മലയാളികളെ കുടുകുടാ ചിരിപ്പിച്ച മലയാളചിത്രങ്ങളിൽ ഒന്നാണ് കിലുക്കം. എത്ര കണ്ടാലും മടുക്കാതെ ഇപ്പോഴും പ്രിയപ്പെട്ട സിനിമകളുടെ ലിസ്റ്റിൽ മലയാളി സൂക്ഷിക്കുന്ന ചിത്രം കൂടിയാണ് ‘കിലുക്കം’. മോഹൻലാൽ, ജഗതി ശ്രീകുമാർ, രേവതി, തിലകൻ, ഇന്നസെന്റ്, മുരളി തുടങ്ങിയ വൻ താരനിരയെ അണിനിരത്തി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം റിലീസ് ആയതിന്റെ 30 -ാം വാർഷികമായിരുന്നു ഇന്നലെ. തിയറ്ററുകളിൽ ചിരി പടർത്തി 300ൽ ഏറെ ദിവസമാണ് ചിത്രം ഓടിയത്.
ഇപ്പോഴിതാ, ചിത്രവുമായി ബന്ധപ്പെട്ട ഒരു അണിയറക്കാര്യമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. കിലുക്കത്തിൽ രേവതിയ്ക്ക് പകരം അഭിനയിക്കേണ്ടിയിരുന്നത് മറ്റൊരു നടിയായിരുന്നു എന്നാണ് പഴയൊരു പത്രറിപ്പോർട്ട് സൂചിപ്പിക്കുന്നത്. അമലയെ ആയിരുന്നു പ്രിയദർശൻ ചിത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്യപ്പെട്ട നായിക. എന്റെ സൂര്യപുത്രിയ്ക്ക്, ഉള്ളടക്കം തുടങ്ങിയ മലയാളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളത്തിൽ അമല സജീവമായി നിൽക്കുന്ന സമയം ആയിരുന്നു അത്.

എന്നാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോയപ്പോൾ അമലയ്ക്ക് അസൗകര്യങ്ങൾ ഉണ്ടാവുകയും പകരം രേവതിയെ നായികയായി നിശ്ചയിക്കുകയുമായിരുന്നു.
Read more: രേവതി എറിഞ്ഞ കല്ല് ജഗതിയുടെ ശരീരത്തില്‍ കുത്തിക്കയറി; ‘കിലുക്ക’ത്തിലെ അറിയാക്കഥകള്‍
ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ഉണ്ടായ ചില സംഭവങ്ങളെ കുറിച്ച് പ്രിയദർശൻ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ഒരു രസകരമായ രംഗം ഷൂട്ട് ചെയ്യുന്നതിനിടെ ജഗതിക്ക് പരുക്ക് പറ്റി.
“രേവതിയുടെ കഥാപാത്രം വഴക്കു കൂടി ജഗതിയുടെ നിശ്ചലിനെ കല്ലെറിയുന്ന ദൃശ്യമുണ്ട്. കല്ലെറിയുന്ന സമയത്ത് ജഗതിയുടെ തൊട്ടു പിന്നില്‍ ഒരു കണ്ണാടിയുണ്ടായിരുന്നു. ജഗതിയെ രേവതി കല്ലെറിഞ്ഞപ്പോള്‍ കണ്ണാടി പൊട്ടി ജഗതിയുടെ ശരീരത്തില്‍ കുത്തിക്കയറിയിരുന്നു. എന്നാല്‍ ജഗതി ടേക്ക് എടുത്ത് അവസാനിപ്പിക്കുന്നത് വരെ ശരീരത്തില്‍ ചില്ലു കൊണ്ട വിവരം പറഞ്ഞില്ല. വേദന കടിച്ചുപിടിച്ച് രംഗം ഭംഗിയായി അഭിനയിച്ചു തീർത്തു. അത്രയ്ക്ക് അര്‍പ്പണ ബോധമായിരുന്നു ജഗതിക്ക് സിനിമയോട് ഉണ്ടായിരുന്നത്” പ്രിയദർശൻ പറഞ്ഞു.
കിലുക്കത്തിന്റ്റെ വിജയത്തിൽ പ്രധാനമായത് മോഹൻലാലും ജഗതിയും തമ്മിലുളള കെമിസ്ട്രി ആണെന്ന് പ്രിയദർശൻ പറയുന്നുണ്ട്. മനസികാസ്വാസ്ഥ്യമുള്ള കഥാപാത്രത്തെ മനോഹരമാക്കിയ രേവതിയുടെ പ്രകടനവും എടുത്ത് പറയേണ്ടതാണെന്ന് അദ്ദേഹം പറയുന്നു. തിലകൻ, മുരളി, വേണു നാഗവള്ളി, ജഗതി തുടങ്ങിയ അതുല്യ പ്രതിഭകൾ ഇല്ലാത്തത് കൊണ്ട് കിലുക്കം പോലൊരു ചിത്രം എടുക്കാനുള്ള ധൈര്യം ഇനിയില്ലെന്നും പ്രിയദർശൻ അഭിമുഖത്തിൽ പറയുന്നു.
മോഹൻലാൽ വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടതാണ് പുറത്തുവരുന്ന മറ്റൊരു സംഭവം. ‘ഊട്ടിപ്പട്ടണം’ ഗാനത്തിലെ മോഹൻലാൽ ട്രെയിനിനു മുകളിൽ നിന്നും ഡാൻസ് ചെയ്യുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടയിൽ ലൈൻ കമ്പിയിൽ തട്ടാതെ രക്ഷപ്പെട്ടതാണ് സംഭവം.
പ്രൊഡക്ഷൻ ടീമിന്റെ ശ്രദ്ധയിൽ പെടാതിരുന്ന കമ്പി ജഗതി കാണുകയും മോഹൻലാലിനോട് പറയുകയും ഉടൻ തന്നെ അദ്ദേഹം, മറ്റൊന്നും ചിന്തിക്കാതെ താഴ്ന്ന് കിടക്കുകയും ചെയ്തത് കൊണ്ടാണ് ജീവൻ പോലും നഷ്ടപ്പെടാൻ സാധ്യതയുള്ള ആ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് എന്നും പ്രിയദർശൻ പറയുന്നു.