മലയാളികളുടെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് സിദ്ദിഖ് ലാൽ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ഗോഡ് ഫാദർ. എൻഎൻപിള്ള, ഫിലോമിന, മുകേഷ്, കനക, തിലകൻ, സിദ്ദിഖ്, ഇന്നസെന്റ്, ജഗദീഷ്, കെപിഎസിലളിത, ഭീമൻ രഘു, പറവൂർ ഭരതൻ, ജനാർദ്ദനൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം തിരുവനന്തപുരത്തെ ഒരു തിയേറ്ററിൽ തുടർച്ചയായി 405 ദിവസമാണ് ഓടിയത്. ആ വർഷത്തെ ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരവും ചിത്രം നേടി.
31 വർഷങ്ങൾക്കു മുൻപു പുറത്തിറങ്ങിയ ഗോഡ് ഫാദറിനെ പുനരാവിഷ്കരിക്കുകയാണ് ഒരു കൂട്ടം കുട്ടികൾ. ആഞ്ഞൂറാനെയും രാമനാഥനെയും സ്വാമിനാഥനെയും കടപ്പുറം കാർത്ത്യായനിയേയും ആനപ്പാറ അമ്മച്ചിയേയും മാലുവിനെയും മായിൻകുട്ടിയേയുമെല്ലാം വീഡിയോയിൽ കാണാം.
കുട്ടിക്കൂട്ടത്തെ അഭിനന്ദിച്ച് നടൻ സിദ്ദിഖും രംഗത്തെത്തിയിട്ടുണ്ട്. ‘ഗോഡ്ഫാദർ തകർത്തു,’ എന്നാണ് വീഡിയോ പങ്കുവച്ച് സിദ്ദിഖ് കുറിച്ചത്. കുട്ടികളുടെ അഭിനയത്തെയും ടൈമിങ്ങിനെയും പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.