/indian-express-malayalam/media/media_files/uploads/2023/07/Navya-Rimi.jpeg)
മുകേഷിന്റെ കുസൃതി ചോദ്യം കേട്ട് പൊട്ടിച്ചിരിച്ച് നവ്യയും റിമിയും, Entertainment Desk/IE Malayalam
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോയാണ് കിടിലം. വ്യത്യസ്തമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുന്ന ഷോയുടെ വിധികർത്താക്കളാണ് മുകേഷും റിമിയും നവ്യയും. ഷോയിൽ മൂവരും പറയുന്ന കൗണ്ടറുകളും ഡയലോഗുകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ആന്തരീകാവയവങ്ങൾ കഴുകാനിട്ടെന്ന പേരിലുള്ള നവ്യയുടെ ഒരു സ്റ്റേറ്റ്‌മെന്റ് ട്രോളുകൾക്കു വഴിവച്ചിരുന്നു. ഇപ്പോഴിതാ മുകേഷിന്റെ രസകരമായ ഒരു കടംകഥയാണ് ശ്രദ്ധ നേടുന്നത്.
"സാമ്പാർ മേമ്പൊടി ജലാശയത്തിൽ നിന്ന് സർപ്പശത്രുവനത്തിലേക്ക് എത്ര ദൂരം," എന്നാണ് മുകേഷിന്റെ ചോദ്യം. ആദ്യം കേൾക്കുമ്പോൾ ഇത് മലയാള ഭാഷ തന്നെയാണോ എന്ന സംശയത്തിലാണ് പലരും നോക്കുന്നത്. എന്നാൽ ചോദ്യം കേൾക്കുമ്പോൾ തന്നെ 322 എന്ന് റിമി ഉത്തരവരും പറയുന്നുണ്ട്. പക്ഷെ ആ ഉത്തരം തെറ്റായിരുന്നു. ഒടുവിൽ കൃത്യമായ ഉത്തരം പറയുന്നത് നവ്യയാണ്.
സാമ്പാർ മേമ്പോടി എന്ന് ഉദ്ദേശിക്കുന്നത് കായത്തിനെയാണ്, ജലാശയം എന്നത് കുളവും. സർപ്പ ശത്രു എന്നത് കീരിയെന്ന് അർത്ഥമാക്കുമ്പോൾ വനം എന്നത് കാടാകും. കായംകുളത്ത് നിന്ന് കീരികാടേയ്ക്ക് എത്ര ദൂരം എന്ന ചോദ്യമാണ് കുറച്ച് കുസൃതി നിറച്ച് മുകേഷ് ചോദിച്ചത്. നവ്യയുടെ ഉത്തരം കേട്ട് 'നീയൊരു വിജ്ഞാന പണ്ഡാഹാരം ആണെന്ന് അറിഞ്ഞില്ല' എന്നാണ് റിമിയുടെ വാക്കുകൾ. ഇവരുടെ ഈ സംഭാഷണം കേട്ട് പൊട്ടിച്ചിരിക്കുന്ന അവതാരകയെയും മത്സരാർത്ഥികളെയും വീഡിയോയിൽ കാണാം.
എന്റെ അമ്മ പഠിപ്പിച്ചു തന്ന ആദ്യ കടങ്കഥ. പഠിച്ചെടുക്കാൻ കൊറേ നാളെടുത്തു , ഈ വിജ്ഞാന പണ്ടാഹാരം എന്താ സംഭവം, പുതിയ വാക്ക് കിട്ടി "പണ്ടാഹാരം…", ആന്തരികാവയവ ക്ലീനിംഗ് ക്ഷീണത്തിൽ നിന്നും താൽക്കാലികാശ്വാസം നൽകിയതാണ് മുകേഷ് തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.