കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പുതിയ ആസ്ഥാന മന്ദിരമായി. കൊച്ചിയില്‍ പണികഴിപ്പിച്ച ആസ്ഥാന മന്ദിരം നടന്‍മാരായ മധു, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മൂന്ന് നില കെട്ടിടമാണ് പണികഴിപ്പിച്ചിരിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സംവിധാകരായ പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍ എന്നിവരും അസോസിയേഷന്‍ ആദ്യകാല പ്രവര്‍ത്തകരും സാങ്കേതിക വിദഗ്ധരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

നിർമാതാക്കളില്ലെങ്കിൽ സിനിമയുണ്ടാകില്ലെന്ന‌് നടൻ മധു പറഞ്ഞു. കഷ‌്ടപ്പെട്ടാണ‌് അവർ  സിനിമയെടുക്കുന്നതെന്ന‌് ആദ്യ നിർമാതാക്കളിൽ ഒരാൾ കൂടിയായ മധു പറഞ്ഞു. സിനിമയെടുക്കുന്നതിനേക്കാൾ വലിയ സാഹസത്തിലാണ‌് നിർമാതാക്കൾ ആസ്ഥാന മന്ദിര നിർമാണം പൂർത്തിയാക്കിയതെന്ന‌് നടൻ മമ്മൂട്ടി പറഞ്ഞു. പ്രൊഡ്യൂസേഴ‌്സ‌് അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക‌് താരസംഘടനയായ ‘അമ്മ’യുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന‌് നടൻ മോഹൻലാൽ പറഞ്ഞു.

ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ജി.സുരേഷ‌്കുമാർ അധ്യക്ഷനായി. മമ്മൂട്ടിയും മോഹൻലാലും ചേർന്ന് നടൻ മധുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു. എ‌സ‌്.എസ‌്.ടി.സുബ്രഹ‌്മണ്യൻ (എവർഷൈൻ മണി), വി.ബി.കെ.മേനോൻ, കിരീടം ഉണ്ണി, ഡേവിഡ‌് കാച്ചപ്പിള്ളി, ഔസേപ്പച്ചൻ, പി.വി.ഗംഗാധരൻ, ഡോ. ഷാജഹാൻ, മണിയൻപിള്ള രാജു, ലിബർട്ടി ബഷീർ തുടങ്ങി 32 നിർമാതാക്കളെ ചടങ്ങിൽ ആദരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook