ഫെബ്രുവരി 7ന് ജയ്‌സാൽമീറിലെ സൂര്യാഗഡ് ഹോട്ടലിൽ വെച്ചായിരുന്നു കിയാരയുടെയും സിദ്ധാർത്ഥിന്റെയും വിവാഹം. ‘അബ് ഹമാരി പെർമനന്റ് ബുക്കിംഗ് ഹോഗായി ഹേ’ (എന്റെ കാര്യത്തിൽ ഒരു തീരുമാനമായി എന്ന് അർഥം വരുന്ന) എന്ന അടിക്കുറിപ്പോടെയാണ് താരങ്ങൾ ചിത്രം പങ്കുവച്ചത്. ‘മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ അനുഗ്രഹവും സ്നേഹവും ഞങ്ങൾ തേടുന്നു’ എന്നും അവർ കൂട്ടിച്ചേർത്തു.
പ്രണയ ദിനത്തിൽ വിവാഹത്തോടനുബന്ധിച്ച് നടന്ന ആഘോഷങ്ങളുടെ കൂടുതൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് കിയാര. “സ്നേഹം നിറമുള്ളതാണ്” എന്ന അടികുറിപ്പോടെയാണ് താരം ചിത്രങ്ങൾ ഷെയർ ചെയ്‌തത്. സിൽവർ നിറത്തിലുള്ള ലെഹങ്കയ്‌ക്കൊപ്പം മഞ്ഞ നിറത്തിലുള്ള ദുപ്പട്ടയാണ് കിയാര അണിഞ്ഞിരിക്കുന്നത്. സിദ്ധാർത്ഥ് അതേ നിറത്തിലുള്ള കുർത്തയും.
ഞായറാഴ്ചയാണ് ബോളിവുഡിനായുള്ള റിസപ്‌ഷൻ താരങ്ങൾ സംഘടിപ്പിച്ചത്. ആലിയ ഭട്ട്, ശിൽപ ഷെട്ടി, കാജോൾ, കരൺ ജോഹർ, വിക്കി കൗശൽ, റൺവീർ സിങ്ങ്, കരീന കപൂർ തുടങ്ങി ബോളിവുഡിലെ പ്രമുഖരെല്ലാം റിസപ്ഷനിൽ പങ്കെടുക്കാനെത്തി.ലോവർ പരേലിലെ സെന്റ് റെജിസ് ഹോട്ടലിലാണ് വിവാഹസത്കാരം നടന്നത്.
2020ൽ റിലീസിനെത്തിയ ‘ഷെർഷാ’ എന്ന ചിത്രത്തിൽ കിയാരയും സിദ്ധാർത്ഥും ഒരുമിച്ചു പ്രവർത്തിച്ചിരുന്നു. ‘ഗോവിന്ദ നാം മേര’ എന്ന ചിത്രത്തിലാണ് കിയാര അവസാനമായി അഭിനയിച്ചത്. കാർത്തിക് ആര്യനൊപ്പം അഭിനയിക്കുന്ന ‘സത്യപ്രേം കി കഥ’യാണ് കിയാരയുടെ അടുത്ത ചിത്രം. നെറ്റ്ഫ്ലിക്സിൽ റിലീസായ ‘മിഷൻ മജ്നു’ ആയിരുന്നു സിദ്ധാർത്ഥിന്റെ അവസാന ചിത്രം. റാഷി ഖന്നയ്ക്കും ദിഷ പടാനിക്കുമൊപ്പം ‘യോദ്ധ’യിലാണ് അടുത്തതായി സിദ്ധാർത്ഥ് അഭിനയിക്കുന്നത്.