പുതിയ സീസണുമായി എത്തുകയാണ് ഖത്റോൺ കെ ഖില്ലാടി. ‘ജിഗർ പേ ട്രിഗർ ‘ എന്ന ടാഗ് ലൈനോടെയാണ് ഖത്റോൺ കെ ഖിലാടിയുടെ ഒൻപതാം സീസൺ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. സംവിധായകൻ രോഹിത് ഷെട്ടിയാണ് പുതിയ സീസണിൽ അവതാരകൻ. കഴിഞ്ഞ ജൂലൈ മുതൽ അർജെന്റീനയിലാണ് സീരിസിന്റെ ചിത്രീകരണം നടന്നത്.

പുതിയ സീസണെ കുറിച്ചുള്ള ചോദ്യത്തിന് രോഹിത് ഷെട്ടിയുടെ മറുപടി ഇപ്രകാരമായിരുന്നു “ദുർഘടം നിറഞ്ഞ അർജെന്റീനയിലെ ഭൂപ്രകൃതിയും, അപകടകരമായ സ്റ്റണ്ടുകളും , ധൈര്യശാലികളായ മത്സരാർത്ഥികളുമാണ് ഈ സീസണിന്റെ പ്രത്യേകത. കഴിഞ്ഞ സീസണെക്കാളും തീവ്രത കൂടിയ സ്റ്റണ്ടുകളാണ് മത്സരാർത്ഥികൾ കാഴ്ച്ചവെച്ചിരിക്കുന്നത്. എന്നിക്കുറപ്പുണ്ട് ഇവർ പ്രേക്ഷരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുമെന്ന്.”

ഖത്റോൺ കെ ഖിലാടി 9 അറിയേണ്ടതെല്ലാം

മത്സരാർത്ഥികൾ

കടുത്ത വെല്ലുവിളികൾ നിറഞ്ഞ മത്സരങ്ങൾ നിറഞ്ഞ ഈ സീസണിൽ സെലിബ്രിറ്റികളും മത്സരാർത്ഥികളായി എത്തുന്നുണ്ട്. കോമഡി താരം ഭാരതി സിങും ഭർത്താവ് ഹാർഷ് ലിംബാച്ചിയും മത്സരിക്കുന്നുണ്ട്. കൂടാതെ വെള്ളിത്തിരയിലെ താരങ്ങൾ സെയ്ൻ ഇമാമും, ജാസ്‌മിൻ ഭാഷിനും മത്സരിക്കുന്നുണ്ട്. ബിഗ് ബോസ് താരങ്ങളായി വികാസ് ഗുപ്തയും, ശ്രീശാന്തും മത്സരിക്കുന്നുണ്ട്. ടെലിവിഷൻ താരങ്ങളായ ബാലികാ വധുവിലെ അവികാ ഘോർ, ബാഹു ഹുമാരി രജനികാന്ത് താരം രിധിമാ പണ്ഠിറ്റ്, യാ ഹെ മൊഹബത്തേൻ താരം അലി ഗോണിയും എത്തുന്നുണ്ട്. ബോളിവുഡിൽ നിന്നും ഷമിതാ ഷെട്ടി, ഗായകൻ ആദിത്യ നാരായൺ, കൊറിയോഗ്രാഫർ പുനിത് പഥകും എത്തുന്നുണ്ട് പുതിയ ഖത്റോൺ കെ ഖിലാടിയിൽ.

ഫൈനൽ മത്സരാർത്ഥികൾ

പുനിത് പഥക്, റിധിമാ പണ്ഠിറ്റ്, ആദിത്യ നാരായൺ എന്നിവരാണ് ഫൈനൽ മത്സരാർത്ഥികളെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിലൊരാളെയാണ് ഖത്റോൺ കെ ഖിലാടി 9ന്റെ വിജയിയായി പ്രഖ്യാപിക്കുക. ആവേശകരവും അപ്രതീക്ഷിതമായ വെല്ലുവിളികളും നിറഞ്ഞ സീസണായിരുന്നു . എല്ലാവരും ഒന്നിനൊന്ന് മെച്ചമാണ്. ഫൈനൽ മത്സരത്തിന്റെ ടാസ്‌ക് സംവിധാനം ചെയ്തത് രോഹിത് ഷെട്ടിയായിരുന്നു. ദുർഘടവും നിരവധി ഘട്ടങ്ങളായുള്ള മത്സരമായിരുന്നു ഫൈനലിലേത്. ആവസാന മത്സരത്തിൽ വിജയിയാകാൻ മൂന്ന് പേരും നന്നായി വിയർപ്പൊഴുക്കേണ്ടി വന്നു എന്നാണ് റിപ്പോർട്ട്.

വിവാദങ്ങൾ

ഷോ സ്ക്രീനിലെത്തുന്നതിന് മുമ്പ് തന്നെ വിവാദങ്ങൾ തലപൊക്കിയിരുന്നു. ഷമിതയുടെ മോശം ആരോഗ്യാവസ്ഥയാണ് ആദ്യത്തേത്. ഷമിത മത്സരിക്കുമോ എന്നതിനും ഉറപ്പുണ്ടായിരുന്നില്ല. എന്നാൽ ആരോഗ്യം മെച്ചപ്പെട്ടതോടെ ഷമിത മത്സര രംഗത്തേക്ക് തിരിച്ചെത്തി. നിരവധി അപടങ്ങളും മത്സരങ്ങൾക്കിടെ അരങ്ങേറി. വികാസ് ഗുപ്തയക്ക് മത്സരത്തിനിടെ പാമ്പു കടിയേറ്റിരുന്നു, ആദിത്യ നാരായണന് കണ്ണിന് പരുക്കേറ്റു, സെയ്‌ന്റെ കൈക്കേറ്റ പരുക്ക് എന്നിങ്ങിനെ നിരവധി അപകടങ്ങൾ മത്സരത്തിനിടെയിൽ സംഭവിച്ചിരുന്നു. സുരക്ഷയുടെ കാര്യത്തിൽ നിർബന്ധമുണ്ടായിരുന്ന രോഹിത് ഷെട്ടിയെ ഇവ ഏറെ പ്രകോപിപ്പിച്ചിരുന്നു.

എന്നാണ് ഷോ ആരംഭിക്കുന്നത്?

ഇന്നു മുതൽ (ജനുവരി അഞ്ച്) മുതൽ ഖത്റോൺ കെ ഖിലാടി എല്ലാ ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും രാത്രി ഒൻപത് മണിക്ക് സംപ്രേഷണം ചെയ്യും.

എവിടെയാണ് ഷോ കാണാൻ സാധിക്കുന്നത്?

കളേഴ്‌സ് ടിവിയിലാണ് ഖത്റോൺ കെ ഖിലാടി സംപ്രേഷണം ചെയ്യുന്നത്. ജിയോ ഉപഭോക്താക്കൾക്ക് ജിയോ ടിവി ആപ്പിലൂടെ ഷോ കാണാനാകും. വൂട്ട് ആപ്പിലും ഷോ കാണാം.

അമേരിക്കൻ ഗെയിം ഷോ ഫിയർ ഫാക്‌ടറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഖത്റോൺ കെ ഖിലാടി 2006 ഇന്ത്യയിൽ ആരംഭിച്ചത്. അക്ഷയ് കുമാറാണ് ആദ്യ രണ്ട് സീസണുകളിൽ അവതാരകനായെത്തുന്നത്. പിന്നീട് പ്രിയങ്ക ചോപ്രയാണ് മൂന്നാമത്തെ സീസണിലെത്തിയത്. പിന്നീട് അക്ഷയ് കുമാർ നാലാമത് സീസണിൽ മടങ്ങിയെത്തി. അടുത്ത സീസണിൽ അർജുൻ കപൂറാണ് അവതാരകനായെത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook