കേരളത്തിലെ മുഖ്യ ചലച്ചിത്രമേളയായ ഐ എഫ് എഫ് കെയ്ക്ക് ഉണ്ടായ മൂല്യച്യുതിയെയും നിലപാട് മാറ്റത്തെയും ചോദ്യം ചെയ്തു കൊണ്ട് സംവിധായകൻ സനൽകുമാർ ശശിധരന്റെ നേതൃത്വത്തിൽ കാഴ്ച ഫിലിം ഫോറവും നിവ് ആര്‍ട്ട്‌ മൂവീസും സംയുക്തമായി അവതരിപ്പുക്കുന്ന കാഴ്ച ഇൻഡീ ഫിലിം ഫെസ്റ്റിവൽ (കിഫ്-KIFF 2019) അതിന്റെ മൂന്നാമത്തെ പതിപ്പിനായി ഒരുങ്ങി കഴിഞ്ഞു. ഇത്തവണ കാഴ്ച-നിവ് ഇൻഡീ ഫിലിം ഫെസ്റ്റിവൽ എന്നാകും അറിയപ്പെടുക. സമാന്തര തദ്ദേശീയ സിനിമകൾ മാത്രം ഉൾപ്പെടുത്തിയുള്ള മേള തിരുവനന്തപുരം ലെനിൻ ബാലവാടിയിൽ ഡിസംബർ 6 മുതൽ ഡിസംബർ 9 വരെ നീണ്ടു നിൽക്കും . ഉൽഘാടന ചിത്രമായി നടേശ് ഹെഗ്‌ഡെ സംവിധാനം ചെയ്ത ‘ഡിസ്റ്റന്റ്’ എന്ന ഹൃസ്വ ചിത്രം പ്രദർശിപ്പിക്കും.

മത്സര മേളയായി നടത്തുന്ന ഇത്തവണത്തെ കിഫിൽ 12 ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആസ്സാമീസ് സംവിധായകൻ ഭാസ്കർ ഹസാരികയുടെ ‘ആമീസ്,’ പഞ്ചാബി സംവിധായകൻ ഗുരുവിന്ദര്‍ സിങിന്റെ ‘ബിറ്റർ ചെസ്ററ്നട്ട്,’ പ്രതീക് വത്സ് സംവിധാനം ചെയ്ത ‘ഈബ് അല്ലായ് ഊ,’ മൈഥിലി ഭാഷയിൽ ചിത്രീകരിച്ച, ആച്ചൽ മിശ്ര സംവിധാനം ചെയ്ത ‘ഗമക് ഘർ,’ നേപ്പാളി ഭാഷയിൽ നിർമിച്ച സൗരവ് റായ് എന്ന സംവിധായകന്റെ ആദ്യ ചിത്രം ‘നിംത്തോ,’ ഋദ്ധി മജുൻഡാർ സംവിധാനം ചെയ്ത ബംഗാളി ചിത്രം ‘പാരിയാഹ്,’ അമർത്യ ഭട്ടാചാര്യ സംവിധാനം ചെയ്ത ബംഗാളി ചിത്രം ‘രുനനുബന്ധ’ എന്നിവയാണ് കിഫിലെ അന്യഭാഷാ ചിത്രങ്ങൾ.

 

20 -ആം ഏഷ്യാറ്റിക്ക ചലച്ചിത്രമേളയിൽ നെറ്റ്പാക് പുരസ്‌കാരം നേടിയ സജിൻ ബാബു സംവിധാനം ചെയ്ത ‘ബിരിയാണി,’ ഗോകുൽ രാജ് , വൈഷ്ണവ് എന്നിവർ സംവിധാനം ചെയ്ത ‘ഡൊമസ്റ്റിക് ഡയലോഗ്സ്,’ എൺപതിനായിരം രൂപ ബഡ്ജറ്റിൽ മിഥുൻ മുരളി സംവിധാനം ചെയ്ത ‘ഹ്യൂമാനിയ,’ ഷെറി ഗോവിന്ദൻ സംവിധാനം ചെയ്ത ‘ക ഖ ഗ ങ്ങ,’ പ്രതാപ് ജോസഫ് സംവിധാനം ചെയ്ത ‘ഒരു രാത്രി ഒരു പകൽ,’ എന്നിവയാണ് കിഫിൽ പ്രദർശിപ്പിക്കുന്ന മലയാള ചിത്രങ്ങൾ.

ഐ എഫ് എഫ് കെ പോലെയുള്ള മേളകൾ ആയിരം മുതൽ രണ്ടായിരം രൂപ വരെ ഡെലിഗേറ്റ് ഫീ ആയി ഈടാക്കുമ്പോൾ കിഫ് ഇത്തവണ നാമമാത്രമായ ഒരു രൂപയാണ് ഡെലിഗേറ്റ് ഫീയായി വാങ്ങുന്നത്. പൈസ ഇല്ലാത്തതിന്റെ പേരിൽ ആർക്കും സിനിമ കാണാൻ സാധിക്കാതിരിക്കരുത് എന്ന് നിർബന്ധമുള്ളതു കൊണ്ടാണ് ഡെലിഗേറ്റ് ഫീ ഒരു രൂപയാക്കിയതെന്നു കിഫിൻറെ സംഘാടകർ പറയുന്നു.

ജൂറിയിലും പ്രത്യേകതകളുമായാണ് ഇത്തവണ കിഫ് വരുന്നത്. സിനിമ മേഖലയിൽ നിന്നുള്ളവർ തന്നെ ജൂറി അംഗങ്ങളായാൽ അവർക്കു വിവിധ തരത്തിലുള്ള മുൻവിധികളും, പക്ഷപാതങ്ങളും ഉണ്ടാവുമെന്ന അടിസ്ഥാനത്തിൽ, സിനിമയുടെ പുറത്തു നിന്നുള്ള, എന്നാൽ സിനിമയെ നന്നായി മനസിലാക്കുന്ന കല -സാംസ്‌കാരിക മേഖലകളിൽ നിന്നുമുള്ളവരാണ് ഇത്തവണ കിഫിലെ ജൂറി അംഗങ്ങൾ. ചെന്നൈയിൽ നിന്നുള്ള കവിയത്രിയും എഴുത്തകാരിയും ആക്ടിവിസ്റ്റുമായ കുട്ടി രേവതി, എഴുത്തുകാരനും, കല നിരൂപകനും, കവിയുമായ ജോണി എം എൽ, ഡീപ് ഫോക്കസ് എന്ന ഇന്ത്യയിലെ അറിയപ്പെട്ട സിനിമ മാസികയുടെ ചീഫ് എഡിറ്റർ ആയിരുന്ന സഞ്ജയ് വാധ്വാ എന്നിവരാണ് ജൂറി അംഗങ്ങൾ.

 

വോട്ടിംഗ് അവകാശം ഇല്ലാത്ത, നാലാമതൊരു ജൂറി അംഗവും കിഫിന്റെ ഇത്തവണത്തെ സവിശേഷതയാണ്. പതിനാറു വയസ്സ് മാത്രം പ്രായമുള്ള മൈഥിലി എന്ന പെൺകുട്ടിയാണ് ഈ നാലാം ജൂറി അംഗം. നെടുമങ്ങാട് ഭാഗത്തുള്ള ഞാറനീലി ആദിവാസി സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി ആണ് മൈഥിലി. സിനിമയെ ആഴത്തിൽ മനസിലാക്കാൻ കഴിവുള്ളതു കൊണ്ടും, കുട്ടികളുടെ സിനിമ ആസ്വാദനത്തിന്റെ കാഴ്ചപ്പാട് ജൂറി തീരുമാനങ്ങളിൽ പ്രതിഫലിപ്പിക്കണം എന്നുള്ളത് കൊണ്ടുമാണ് മൈഥിലിയെ ജൂറി അംഗമാകാൻ തീരുമാനിച്ചതെന്ന് കിഫിൻറെ സംഘാടകർ വെളിപ്പെടുത്തി.

മൂന്നംഗ ജൂറി നേരത്തെ സെലക്ഷൻ പ്രോസസ്സിന്റെ ഭാഗമായി 12 ചിത്രങ്ങളും കണ്ടിട്ടുങ്കിലും കാണികളുമായി ഒരിക്കൽ കൂടി ഈ ചിത്രങ്ങൾ പ്രദര്‍ശന വേളയിൽ കാണും. എല്ലാ ചിത്രത്തിന്റെയും പ്രദർശനത്തിന് ശേഷം ആ ചിത്രത്തെ പറ്റിയുള്ള കാഴ്ചക്കാരന്റെ അനുഭവങ്ങൾ പങ്കു വെക്കാനായി ‘റിഫ്ലക്ഷൻസ്’ എന്ന പേരിൽ ഒരു ഫോറം ഉണ്ടാവും. കാണികളുടെ പ്രതികരണങ്ങൾ മനസിലാക്കായി ജൂറിയും ഈ ഫോറങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കും. ഇത് വിജയ ചിത്രം ഏതെന്നുള്ള ജൂറി തീരുമാനത്തെ നിർണയിക്കുന്നതിൽ ഒരു ഘടകമാവാം.

മേളയുടെ സമാപന ദിവസമായ 9 -ആം തിയതി വിജയ ചിത്രം പ്രഖ്യാപിക്കും. ക്യാഷ് അവാർഡും പ്രശസ്തി പത്രവുമാണ് വിജയ ചിത്രത്തിന്റെ സംവിധായകന് നൽകുക. ക്യാഷ് അവാർഡിന്റെ തുകയുടെ വിവരങ്ങൾ വരും ദിവസങ്ങളിൽ നിശ്ചയിക്കുമെന്നാണ് സംഘാടകർ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook