തമിഴ് സിനിമാ പ്രേമികൾക്ക് മാത്രമല്ല, മലയാളികൾക്കും ഏറെ ഇഷ്ടമുള്ള താരമാണ് ഖുശ്ബു. മലയാളത്തിൽ വന്നപ്പോഴെല്ലാം ഖുശ്ബു അഭിനയിച്ചിട്ടുള്ളത് നമ്മുടെ സൂപ്പർസ്റ്റാറുകൾക്കൊപ്പമാണ്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരോടൊപ്പം നിരവധി വേഷങ്ങൾ ചെയ്തു.
സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളെല്ലാം അവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഭർത്താവും സംവിധായകനുമായ സുന്ദറിനൊപ്പമുള്ള ഒരു ചിത്രമാണ് ഖുശ്ബു ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.
വിവാഹ വാർഷികം ആശംസകൾ അറിയിച്ചു കൊണ്ടുള്ള ചിത്രമാണ് ഖുശ്‌ബു പങ്കുവച്ചത്. “അന്നും ഇന്നും. പതിനൊട്ട് വർഷങ്ങൾ കടന്നു പോയി, പക്ഷെ ഞങ്ങൾക്കിടയിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല” ഖുശ്‌ബു കുറിച്ചു. വിവാഹ സമയത്തെടുത്ത ചിത്രവും ഇപ്പോഴുള്ള ചിത്രവും കോർത്തിണക്കിയാണ് പോസ്റ്റ് ഷെയർ ചെയ്‌തിരിക്കുന്നത്. ഫെബ്രുവരി ഒൻപതിനായിരുന്നു ഖുശ്ബുവിന്റെയും ഭർത്താവ് സുന്ദറിന്റെയും വിവാഹ വാർഷികം.
വിവാഹത്തിനു ശേഷം ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു ഖുശ്ബു. അവന്ദിക, അനന്ദിത എന്നീ രണ്ട് മക്കളുണ്ട്. ഇവർ ചെന്നൈയിൽ സ്ഥിരതാമസമാണ്. കാലിൽ പരിക്കു പറ്റിയതിനെ തുടർന്ന് വിശ്രമത്തിലായിരുന്നു ഖുശ്‌ബു. കുടുംബവുമൊന്നിച്ചുള്ള യാത്രയിലാണിപ്പോൾ താരം.
1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ൽ ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു,സുരേഷ്‌ഗോപി,മോഹൻലാൽ,മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു.
തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഖുശ്‌ബുവിന് ആദ്യമായി അവസരങ്ങൾ കൊടുത്തത്.