തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനീകാന്തും പ്രിയ നായിക ഖുശ്‌ബുവും വെളളിത്തിരയിൽ വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. രജനീകാന്തിനെ നായകനാക്കി പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തിലായിരിക്കും ഖുശ്‌ബുവെത്തുക. ചിത്രത്തിലെ ഒരു സുപ്രധാന റോളിലേക്കാണ് ഖുശ്‌ബുവിനെ പരിഗണിക്കുന്നത്. ഖുശ്‌ബുവുമായി അണിയറ പ്രവർത്തകർ സംസാരിച്ചു കൊണ്ടിരിക്കുകയാണെന്നാണ് സിനിമാ ലോകത്ത് നിന്നുളള വിവരം.

ഖുശ്‌ബു സമ്മതം മൂളുകയാണെങ്കിൽ വലിയൊരിടവേളയ്‌ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. നേരത്തെ മന്നൻ, അണ്ണാമലൈ, പാണ്ഡ്യൻ എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചിരുന്നു.

2016ലെ ബ്ളോക്ക്ബസ്റ്ററുകളിലൊന്നായ കബാലിക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന് ഇതു വരെ പേരിട്ടിട്ടില്ല. മെയിലാണ് ചിത്രീകരണം ആരംഭിക്കുക. കബാലിയുടെ തുടർച്ചയായിരിക്കും ഈ ചിത്രമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത് പിന്നീട് രഞ്ജിത്ത് നിഷേധിച്ചിരുന്നു. അധോലോക നായകന്റെ കഥ പറഞ്ഞ രജനീകാന്ത് ചിത്രം 2016ലെ വൻവിജയങ്ങളിലൊന്നായിരുന്നു. തമിഴ് സിനിമയിലെ യുവതാരവും രജനീകാന്തിന്റെ മരുമകനുമായ ധനുഷാണ് ഈ ചിത്രത്തിന്റെ നിർമാതാവ്.

നേരത്തെ ബോളിവുഡിന്റെ താരസുന്ദരി വിദ്യാ ബാലനെ നായികാ വേഷത്തിലേക്ക് സമീപിച്ചിരുന്നു. അതോടൊപ്പം ദീപിക പദുക്കോൺ രജനീകാന്തിന്റെ നായികയായെത്തുമെന്നും വാർത്തകളുണ്ടായിരുന്നു. എന്നാലത് പിന്നീട് രഞ്ജിത്ത് ട്വിറ്ററിലൂടെ നിഷേധിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ