലവൻ ഇമേജിൽ തിളങ്ങുന്ന രാജുവിന്റെയും അയാളുടെ ഏഴംഗ ടീമിന്റെയും പ്രതാപകാലം. എന്നാൽ ഒരു ഘട്ടം എത്തുമ്പോൾ ആത്മസുഹൃത്തുക്കളായ രാജുവും കണ്ണനും തെറ്റുന്നു. പിന്നീട് അങ്ങോട്ട് കൊത്ത വാഴുന്നത് കണ്ണൻ ഭായ് ആണ്. മുള്ളിനെ മുള്ളു കൊണ്ടെടുക്കുക എന്ന നാടൻ ശൈലി പഴറ്റാൻ ഷാഹുൽ ശ്രമിക്കുന്നതോടെ കൊത്ത പിന്നെയും പകയുടെയും ഏറ്റുമുട്ടലിന്റെയും ചൂടറിയുകയാണ്.
ദുൽഖറിനൊപ്പം ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്‍മി, നൈല ഉഷ, ശാന്തി കൃഷ്‍ണ, അനിഖാ സുരേന്ദ്രൻ എന്നിവരും ചിത്രത്തിലുണ്ട്. സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. 'കിംഗ് ഓഫ് കൊത്ത'യുടെ ഛായാഗ്രഹണം നിമിഷ് രവിയാണ്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം രാജശേഖർ, സ്ക്രിപ്റ്റ് അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ ശ്യാം ശശിധരൻ, കൊറിയോഗ്രാഫി ഷെറീഫ്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആണ് 'കിംഗ് ഓഫ് കൊത്ത'യുടെ ഒടിടി അവകാശം സ്വന്തമാക്കിയത്. സെപ്‍തംബര്‍ 29ന് ചിത്രം ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.