കെജിഎഫ് മ്യൂസിക് ഡയറക്ടർ ബസ്‌റൂൾ രവി ആദ്യമായി മലയാള സിനിമയ്‌ക്ക് വേണ്ടി സംഗീതം നൽകുന്നു. ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘പവർസ്റ്റാർ’ എന്ന ചിത്രത്തിനു സംഗീതം പകരാനാണ് ബസ്‌റൂൾ രവി മലയാളത്തിലേക്ക് എത്തുന്നത്. സിനിമയുടെ സംവിധായകൻ ഒമർ ലുലു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒമര്‍ ലുലുവും ബസ്‌റൂര്‍ രവിയും ഒരുമിച്ചുള്ള ചിത്രം ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

Also Read: ആനക്കാര്യം പറയാൻ പെപ്പെയും കൂട്ടരും എത്തുന്നു; ‘അജഗജാന്തരം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മമ്മൂട്ടി

ബാബു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർസ്റ്റാറിൽ ഹോളിവുഡ് താരം ലൂയിസ് മാൻഡിലോറും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അടാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു ഒരുക്കുന്ന ചിത്രമാണ് പവർസ്റ്റാർ. നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം എന്ന ടാഗ്​ലൈനുമായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഡെന്നീസ് ജോസഫാണ്. ഒരു ഇടവേളയ്‌ക്ക് ശേഷം ഡെന്നീസ് ജോസഫ് തിരിച്ചെത്തുന്നു എന്ന പ്രാധാന്യവും പവർസ്റ്റാറിനുണ്ട്. ആക്ഷൻരംഗങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള തട്ടുപൊളിപ്പൻ ചിത്രമായിരിക്കും പവർസ്റ്റാറെന്നാണ് അണിയറയിൽ നിന്നു ലഭിക്കുന്ന വിവരം.

Also Read: ലാലിനെയും ഫഹദിനെയും ചേർത്ത് പിടിച്ച് രഞ്ജിത്ത്; എന്തോ വലുത് വരാനിരിക്കുന്നുവെന്ന് ആരാധകർ

ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവിടങ്ങളിലാണ് സിനിമയുടെ ഷൂട്ടിങ്. ബാബു ആന്റണി വളരെ വ്യത്യസ്തമായ ലുക്കിലാണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. നീണ്ട മുടിയും കാതില്‍ കുരിശിന്റെ കമ്മലുമിട്ടുള്ള ബാബു ആന്റണിയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook