തന്റെ പ്രിയതാരത്തെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് തെന്നിന്ത്യൻ താരം ഖുശ്ബു സുന്ദർ. അജയ് ദേവ്ഗണിനെ നേരിൽ കണ്ട സന്തോഷത്തിലാണ് ഖുശ്ബു. അജയ് ദേവ്ഗണിനൊപ്പമുള്ള ചിത്രങ്ങളും ഖുശ്ബു ഷെയർ ചെയ്തിട്ടുണ്ട്.
“എന്റെ ഹീറോയെ കണ്ടുമുട്ടിയത് സ്വപ്നം യാഥാർത്ഥ്യമായതുപോലൊരു മുഹൂർത്തമായിരുന്നു. ലാളിത്യം, വിനയം, ഡൗൺ ടു എർത്ത് മനോഭാവം എന്നിവയാൽ അദ്ദേഹം എന്നെ ഞെട്ടിച്ചു. ഈ മനുഷ്യനിൽ വ്യാജമായി ഒന്നുമില്ല. ശരിക്കും എനിക്കിതൊരു ഫാൻ ഗേൾ മൊമന്റ് ആയിരുന്നു. എനിക്കായി നൽകിയ സമയത്തിനും ഊഷ്മളതയ്ക്കും നന്ദി. ഉടൻ തന്നെ നിങ്ങളെ വീണ്ടും കാണാൻ കാത്തിരിക്കുന്നു,” ഖുശ്ബു കുറിച്ചു.
‘ഒന്നിച്ചു കാണുമ്പോൾ നല്ല ജോഡികളാണ് നിങ്ങൾ, ഒന്നിച്ച് അഭിനയിക്കൂ’ എന്നാണ് ആരാധകർ ചിത്രത്തിനു കമന്റ് ചെയ്തിരിക്കുന്നത്.
അടുത്തിടെ വർക്കൗട്ടിലൂടെയും ഡയറ്റിലൂടെയുമെല്ലാം ഏതാണ്ട് 15 കിലോയോളം ശരീരഭാരം കുറച്ച് ഖുശ്ബു ആരാധകരെ അമ്പരപ്പിച്ചിരുന്നു. മെലിഞ്ഞ് കൂടുതൽ സുന്ദരിയായ ഖുശ്ബുവിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയും ചെയ്തിരുന്നു.
ദിവസവും രണ്ടു മണിക്കൂർ താൻ വർക്ക്ഔട്ട് ചെയ്യാറുണ്ടെന്നും ഡയറ്റിലാണെന്നും ഖുശ്ബു വെളിപ്പെടുത്തിയിരുന്നു. താൻ വർക്ക്ഔട്ട് ചെയ്യാൻ തുടങ്ങുമ്പോൾ 93 കിലോ ആയിരുന്നെന്നും ഇപ്പോൾ 79 കിലോ ആയെന്നും ഇനിയും 10 കിലോ കുറച്ച് 69 ൽ എത്തുകയാണ് ലക്ഷ്യമെന്നുമായിരുന്നു 2021 ഓഗസ്റ്റിൽ ഏഷ്യാനെറ്റ് ന്യൂസിനോട് ഖുശ്ബു പറഞ്ഞത്.
“2020 ജൂണിൽ ഖുശ്ബു ഒരു ട്വീറ്റ് ചെയ്തിരുന്നു, അതിൽ പറഞ്ഞത്, ശരീര ഭാരം കുറഞ്ഞതിന്റെ കാരണം പലരും എന്നോട് ചോദിക്കുന്നു. ലോക്ക്ഡൗൺ ആണ് കാരണം.. 70 ദിവസമായി ആരുടെയും സഹായമില്ല … ഒറ്റയ്ക്ക് വീട്ടിലെ എല്ലാ ജോലികളും ചെയ്യുകയായിരുന്നു; തൂത്തുവാരൽ, തുടയ്ക്കൽ, അലക്കൽ, പാചകം, ഗാർഡണിങ്, ടോയ്‌ലറ്റുകൾ വൃത്തിയാക്കൽ എന്നിവയും. തീർച്ചയായും, വ്യായാമം (യോഗ) ഒരു പ്രധാന പങ്ക് വഹിച്ചു. ഞാൻ വലിയ അളവിൽ ഭക്ഷണം കഴിക്കുന്ന ആളല്ല,” എന്നായിരുന്നു.