ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ നിര്‍മ്മിച്ച് അദ്ദേഹം തന്നെ പ്രധാന വേഷത്തിലെത്തുന്ന ‘ടൂബ്- നോ ബെഡ് ഓഫ് റോസസ്’ എന്ന ചിത്രം ഓസ്കറിന് അയയ്ക്കാൻ ഒരുങ്ങുകയാണ് ബംഗ്ലാദേശ്. ബംഗ്ലാദേശ് ഓസ്കർ കമ്മിറ്റിയാണ് ചിത്രത്തെ ഏറ്റവും മികച്ച വിദേശഭാഷാ ചിത്രമെന്ന കാറ്റഗറിയിലേക്കുള്ള ഒഫീഷ്യൽ എൻട്രിയായി തിരഞ്ഞെടുത്തിരിക്കുന്നത്.

അന്തരിച്ച ബംഗ്ലാദേശി എഴുത്തുകാരനും സിനിമാനിര്‍മ്മാതാവുമായിരുന്ന ഹുമയൂണ്‍ അഹമ്മദിന്റെ ജീവിതത്തെ പ്രതിപാദിക്കുന്ന ‘ടൂബ്- നോ ബെഡ് ഓഫ് റോസസ്’ എന്ന ചിത്രത്തിന് ബംഗ്ലാദേശിൽ വിലക്കേർപ്പെടുത്തിയിരുന്നു. ഒരാണിനും പെണ്ണിനുമിടയിലുള്ള മാനസിക വിക്ഷോഭങ്ങളാണ് സിനിമയുടെ പ്രമേയം.

ഇന്ത്യ- ബംഗ്ലാദേശ് സംയുക്ത സംരംഭമായ ഈ ചിത്രം എഴുതിയതും സംവിധാനം ചെയ്തതും മൊസ്തഫ സർവാർ ഫറൂക്കി ആണ്. റൊക്കേയ പ്രാച്ചിയാണ് ഇർഫാന്റെ ഭാര്യയായി എത്തുന്നത്. നുസ്റത്ത് ഇംറോസ് തിഷ ഇർഫാന്റെ മകളായും ഇന്ത്യൻ നടി പർണോ മിത്ര മകളുടെ കൂട്ടുകാരിയായും​ ചിത്രത്തിൽ എത്തുന്നു.

ഒരു യഥാർത്ഥ ജീവിതാനുഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ചെയ്ത സിനിമയാണ് ‘ടൂബ്- നോ ബെഡ് ഓഫ് റോസസ്’ എന്ന് ഒരു​​ അഭിമുഖത്തിൽ ഫറൂക്കി തന്നെ വ്യക്തമാക്കിയിരുന്നു, “ബംഗ്ലാദേശിലെ മുസ്‌ലിം സമുദായത്തിന്റെ അടിത്തറ തന്നെ കുലുക്കി കളഞ്ഞ സംഭവമായിരുന്നു അത്. നൈരാശ്യത്തിൽ നിന്നും എങ്ങനെ നമ്മുടെ സ്ത്രീകൾ കരുത്തുനേടുന്നു, സമൂഹത്തിൽ എത്രത്തോളം അവർ പോരടിക്കേണ്ടി വരുന്നു​ എന്നൊക്കെ മനസ്സിലാക്കി തന്ന ഒരു യഥാർത്ഥ ജീവിതാനുഭവം,” ഫറൂക്കി പറയുന്നു.

മുള്ളുകൾ നിറഞ്ഞ പാതയിലൂടെയാണ് തുടക്കം മുതൽ ടൂബ്- നോ ബെഡ് ഓഫ് റോസസ്’ എന്ന ചിത്രത്തിന്റെ പ്രയാണം. വിവാദങ്ങളുടെ പേരിൽ ബംഗ്ലാദേശിൽ ബാൻ ചെയ്യപ്പെട്ട ചിത്രത്തിനു മേലുള്ള വിലക്ക് നീങ്ങുന്നത് ഒക്ടോബർ 2017 നാണ്. പിന്നീട് ബംഗ്ലാദേശ്, ഫ്രാൻസ്, ഇന്ത്യ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്തിരുന്നു.

91-ാമത് അക്കാദമി അവാർഡ് 2019 ഫെബ്രുവരി 24 നാണ് പ്രഖ്യാപിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook