കന്നഡ നടൻ കൃഷ്ണ റാവു അന്തരിച്ചു. യഷ് കേന്ദ്ര കഥാപാത്രമായെത്തിയ ‘കെ ജി എഫി’ൽ അന്ധനായ വൃദ്ധൻ കഥാപാത്രത്തെ അവതരിപ്പിച്ചത് കൃഷ്ണ റാവുയായിരുന്നു. ബംഗ്ലൂരുവിൽ വച്ച് ബുധനാഴ്ച്ചയായിരുന്നു അന്ത്യം. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണത്തിനു കീഴടങ്ങിയത്.വാർദ്ധക്യ സഹജമായ അസുഖങ്ങളുണ്ടായിരുന്നു.
കെ ജി എഫിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതിനു ശേഷം മുപ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ഒരുപാട് നാൾ അസിസ്റ്റന്റ് ഡയറക്ടറായി പിന്നണിയിൽ നിന്ന ശേഷമാണ് കൃഷ്ണ റാവു സ്ക്രീനിനു മുൻപിലെത്തുന്നത്.
‘നാനോ നാരായണപ്പ’യാണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം. ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത് കൃഷ്ണ റാവുവാണ്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം റീസിനെത്താൻ ദിവസങ്ങൾ മാത്രമാണുള്ളത്.