കപൂർ കുടുംബത്തിനെ സംബന്ധിച്ചിടത്തോളം ഇന്ന് വലിയൊരു ആഘോഷത്തിന്റെ ദിവസമാണ്. അന്തരിച്ച നടി ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ‘ധടക്’ സിനിമയുടെ ട്രെയിലർ ലോഞ്ചായിരുന്നു ഇന്ന്. ബോണി കപൂർ, ഖുഷി കപൂർ, അനിൽ കപൂർ, ഹർഷവർദ്ദൻ കപൂർ, സഞ്ജയ് കപൂർ, മഹീപ് കപൂർ, സഹാന കപൂർ, ജഹാൻ കപൂർ തുടങ്ങി കപൂർ കുടുംബത്തിലെ അംഗങ്ങളെല്ലാം ചടങ്ങിനെത്തി. ജാൻവിയുടെ സഹദോരൻ അർജുൻ കപൂറിന് ചടങ്ങിന് എത്താൻ കഴിഞ്ഞിരുന്നില്ല. അതിനു പകരമായി ജാൻവിക്ക് സോഷ്യൽ മീഡിയയിലൂടെ അർജുൻ എല്ലാവിധ ആശംസകളും നേർന്നിരുന്നു.
‘നാളെ മുതല്‍ എന്നെന്നേക്കുമായി നീ പ്രേക്ഷകരിലേക്കെത്തുകയാണ്. നിന്റെ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങുന്നു. ആദ്യം തന്നെ, നാളെ മുംബൈയില്‍ ഉണ്ടാകാന്‍ കഴിയാത്തതില്‍ സോറി പറയുന്നു. ഞാന്‍ നിനക്കൊപ്പം തന്നെയുണ്ട്. ‘നീ നന്നായി ജോലി ചെയ്താല്‍ ഈ മേഖലയില്‍ നിനക്ക് വലിയ വിജയങ്ങളുണ്ടാകും എന്നറിയുക. സത്യസന്ധയായിരിക്കുക. അംഗീകാരങ്ങളെയും വിമര്‍ശനങ്ങളേയും സ്വീകരിക്കാന്‍ പഠിക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ബഹുമാനിക്കുക, അപ്പോഴും നിന്റെ വഴിയിലൂടെ നടക്കാനും ഹൃദയം പറയുന്നത് കേള്‍ക്കാനും ശീലിക്കുക. അതത്ര എളുപ്പമായിരിക്കില്ല. പക്ഷെ എനിക്കറിയാം അതെല്ലാം നേരിടാന്‍ നീ തയ്യാറായിരിക്കുമെന്ന്,’ അര്‍ജുന്‍ ട്വിറ്ററിൽ കുറിച്ചു.
ധടക് ട്രെയിലർ കണ്ട എല്ലാവരും ജാൻവിയെ അഭിനന്ദിച്ചു. പക്ഷേ ചേച്ചിയെ ആദ്യമായി സ്ക്രീനിൽ കണ്ടപ്പോൾ സന്തോഷം കൊണ്ട് അനുജത്തി ഖുഷി കപൂറിന്റെ കണ്ണുകൾ നിറഞ്ഞു പോയി. അമ്മ ശ്രീദേവി ഇല്ലാത്തതും ഒരുപക്ഷേ ഖുഷിയെ വേദനിപ്പിച്ചിരിക്കും. അനുജത്തിയുടെ കണ്ണുകൾ നിറയുന്നത് കണ്ട ജാൻവിയാകട്ടെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. ഒരുപക്ഷേ ശ്രീദേവി ജീവിച്ചിരുപ്പുണ്ടായിരുന്നുവെങ്കിൽ ഖുഷിയെ സമാധാനിപ്പിക്കാൻ ഇതുതന്നെ ചെയ്തേനെ. അനുജത്തിയെ ആശ്വസിപ്പിക്കുന്ന ജാൻവിയുടെ വീഡിയോ കാണുന്നവരുടെയും മനസ്സിൽ നൊമ്പരമുണർത്തും.
ദേശീയ അവാര്‍ഡ് നേടിയ മറാഠി ചിത്രമായ സൈറത്തിന്റെ ബോളിവുഡ് പതിപ്പാണ് ധടക്. ശശാങ്ക് ഖെയ്‌താന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കരണ്‍ ജോഹറും സീ സ്റ്റുഡിയോസും ചേര്‍ന്നാണ്. ഇഷാന്‍ ഖട്ടറാണ് ചിത്രത്തിലെ നായകന്‍. ജാന്‍വിയുടെ ആദ്യ ചിത്രം എന്ന പോലെ ഇഷാന്‍ ഖട്ടറിന്റെ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ധടക്. ഇറാനി സംവിധായകന്‍ മജീദ് മാജിദിയുടെ ബിയോണ്ട് ദി ക്ലൗഡ്‌സ് എന്ന ചിത്രത്തിലൂടെയാണ് ഇഷാന്‍ അഭിനയരംഗത്തേക്ക് എത്തിയത്.