വാഷിങ്ടണ്‍: പ്രമുഖ അമേരിക്കന്‍ മോഡലായ കിം കര്‍ദാഷിയാന്റെ അപേക്ഷയെ തുടര്‍ന്ന് തടവിലാക്കപ്പെട്ട സ്ത്രീയുടെ ശിക്ഷ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലഘൂകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. ദയാവായ്പ് നല്‍കാനുള്ള തന്റെ ഭരണഘടനാപരമായ അധികാരം ഉപയോഗപ്പെടുത്തിയായിരുന്നു ട്രംപ് ഇളവ് നല്‍കിയത്. ലഹരി മരുന്ന് ഉപയോഗത്തെ തുടര്‍ന്ന് തടവിലാക്കപ്പെട്ട ടെന്നസിയില്‍ നിന്നുള്ള ആലിസ് മേരി ജോണ്‍സണ്‍ എന്ന 63കാരിയുടെ ശിക്ഷ ഇളവ് ചെയ്യണമെന്നായിരുന്നു കിം കര്‍ദാഷിയാന്‍ അപേക്ഷിച്ചിരുന്നത്.

തുടര്‍ന്ന് ട്രംപ് കിമ്മിനെ വൈറ്റ് ഹൗസില്‍ കഴിഞ്ഞ മെയ് മാസം വിളിച്ചു വരുത്തി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ആലിസ് മേരിയുടെ ശിക്ഷ ഇളവ് ചെയ്യുന്നത് സംബന്ധിച്ച് സംസാരിക്കാനായി തന്നെ ആദ്യമായി ട്രംപ് വിളിച്ചപ്പോള്‍ താന്‍ നഗ്നയായിരുന്നു എന്നാണ് കിം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ജിമ്മി കിമ്മല്‍ ലൈവ് ഷോയിലാണ് കിം വെളിപ്പെടുത്തല്‍ നടത്തിയത്. അമേരിക്കന്‍ ഫൊട്ടോഗ്രാഫറായ സ്റ്റീവന്‍ ക്ലൈനിനായി നഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു താനെന്നാണ് കിം പറഞ്ഞത്.

‘സ്റ്റീവനെ അറിയുന്നവര്‍ക്ക് ഊഹിക്കാവുന്നതേയുളളൂ, അന്ന് ഒരു നഗ്ന ഫോട്ടോ ഷൂട്ട് നടത്തുകയായിരുന്നു. അപ്പോഴാണ് ഫോണ്‍ റിങ് ചെയ്തത്. ഉടന്‍ തന്നെ എനിക്കൊരു വസ്ത്രം വേണമെന്ന് ഞാന്‍ നിലവിളിച്ചു’, 37കാരിയായ കിം പറഞ്ഞു. കിം നഗ്നയായിരുന്നോ എന്ന് ട്രംപിന് അറിയാമായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു കിമ്മിന്റെ മറുപടി. അത് അറിഞ്ഞിരുന്നെങ്കില്‍ ജയിലിലെ എല്ലാ വനിതാ ജയില്‍പുള്ളികളേയും ട്രംപ് വിട്ടയക്കുമായിരുന്നു എന്നായിരുന്നു ജിമ്മി കിമ്മല്‍ തമാശയായി പറഞ്ഞത്. താന്‍ നഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് നിര്‍ത്താന്‍ തയ്യാറല്ലെന്നും കിം കൂട്ടിച്ചേര്‍ത്തു.

കിം കര്‍ദാഷിയാനുമായി കൂടിക്കാഴ്ച നടത്തിയതായി ട്രംപ് മെയ് മാസം ട്വീറ്റ് ചെയ്തിരുന്നു. പണം തട്ടിപ്പും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് 20 വര്‍ഷമായി തടവില്‍ കഴിയുകയായിരുന്ന ആലിസിന്റെ കേസായിരുന്നു കിം ട്രംപിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി ജയിലില്‍ കഴിയുന്ന ആലിസ് മാതൃകാ തടവുകാരിയാണെന്നാണ് വൈറ്റ് ഹൗസ് വക്താവ് സാറ സാന്‍ഡേഴ്സ് ഇതിന് പിന്നാലെ അറിയിച്ചത്.

‘കുറ്റകൃത്യത്തിനെതിരേ ട്രംപ് ഭരണകൂടം കടുത്ത നിലപാടാണ് പുലര്‍ത്തിയിട്ടുള്ളത്. ജയിലില്‍ കിടക്കവെ സമൂഹത്തോട് ഇതിനോടകം തന്നെ തങ്ങളുടെ പ്രതിബദ്ധത തെളിയിച്ച തടവുപുള്ളികള്‍ രണ്ടാമതൊരവസരം അര്‍ഹിക്കുന്നു’ എന്നും സാന്‍ഡേഴ്സ് അറിയിച്ചു. എന്നാല്‍ കീഴ്‌വഴക്കമില്ലാത്ത രീതിയില്‍ സംശയം ജനിപ്പിക്കുന്ന തരത്തിലാണ് വിഷയം ട്രംപിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതെന്നാണ് അഭിഭാഷകയായ മാര്‍ഗരറ്റ് ലവിന്റെ ആരോപണം. ചരിത്രത്തില്‍ ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടേയില്ല. കര്‍ദാഷിയാന്‍ സ്വാധീനം ചെലുത്തിയാണ് ഇക്കാര്യം സാധിച്ചെടുത്തതെന്നും ഇവര്‍ ആരോപിക്കുന്നു

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ