KIFF 2019: മനുഷ്യനായി നിലനിൽക്കുന്നത് തന്നെ ഭ്രാന്തമായ ഒരു അവസ്ഥയാണെന്നതിന്റെ ദൃശ്യാവിഷ്കാരമാണ് കിഫ് സമാന്തരമേളയില്‍ പ്രദര്‍ശിപ്പിച്ച മിഥുൻ മുരളി സംവിധാനം ചെയ്ത ‘ഹ്യൂമാനിയ’ എന്ന ചിത്രം. ദൃശ്യ ഭാഷയുടെയും ശബ്ദ ക്രമീകരണങ്ങളുടെയും സാദ്ധ്യതകൾ എത്രത്തോളം ഒരു ദൃശ്യ കലാകാരന് ഉപയോഗപ്പെടുത്താനാവുമെന്നതിന്റെ നേർകാഴ്ച കൂടിയാണ് ‘ഹ്യൂമാനിയ.’ തികച്ചും അബ്സ്ട്രാക്റ്റായ കാഴ്ചകളും, ശബ്ദങ്ങളും, വെളിച്ചങ്ങളും കൊണ്ട് സംവിധായകൻ മനുഷ്യ മനസെന്ന ക്രമമില്ലാത്ത ഒഴുക്കിനെ ദൃശ്യവൽക്കരിക്കാൻ ശ്രമിച്ചിരിക്കുകയാണ് ചിത്രത്തിൽ.
സച്ചിൻ എന്ന കുട്ടിക്കുണ്ടാവുന്ന ഫോബിയകളും, ആകുലതകളും അവനോടൊപ്പം വളർന്നു വലുതാവുന്ന കാഴ്ചയും, സാമൂഹിക ചട്ടക്കൂടുകൾ മനുഷ്യ മനസിനെ വലിഞ്ഞു മുറുകുന്നതിന്റെയുമൊക്കെ രാഷ്ട്രീയവും ചിത്രം പറയാതെ പറയുന്നുണ്ട്. ചിത്രത്തിന്റെ ഉള്ളടക്കത്തേക്കാളുപരി ചിത്രത്തിന്റെ ക്രാഫ്റ്റ് അഥവാ ഫോമിലാണ് താൻ ശ്രദ്ധിക്കുന്നത് എന്ന് മിഥുൻ പറയുമ്പോൾ, അത് പൂർണമായും അര്ഥവത്താവുകയാണ് ‘ഹ്യൂമാനിയ’ എന്ന ചിത്രത്തിൽ.
മനുഷ്യ മനസ് പോലെ തന്നെ ‘ഹ്യൂമാനിയിലെ’ ഓരോ ദൃശ്യത്തിലും സംവിധായകന് അന്വേഷണങ്ങളുടെ, ചോദ്യങ്ങളുടെ പല അടരുകൾ കൊണ്ട് വരാൻ സാധിച്ചിട്ടുണ്ട് . ഭ്രാന്തിന്റെ സ്വത്വം പേറുന്നവൻ പാടുന്ന കവിതയൊക്കെ പ്രേക്ഷകന്റെ മനസ്സിൽ ആഴത്തിൽ തറയ്ക്കുന്നവയാണ്.
മലയാളികളുടെ സൗന്ദര്യ ബോധങ്ങളെയും ചിത്രം പല തരത്തിൽ ചോദ്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ പ്രദർശന ശേഷം മിഥുൻ തന്നെ പറയുകയുണ്ടായി തനിക്കു ബാല്യം മുതൽക്കേ ഉണ്ടായ പല തരം ഫോബിയകളും, വ്യാകുലതകുളുമൊക്കെയാണ് തന്റെ ചിത്രത്തിലും പ്രതിഫലിക്കുന്നത് എന്ന്. ചിത്രത്തിന്റെ ആഖ്യാനരീതിയിൽ നിന്ന് തന്നെ സംവിധായകന്റെ മനസ് എത്ര മാത്രം കലുഷിതമാണെന്നു പ്രേക്ഷകന് ഉൾകൊള്ളാൻ ആവും.
‘ലവ്,’ ‘ക്ലൈമാക്സ്,’ ‘എന്റർ ദി വോയ്ഡ്’ തുടങ്ങിയ ലോക പ്രശസ്തി നേടിയ പരീക്ഷണ ചിത്രങ്ങൾ സംവിധാനം ചെയ്ത ഫ്രഞ്ച് സംവിധായകന് ഗാസ്പെർ നോ തന്നെ സ്വാധീനിച്ച സംവിധായകരിൽ ഒരാളാണെന്ന് മിഥുൻ പറയുന്നു. ഗാസ്പെർ നോ ചിത്രങ്ങളിലേതു പോലെ പല നിറത്തിലുള്ള വെളിച്ചങ്ങളും, ശബ്ദങ്ങളും ഒരു കുട്ടിയുടെ ഉത്സാഹത്തോടെ പരീക്ഷിക്കുകയും, അതിന്റെ സാദ്ധ്യതകൾ വെച്ച് കളിക്കുകയുമാണ് മിഥുൻ ‘ഹ്യൂമാനിയ’യിൽ.
കലങ്ങി മറിയുന്ന മേഘങ്ങൾ, ഇടുങ്ങിയ അലമാരയ്ക്കുളിൽ അഭയം തേടുന്ന കുട്ടി, ബാർബി പാവയുടെ പ്രോപ്സ് ഉപോയോഗിച്ചു പുരുഷ മനസിലെ ലൈംഗിക വൈകൃതം കാണിക്കുന്ന രംഗങ്ങളൊക്കെ പ്രേക്ഷകന്റെ മനസിൽ നിന്ന് മാഞ്ഞു പോവാൻ പ്രയാസമാകും .
വെറും 80,000 രൂപ ചെലവിൽ നിർമിച്ച ഈ ചിത്രം സമകാലിക മലയാള സിനിമയിൽ നിന്നുള്ള ലോകോത്തര നിലവാരമുള്ള ഒരു പരീക്ഷണ ചിത്രമായി വരും കാലങ്ങളിൽ അടയാളപ്പെട്ടേക്കാം.