scorecardresearch
Latest News

ഞങ്ങൾക്ക് മെച്ചപ്പെട്ട ജീവിതമുണ്ടായപ്പോൾ അയാൾ അടുത്തുകൂടാൻ ശ്രമിച്ചു, ലൊക്കേഷനിലെത്തി പ്രശ്നങ്ങളുണ്ടാക്കി: പിതാവിനെ കുറിച്ച് ഖുശ്ബു

“37 വർഷമായി ഞാൻ അയാളോട് സംസാരിച്ചിട്ടില്ല. കർമ്മ എന്നൊന്നുണ്ട്, അതെല്ലാത്തിനോടും പകരം വീട്ടും. അദ്ദേഹത്തിന് മൂന്ന് ആൺമക്കളുണ്ടായിരുന്നു, പക്ഷേ അവരാരും അദ്ദേഹത്തിന്റെ ശവസംസ്കാരത്തിന് പോയില്ല”

khushbu sundar, khushbu sundar abused, khushbu sundar sexual harassment, Child sexual abuse, Child sexual abuse cases India

അടുത്തിടെ ദേശീയ വനിത കമ്മീഷൻ അംഗമായി നിയമിതയായ ഖുശ്ബു ബാല്യത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് മനസ്സു തുറന്നിരുന്നു. എട്ടു വയസ്സു മുതൽ 15 വയസ്സുവരെ അച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ഖുശ്ബു വെളിപ്പെടുത്തിയത്.

കുട്ടികൾ തങ്ങൾക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങളെ കുറിച്ച് തുറന്നു പറയേണ്ടതുണ്ടെന്നും എന്നാൽ മിക്ക കേസുകളിലും അങ്ങനെയല്ല സംഭവിക്കുന്നതെന്നും ഖുശ്ബു പറയുന്നു. തന്റെ കാര്യത്തിലും കാര്യങ്ങൾ പുറത്തുപറയാതിരിക്കാൻ പിതാവ് തന്നെ ഭീഷണിപ്പെടുത്തിയതായും ഖുശ്ബു പറഞ്ഞു.

“ഒരു കുട്ടി ചൂഷണം ചെയ്യപ്പെടുമ്പോൾ അത് അവരുടെ മുഴുവൻ ജീവിതത്തെ തന്നെ ബാധിക്കുന്നു. വളരെയധികം പീഡനം സഹിക്കേണ്ടി വന്ന ആളാണെന്റെ അമ്മ. ഭാര്യയെ തല്ലുന്നത് തന്റെ അവകാശമാണെന്നാണ് അയാൾ വിചാരിച്ചത്. ഭാര്യയെ മാത്രമല്ല കുട്ടികളെയും അയാൾ തല്ലി. അയാളുടെ ഒരേയൊരു മകളെ ലൈംഗികമായും പീഡിപ്പിച്ചു. കുട്ടിക്കാലത്ത് ഞാനതിന് വിധേയയാകുമ്പോൾ, എനിക്കു പേടിയായിരുന്നു. മറ്റേതൊരു വേട്ടക്കാരനെയും പോലെ എന്റെ പിതാവും ഞാനാരോടെങ്കിലും എന്തെങ്കിലും പറഞ്ഞാലുള്ള അനന്തരഫലത്തെ കുറിച്ചു എന്നെ ഭീഷണിപ്പെടുത്തി. എന്റെ അമ്മയെയും മൂന്ന് സഹോദരന്മാരെയും ഉപദ്രവിക്കുമെന്ന് അയാളെന്നെ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. എന്റെ എട്ടു വയസ്സു മുതൽ അയാൾ എന്നെ ചൂഷണം ചെയ്യാൻ ആരംഭിച്ചു, പതിനഞ്ചുള്ളപ്പോഴാണ് ഞാനത് തുറന്നു പറഞ്ഞത്. അയാൾ ഞങ്ങളെ ഉപേക്ഷിച്ചു പോയി. ഒരു നേരത്തെ ഭക്ഷണം എവിടെ നിന്ന് ലഭിക്കുമെന്ന് പോലും ഞങ്ങൾക്കന്ന് അറിയില്ലായിരുന്നു,” ഖുശ്ബു ഓർത്തെടുത്തു.

എന്നാൽ പിന്നീട് താൻ സിനിമയിൽ തിളങ്ങാൻ തുടങ്ങിയ കാലത്ത് പിതാവ് വീണ്ടും അടുത്തുകൂടാൻ ശ്രമിച്ചിരുന്നുവെന്നും ഖുശ്ബു പറയുന്നു. “ഞങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ലഭിച്ചതിന് ശേഷം, തിരിച്ചുവരാൻ അയാൾ പരമാവധി ശ്രമിച്ചു. നിരന്തരം സന്ദേശങ്ങൾ അയച്ചു. പക്ഷേ ഞങ്ങൾ ആ വാതിൽ എപ്പോഴും അടച്ചിട്ടു. അയാൾ കഴിഞ്ഞ വർഷം മരിച്ചുവെന്ന് അറിഞ്ഞു. 37 വർഷമായി ഞാൻ അയാളോട് സംസാരിച്ചിട്ടില്ല. കർമ്മ എന്നൊന്നുണ്ട്, അതെല്ലാത്തിനോടും പകരം വീട്ടും. അദ്ദേഹത്തിന് മൂന്ന് ആൺമക്കളുണ്ടായിരുന്നു, പക്ഷേ അവരാരും അദ്ദേഹത്തിന്റെ ശവസംസ്കാരത്തിന് പോയില്ല.”

മുംബൈയിലെ ഒരു മുസ്ലീം കുടുംബത്തിൽ ജനിച്ച ഖുശ്ബു, 1980 കളിൽ ബാലതാരമായാണ് കരിയർ ആരംഭിച്ചത്. പുരുഷാധിപത്യ അടിച്ചമർത്തലിനും സമൂഹത്തിന്റെ തെറ്റായ കാഴ്ചപ്പാടുകൾക്കുമെതിരെ പോരാടുന്ന ശക്തമായ ഇച്ഛാശക്തിയുള്ള നിരവധി കഥാപാത്രങ്ങളെ ഖുശ്ബു അവതരിപ്പിച്ചു. യാഥാസ്ഥിതിക സമൂഹത്തിൽ നിന്ന് വലിയ രീതിയിലുള്ള വിമർശനങ്ങളും ഖുശ്ബുവിന് അക്കാലത്ത് നേരിടേണ്ടി വന്നിരുന്നു.

അച്ഛനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതിന് ശേഷവും അയാൾ തന്റെ സിനിമകളുടെ സെറ്റിൽ വന്ന് ശല്യപ്പെടുത്തുമായിരുന്നുവെന്നും ഖുശ്ബു പറഞ്ഞു. “പണത്തിന് വേണ്ടി ഞാൻ എന്തും ചെയ്യുമെന്ന് അയാൾ എന്റെ നിർമ്മാതാക്കളോട് പറയാറുണ്ടായിരുന്നു. എന്നാൽ നിർമ്മാതാക്കൾ എന്നെ സംരക്ഷിച്ചു, അയാളെ സെറ്റിൽ നിന്ന് പുറത്താക്കി, ഇവിടെയൊന്നും കണ്ടുപോവരുതെന്ന് താക്കീത് നൽകി.”

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Khushbu sundar about her father sexual abuse