ലോക്ക്‌ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഏതാണ്ട് എല്ലാ താരങ്ങളും. കുട്ടിക്കാല ചിത്രങ്ങളും വീട്ടുവിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കുവാൻ താരങ്ങൾ സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ, മുഖസൗന്ദര്യത്തിനായുള്ള തന്റെ ബ്യൂട്ടി ടിപ്സ് ആരാധകർക്കായി ഷെയർ ചെയ്യുകയാണ് തെന്നിന്ത്യൻ താരം ഖുശ്ബു. ഒരു ഹോം മെയ്ഡ് ഫേസ് പാക്ക് ആണ് ഖുശ്ബു പരിചയപ്പെടുത്തുന്നത്.

“എന്റെ മക്കൾ കുട്ടികൾ ആയിരുന്നപ്പോൾ സോപ്പിനു പകരം ഞാൻ ഉപയോഗിച്ചുകൊണ്ടിരുന്നത് ഈ പാക്കായിരുന്നു. വളരെ സിമ്പാളാണ് തയ്യാറാക്കാൻ. തൈര്, ഒരു നുള്ള് മഞ്ഞൾപൊടി, ഒരു ടീസ്പൂൺ തേൻ, കടലമാവ്, കുങ്കുമപ്പുവിന്റെ നാരുകൾ ഇട്ട് തിളപ്പിച്ച പാൽ,” ഖുശ്ബു പറയുന്നു.

കഴിഞ്ഞ ദിവസം അമ്മയ്ക്ക് ഒപ്പമുള്ള ഒരു ചിത്രവും താരം പങ്കുവച്ചിരുന്നു. “ലോക്ക്‌ഡൗൺ കാലം ബന്ധങ്ങളിലെ അടുപ്പം വർദ്ധിപ്പിക്കുന്നു. വീട്ടുജോലികൾ ചെയ്ത് ക്ഷീണിച്ചിരിക്കുമ്പോൾ, അമ്മയുടെ വിരലുകൾ മാജിക്ക് കാണിക്കുമ്പോൾ,” എന്ന ക്യാപ്ഷനോടെ തലയിൽ ഓയിൽ മസാജ് ചെയ്തു തരുന്ന അമ്മയുടെ ചിത്രവും ഖുശ്ബു പങ്കുവച്ചിരുന്നു.

സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഖുശ്ബു. തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളെല്ലാം അവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.വിവാഹത്തിനു ശേഷം ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു ഖുശ്ബു. അവന്ദിക, അനന്ദിത എന്നീ രണ്ട് മക്കളുണ്ട്. ഇവർ ചെന്നൈയിൽ സ്ഥിരതാമസമാണ്.

1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ൽ ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു,സുരേഷ്‌ഗോപി,മോഹൻലാൽ,മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു. തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഖുശ്‌ബുവിന് ആദ്യമായി അവസരങ്ങൾ കൊടുത്തത്.

Read more: സുന്ദർ, നീയെന്നോട് പുഞ്ചിരിക്കുമ്പോൾ ഞാനിപ്പോഴും തരളിതയാകാറുണ്ട്: ഖുശ്ബു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook