ന്യൂയോര്‍ക്ക്: പ്രശസ്ത ഹോളിവുഡ് നടനും നിര്‍മ്മാതാവുമായ കെവിന്‍ സ്‌പേസിക്കെതിരെ ലൈംഗിക അതിക്രമ കേസ് ചാര്‍ജ് ചെയ്തു. മസാചുസെറ്റ്‌സിലെ ഒരു ബാറില്‍ വച്ച് കൗമാരക്കാരനെ പീഡിപ്പിച്ച സംഭവത്തിലാണ് കെവിനെതിരെ കേസ് എടുത്തിരിക്കുന്നത്. കേസില്‍ സ്പേസി കോടതിയില്‍ ഹാജരാകണം.

2016 ലായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയുടെ മകനെയായിരുന്നു താരം പീഡിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം അവര്‍ സംഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. 18 വയസുകാരനായ തന്റെ മകനെ സ്‌പേസി നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചെന്നും ലൈംഗികമായി അതിക്രമിച്ചതെന്നും തുറന്ന് പറഞ്ഞായിരുന്നു മാധ്യമ പ്രവര്‍ത്തക രംഗത്തെത്തിയത്. മസാചുസെറ്റ്‌സിലെ മദ്യപിക്കാനുള്ള പ്രായ പരിധി 21 വയസാണ്.

കഴിഞ്ഞ ദിവസം പുറത്ത് വിട്ട വീഡിയോയിലൂടെ സ്‌പേസി തനിക്കെതിരായ ആരോപണങ്ങളോട് പ്രതികരിച്ചിരുന്നു. ‘ഹൗസ് ഓഫ് കാര്‍ഡ്‌സ്’ കഥാപാത്രം ഫ്രാങ്ക് അണ്ടര്‍വുഡിന്റെ ശൈലിയിലായിരുന്നു സ്‌പേസി വീഡിയോയിലെത്തിയത്. ചെയ്യാത്ത കാര്യത്തിന് പിഴ അനുഭവിക്കില്ലെന്നും തെളിവില്ലാതെ നിങ്ങള്‍ വിശ്വസിക്കുമോ എന്നും വസ്തുതകളറിയാതെ തീരുമാനങ്ങളിലേക്ക് പോകരുതെന്നും സ്‌പേസി വീഡിയോയില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം തനിക്കെതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങളെ കുറിച്ചുള്ള സ്‌പേസിയുടെ ആദ്യത്തെ പരസ്യ പ്രതികരണമായിരുന്നു വീഡിയോ. നടന്‍ ആന്റണി റാപ്പും സ്‌പേസിക്കെതിരെ ആരോപണമുന്നയിച്ചിരുന്നു. 1986 ല്‍ നടന്ന സംഭവമായിരുന്നു റാപ്പ് വെളിപ്പെടുത്തിയത്. പിന്നാലെ പതിനഞ്ചോളം പേരാണ് സ്‌പേസിക്കെതിരെ രംഗത്തെത്തിയത്. ഇതില്‍ എട്ട് പേര്‍ ‘ഹൗസ് ഓഫ് കാര്‍ഡ്‌സില്‍’ സ്‌പേസിക്കൊപ്പം പ്രവര്‍ത്തിച്ചരായിരുന്നു.

ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ നെറ്റ്ഫ്‌ളിക്‌സ് ‘ഹൗസ് ഓഫ് കാര്‍ഡ്‌സി’ന്റെ ഫൈനല്‍ സീസണ്‍ സസ്‌പെന്റ് ചെയ്തിരുന്നു. പിന്നാലെ സ്‌പേസിയെ പുറത്താക്കുകയും ചെയ്തു. ഹോളിവുഡിലെ ഏറ്റവും പ്രശസ്തരായ നടന്മാരിലൊരാളാണ് സ്‌പേസി. ക്രൈം ത്രില്ലറുകളായ യൂഷ്വല്‍ സസ്‌പെന്‍സ്, സെവന്‍ തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെ സ്‌പേസി ഒരുപാട് ആരാധകരെ സ്വന്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook