ബോളിവുഡിലെ ‘മീ ടൂ’ ക്യാമ്പെയ്നുകൾ തമിഴകത്തേയ്ക്കും വ്യാപിക്കുന്ന സാഹചര്യത്തിൽ ‘മീ ടൂ’ വിനെ കുറിച്ച് പ്രതികരിക്കുകയാണ് നടി ഖുശ്‌ബു. കഴിഞ്ഞ ദിവസം കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ആരോപണവുമായി മുന്നോട്ടു വന്നിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഖുശ്ബുവിന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് ‘മീ ടൂ’ ക്യാമ്പെയ്നിനോടുള്ള തന്റെ നിലപ്പാട് ഖുശ്ബു വ്യക്തമാക്കിയിരിക്കുന്നത്.

“40 വർഷത്തോളം നീണ്ട എന്റെ കരിയറിൽ​ എപ്പോഴെങ്കിലും ‘മീ ടൂ’ അനുഭവങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ​ എന്നാണ് നിങ്ങളുടെ ചോദ്യമെങ്കിൽ എനിക്ക് നിങ്ങളെ നിരാശരാക്കേണ്ടി വരും. ഞാനെപ്പോഴും എന്റേതായ യുദ്ധം നയിക്കുന്ന ആളാണ്. ശക്തമായി തന്നെ പ്രതികരിക്കാറുമുണ്ട്. പ്രതികരിക്കാറുണ്ട് എന്നു പറഞ്ഞത് മീടൂവിന്റെ കാര്യത്തിൽ മാത്രമല്ല, എന്റെ പ്രതിഫലം സമയത്തിന് ഉറപ്പുവരുത്തുന്ന കാര്യത്തിനും അതെ. ലൈംഗിക അതിക്രമം കാണിക്കുന്നവർ എല്ലാ രംഗത്തും ഉണ്ട്, സിനിമാ ഇൻഡസ്ട്രിയിൽ മാത്രമല്ല. സ്ത്രീകൾ തിരിച്ചടിക്കുമ്പോൾ രക്ഷാർത്ഥം അവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നു,” ഖുശ്ബു പറയുന്നു.

“ആത്മാഭിമാനവും അന്തസ്സും കോംപ്രമൈസ് ചെയ്തിട്ട് ലഭിക്കുന്ന ഒരു സ്ഥാനമാനവും അത്ര ‘പവർഫുൾ’ ആയിരിക്കില്ല. നമുക്ക് എല്ലായ്പ്പോഴും ഒരു ചോയിസ് ഉണ്ടെന്ന് ഓർക്കുക.”

“സ്ത്രീകളുടെ ഇത്തരം തുറന്നു പറച്ചിലുകൾ കാണുന്നത് കഷ്ടമാണ്. നിങ്ങൾക്ക് ഇത്തരം അതിക്രമങ്ങൾ നേരിട്ടുണ്ടെങ്കിൽ ധൈര്യപൂർവ്വം തുറന്നു പറയൂ, കുറ്റക്കാരെ തുറന്നുകാണിക്കൂ. അതിനു കഴിയില്ലെങ്കിൽ മിണ്ടാതിരിക്കൂ! അല്ലാതെ, ഒരു ക്യാമ്പെയ്നിന്റെ ഭാഗമായി മാത്രം നിങ്ങൾ പറഞ്ഞുപോകുമ്പോൾ നേരേ നിന്ന് പോരാടുന്ന കരുത്തരായ സ്ത്രീകളുടെ യുദ്ധങ്ങളെ കൂടി നിങ്ങൾ തോൽപ്പിക്കുകയാണ്,” ഖുശ്ബു തന്റെ നയം വ്യക്തമാക്കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ