King Fish OTT: അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമായെത്തിയ കിങ് ഫിഷ് ഒടിടിയിലെത്തി. ഒടിടി പ്ലാറ്റ്‌ഫോമായ സൺ നെക്സ്റ്റിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഒക്ടോബർ 15നാണ് കിങ് ഫിഷ് ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചത്.
കൺട്രി റോഡ്സ് ടേക്ക് മി ഹോം എന്ന ടാഗ് ലൈനോട് കൂടി എത്തിയ കിങ് ഫിഷിൽ അനൂപ് മേനോനെ കൂടാതെ നിരഞ്ജന അനൂപ്, സംവിധായകൻ രഞ്ജിത്ത്, ദുർഗ കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പത്മയ്ക്കു ശേഷം അനൂപ് മേനോന്റെ സംവിധാനത്തിൽ എത്തിയ രണ്ടാമത്തെ ചിത്രമാണിത്.
നഗരത്തിലെ പ്രധാന റിയൽ എസ്റ്റേറ്റ് ഡീലർ ആണ് ഭാസ്കര വർമ. സൗഹൃദങ്ങളും പുസ്തകങ്ങളും ബാച്ചലർ ലൈഫ് ആഹ്ലാദങ്ങളും ഒക്കെയായി അയാൾ ജീവിതം ആസ്വദിക്കുകയാണ്. ഇതിനിടയിൽ ദുരൂഹത നിറഞ്ഞ എന്തൊക്കെയോ പണമിടപാടുകൾ, ഗുണ്ടാ ബന്ധങ്ങൾ ഒക്കെ അയാൾക്കുണ്ട്. അപ്രതീക്ഷിതമായി അയാളുടെ, ഏറെ കാലമായി പിരിഞ്ഞ, അയാളെ വളർത്തിയ അമ്മാവൻ ദശരഥ വർമ വലിയ സ്വത്ത് വാഗ്ദാനം ചെയ്ത് അയാളെ നാട്ടിലേക്ക് തിരിച്ചു വിളിക്കുന്നു. വളരെ തീവ്രമായ ആത്മബന്ധവും അതിലേറെ ശത്രുതയും അമ്മാവനോട് സൂക്ഷിക്കുന്ന അയാൾക്ക് ആ തിരിച്ചു വിളിക്കലിൽ എന്തൊക്കെയോ ദുരൂഹതകൾ അനുഭവപ്പെടുന്നു. അയാൾ തന്‍റെ പഴയ തറവാട്ടിൽ എത്തുന്നതും തുടർന്ന് അവിടെ നടക്കുന്ന സംഭവങ്ങളും ഒക്കെയാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. അനൂപ് മേനോൻ ഭാസ്കര വർമയാവുമ്പോൾ ദശരഥ വർമയായി രഞ്ജിത്ത് സ്‌ക്രീനിൽ എത്തുന്നു. ഇവർക്കിടയിലെ സ്നേഹ വിദ്വേഷങ്ങൾക്കിടയിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്.