കന്നഡയില്‍ ഇന്നോളം നിർമ്മിച്ചതില്‍ ഏറ്റവും വലിയ ചിത്രം എന്ന അവകാശവാദത്തോടെയാണ് ഹിറ്റ് മേക്കര്‍ പ്രശാന്ത് നീലിന്റെ പുതിയ ചിത്രം കെജിഎഫ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. യാഷ് എന്ന നവീന്‍ കുമാര്‍ ഗൗഡ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഇതിന് നന്ദി പറഞ്ഞുകൊണ്ട് ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തറും രംഗത്തെത്തി. ഹിന്ദിയില്‍ ചിത്രം അവതരിപ്പിക്കുന്നത് അദ്ദേഹമാണ്.
Thank you all for the amazing response on our #KGFTrailer. Lots of love https://t.co/V4WV6ptyk4
— Farhan Akhtar (@FarOutAkhtar) November 10, 2018
കോലാര്‍ സ്വര്‍ണഖനിയില്‍ അറുപതുകളും എഴുപതുകളും പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കുന്നത്. ഖനിത്തൊഴിലാളികളുടെ അടിമത്തജീവിതവും ആധിപത്യം ഉറപ്പിക്കാന്‍ വേണ്ടിയുള്ള പോരാട്ടവുമാണ് സിനിമയുടെ ഇതിവൃത്തം. റോക്കി എന്ന കഥാപാത്രത്തെയാണ് യാഷ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. റോക്കിയുടെ കഷ്ടതകള്‍ നിറഞ്ഞ ബാല്യവും അധോലോകനേതാവായുള്ള വളര്‍ച്ചയുമാണ് സിനിമ പറയുന്നത്.
ശ്രീനിധി ഷെട്ടിയാണ് നായിക. രമ്യ കൃഷ്ണനും പ്രധാനവേഷത്തിലുണ്ട്. പ്രശാന്ത് നീല്‍ ഒരുക്കിയ ആദ്യചിത്രം ഉഗ്രം കന്നടയില്‍ സൂപ്പര്‍ഹിറ്റായിരുന്നു. ഡിസംബര്‍ 21ന് കെജിഎഫ് തിയേറ്ററുകളില്‍ എത്തും.
ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അതിനു പുറമേ ചൈനീസ്, ജാപ്പനീസ് ഭാഷകളിലും പുറത്തിറങ്ങുമെന്നാണ് നിർമ്മാതാക്കള്‍ പറയുന്നത്. 80 കോടിയാണ് നിര്‍മ്മാണ ചെലവ്. നടനും നിർമ്മാതാവുമായ വിശാലാണ് തമിഴില്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.