എട്ടു വയസ്സു മുതൽ 15 വയസ്സുവരെ അച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു വെളിപ്പെടുത്തിയത് അടുത്തിടെയാണ്. കുട്ടികൾ തങ്ങൾക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങളെ കുറിച്ച് തുറന്നു പറയേണ്ടതുണ്ടെന്നും എന്നാൽ മിക്ക കേസുകളിലും അങ്ങനെയല്ല സംഭവിക്കുന്നതെന്നും ഖുശ്ബു പറയുന്നു.
“കുട്ടികൾ തുറന്ന് പറയേണ്ടതുണ്ടെന്ന് എനിക്കു തോന്നുന്നു. എന്നാൽ അതിൽ നിന്നും അവരെ പിന്തിരിപ്പിക്കുന്ന പ്രധാന ഭയം, സമൂഹം അവരോട് ചോദിക്കാൻ പോകുന്ന ചോദ്യങ്ങളാണ്. പുരുഷന്മാരെ പ്രകോപിപ്പിക്കാൻ അവൾ എന്താണ് ചെയ്തത്, നീ എന്താണ് ധരിച്ചിരുന്നത്, അവൾ പീഡകനോട് സൗഹൃദപരമായി പെരുമാറിയോ? തുടങ്ങിയ ചോദ്യങ്ങളാണ് കുട്ടികൾ അഭിമുഖീകരിക്കേണ്ടി വരിക. മാത്രമല്ല, ഇത്തരം ബാലപീഡനങ്ങളിൽ ഭൂരിഭാഗവും സംഭവിക്കുന്നത് കുടുംബാംഗങ്ങളിൽ നിന്നോ കുട്ടികൾക്ക് നേരിട്ട് അറിയാവുന്ന ആളുകളിൽ നിന്നോ ആണ്,” ഖുശ്ബു ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
അടുത്തിടെ ദേശീയ വനിത കമ്മീഷൻ അംഗമായി നിയമിതയായ ഖുശ്ബു ഒരു ഓൺലൈൻ ന്യൂസ് പോർട്ടലിനു നൽകിയ അഭിമുഖത്തിനിടയിലാണ് ബാല്യത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് മനസ്സു തുറന്നത്. എട്ടാം വയസ്സിൽ താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നും എന്നാൽ 15 വയസ്സ് വരെ മൗനം പാലിച്ചുവെന്നും ഖുശ്ബു മനസ്സു തുറന്നു. അതിനുശേഷം കുടുംബം അച്ഛനുമായുള്ള എല്ലാ ബന്ധങ്ങളും വേർപ്പെടുത്തുകയായിരുന്നുവെന്നും ഖുശ്ബു പറയുന്നു. താൻ നേരിട്ട ദുരുപയോഗത്തെക്കുറിച്ചുള്ള തുറന്നുപറച്ചിൽ ആസൂത്രിതമായ ഒന്നല്ലെന്നും എന്നാൽ പരിണിതഫലങ്ങളെ ഭയന്ന് ചെലവഴിച്ച കുട്ടിക്കാലത്തിന് ശേഷം തനിക്കത് സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഖുശ്ബു ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
“കുട്ടിക്കാലത്ത് ഞാനതിന് വിധേയയാകുമ്പോൾ, എനിക്കും ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്നു. എന്റെ സഹോദരങ്ങളെയും അമ്മയെയും കുറിച്ച് എനിക്ക് വിഷമിക്കേണ്ടിവന്നു. മറ്റേതൊരു വേട്ടക്കാരനെയും പോലെ എന്റെ പിതാവും ഞാനിതിനെ കുറിച്ച് മറ്റുള്ളവരോട് പറഞ്ഞാലുള്ള അനന്തരഫലത്തെ കുറിച്ചു എന്നെ ഭീഷണിപ്പെടുത്തിയിരുന്നു. എന്റെ അമ്മയെയും മൂന്ന് സഹോദരന്മാരെയും ഉപദ്രവിക്കുമെന്ന് അയാൾ എന്നെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. ബാലപീഡനങ്ങളിൽ മിക്കപ്പോഴും അതാണ് സംഭവിക്കുന്നത്. പരിണതഫലങ്ങൾ ഭയന്ന് കുട്ടികൾ മൗനം പാലിക്കുന്നു. പീഡകർ കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് തുടരുന്നു. പോക്‌സോ പോലുള്ള കർശന നിയമങ്ങൾ അന്ന് ഉണ്ടായിരുന്നെങ്കിൽ, ഞാൻ എന്റെ പിതാവിനെ കോടതി കയറ്റുമായിരുന്നു. ”
ബാല്യകാലത്തു അനുഭവിക്കേണ്ടി വന്ന ലൈംഗിക പീഡനത്തെ കുറിച്ചു കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞതിനു ശേഷം നിരവധി പേരാണ് തന്നെ വിളിച്ചതെന്നും ഖുശ്ബു വെളിപ്പെടുത്തി. “പരിചയക്കാരിൽ നിന്നും അറിയാത്തവരിൽ നിന്നുമൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ എനിക്ക് ലഭിച്ച ഫോൺ കോളുകളുടെ എണ്ണം അവിശ്വസനീയമാണ്. ഒരു ദിവസം എല്ലാം തുറന്നു സംസാരിക്കാൻ ധൈര്യം കിട്ടുമെന്ന് അവരെല്ലാം എന്നോട് പറയുന്നു.”
ഡിമെൻഷ്യക്കെതിരെ പോരാടുന്ന അമ്മയ്‌ക്കൊപ്പമാണ് ഖുശ്ബു ഇപ്പോൾ താമസിക്കുന്നത്. ഖുശ്ബുവിന്റെ പിതാവ് കഴിഞ്ഞ വർഷം, മുംബൈയിൽ അന്തരിച്ചു.