scorecardresearch

ഒന്നേന്ന് ഒരുമിച്ച് തുടങ്ങാം: മുറിവേറ്റ ഹൃദയങ്ങൾക്ക് ഔഷധമാകുന്ന പാട്ടുകള്‍

മുറിവേറ്റ ഹൃദയങ്ങൾക്ക് 'ഔഷധ'മാകാൻ കെൽപ്പുള്ള പാട്ടുകളൊരുക്കി കേരളത്തിന്റെ അതിജീവനത്തിനൊപ്പം ചേർന്നു നിൽക്കുകയാണ് ഇവർ

മുറിവേറ്റ ഹൃദയങ്ങൾക്ക് 'ഔഷധ'മാകാൻ കെൽപ്പുള്ള പാട്ടുകളൊരുക്കി കേരളത്തിന്റെ അതിജീവനത്തിനൊപ്പം ചേർന്നു നിൽക്കുകയാണ് ഇവർ

author-image
WebDesk
New Update
Kerala Floods Music Albums Usha Uthup Ente Keralam Band Aid

Kerala Floods Music Albums Usha Uthup Ente Keralam Band Aid

മഹാപ്രളയത്തെ അതിജീവിച്ച ഒരു ജനത ഉയിർത്തെഴുന്നേൽപ്പിനായി ശ്രമിക്കുമ്പോൾ ആ യാത്രയ്‌ക്ക് കൂടുതൽ ആവേശവും ഊർജവും കരുത്തും പകരാൻ ശ്രമിക്കുകയാണ് ഒരു കൂട്ടം പാട്ടുകാർ. ഇവരിൽ പോപ് ഗായിക ഉഷാ ഉതുപ്പ് മുതൽ സംഗീത സംവിധായകൻ ബിജിബാലിന്റെ മകൾ ദയ ബിജിബാൽ വരെയുണ്ട്. മുറിവേറ്റ ഹൃദയങ്ങൾക്ക് 'ഔഷധ'മാകാൻ കെൽപ്പുള്ള പാട്ടുകളൊരുക്കി കേരളത്തിന്റെ അതിജീവനത്തിനൊപ്പം ചേർന്നു നിൽക്കുകയാണ് ഇവർ.

Advertisment

ബ്രിട്ടീഷ് രാജ്യങ്ങളിൽ പോപ്പുലറായ 'ബാൻഡ് എയ്ഡ്' എന്ന ചാരിറ്റി സൂപ്പർ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ അനുസ്മരിപ്പിക്കുന്നുണ്ട് ഈ പാട്ടുകാരുടെ 'സാന്ത്വനസംഗീതം'. 1984 ൽ കിഴക്കേ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെ ദാരിദ്ര്യം നേരിടുന്ന ജനങ്ങളെ സഹായിക്കാനായി ബ്രിട്ടീഷ്-ഐറിഷ് സംഗീതജ്ഞരുടെയും പാട്ടുകാരുടെയും നേതൃത്വത്തിൽ ലണ്ടനിൽ ആരംഭിച്ച ചാരിറ്റി സൂപ്പർ ഗ്രൂപ്പാണ് ബാൻഡ് എയ്ഡ് (Band Aid).

ഐറിഷ് പാട്ടുകാരനും ആക്ടിവിസ്റ്റും നടനുമായ ബോബ് ഗെൽഡോഫും സ്കോട്ടിഷ് സംഗീതജ്ഞനും നിർമ്മാതാവുമായ ജെയിംസ് മിഡ്ഗേ യൂറും ആയിരുന്നു, 'മുറിവുകളിൽ സംഗീതമെന്ന ഔഷധം പുരട്ടുന്ന' 'ബാൻഡ് എയ്ഡ്' എന്ന വേറിട്ട ആശയത്തിനു പിറകിൽ പ്രവർത്തിച്ച പ്രതിഭകൾ.

കേരളത്തിന്റെ വളർത്തുമകൾ പാടുമ്പോൾ...

എന്റെ കേരളം... എത്ര സുന്ദരം എന്ന തീം സോങ്ങിനെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ നവീകരിച്ചെടുത്തിരിക്കുകയാണ് ഉഷാ ഉതുപ്പ്. 'പ്രളയതാളം' എന്നാണ് ഈ വീഡിയോയ്ക്ക് ഉഷാ ഉതുപ്പ് പേരു നൽകിയിരിക്കുന്നത്. "എന്റെ കേരളം... എത്ര സങ്കടം... നിറഞ്ഞുകവിയും കണ്ണീർകടലിൽ പിടഞ്ഞു ഹൃദയങ്ങൾ..." എന്ന വേദനയോടെയാണ് ഉഷാ ഉതുപ്പ് പാടി തുടങ്ങുന്നത്. കേരളത്തിന്റെ ഹരിതഭംഗിയും മതസൗഹാർദ്ദവുമൊക്കെ വരികളിൽ തെളിയുന്നുണ്ട്. കേരളത്തിന്റെ നല്ല നാളേയ്ക്കുവേണ്ടിയുള്ള പ്രാർത്ഥനകളോടെയാണ് വീഡിയോ​​ അവസാനിക്കുന്നത്. പ്രളയത്തിന്റെയും രക്ഷാപ്രവർത്തനങ്ങളുടെയും ഹൃദയസ്പർശിയായ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉടനീളം.

Advertisment

'ജനിച്ചതെങ്ങോ, എങ്കിൽക്കൂടി വളർത്തുമകളായി ഞാൻ' എന്ന് പലതവണ പാടുകയും കേരളത്തിന്റെ വളർത്തുമകളാണ് താനെന്ന് അഭിമാനത്തോടെ പറയുകയും ചെയ്യുന്ന ഗായികയാണ് ഉഷാ ഉതുപ്പ്. തന്റെ പ്രിയനാടിന്റെ അതിജീവനത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണ് ഉഷാ ഉതുപ്പ് ഈ വീഡിയോയിലൂടെ.

അവരെ നാം പുൽകേണ്ടതലിവു കൊണ്ടല്ലേ?  കുഞ്ഞു ദയ ചോദിക്കുന്നു

" പുഴയോട് മഴചേർന്ന്, കലിതുള്ളി മലയാള മണ്ണോട് കലഹിച്ച് നിൽക്കേ,

പുഴയിലും മഴയിലും, ഏറെ മിഴിനീരോടെ സോദരർ കൈനീട്ടി നിൽക്കേ...

കൈകോർത്തൊരണക്കെട്ടി അലിവതിൽ നിറയ്ക്കാം,

അതിജീവനത്തിനായി തുണയൊരുക്കാം.

അവരെ നാം പുൽകേണ്ടതലിവു കൊണ്ടല്ലേ? അവരൊക്കെ നാം തന്നെയല്ലേ?"

ഇമ്പമാർന്ന ശബ്ദത്തിൽ ദയ ബിജിബാൽ പാടുമ്പോൾ ആ വരികൾ സംവദിക്കുന്നത് മലയാളക്കരയുടെ മനസ്സിനോടാണ്.

തന്റെ പാട്ടിലൂടെ അതിജീവനത്തിന്റെ പാതയിലൂടെ ഉയിർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്ന ഒരു ജനതയ്ക്ക് കരുത്തും ഉണർവ്വും പകരുകയാണ് ദയാ ബിജിബാൽ എന്ന ഈ കൊച്ചുപാട്ടുകാരി.

സന്തോഷ്​ വർമയെഴുതിയ മനോഹരമായ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ബിജിബാൽ തന്നെയാണ്. ബോധി സൈലന്റ് സ്‌കൈപ്പാണ് ഗാനം നിർമ്മിച്ച് പുറത്തിറക്കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ അഭ്യർത്ഥിച്ചു കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

തിരിച്ചെത്തും നമ്മളെന്ന ഉറപ്പോടെ ഒരു ചേട്ടനും​​ അനിയത്തിയും

'തിരിച്ചെത്തും നമ്മൾ' എന്ന കവിതയുടെ വീഡിയോ ആവിഷ്കാരത്തിലൂടെ കേരളത്തിന്റെ അതിജീവനവഴിയിൽ സാന്ത്വനമാകാൻ ശ്രമിക്കുകയാണ് തൃശ്ശൂരിൽ നിന്ന് ഒരു സഹോദരനും സഹോദരിയും. ഒന്നിച്ചുനിന്നാൽ ഏതു ദുരന്തത്തെയും അതിജീവിക്കുമെന്ന സന്ദേശം പകരുന്ന പാട്ടിന്റെ വരികളും സംഗീതവുമൊരുക്കിയിരിക്കുന്നത് ഇന്റീരിയർ ഡിസൈനറായ ശ്രീജിത്ത് മേനോനും സഹോദരി സർവദ ദാസും (രമ്യ) ചേർന്നാണ്.

തങ്കതമിഴ് സ്നേഹവുമായി ....

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പ്രശസ്തരും അല്ലാത്തവരുമായി നിരവധിയാളുകളാണ് മ്യൂസിക്കൽ വീഡിയോകളിലൂടെയും പാട്ടുകളിലൂടെയുമൊക്കെ കേരളത്തിന് പിന്തുണയേകുന്നത്. തമിഴിലും നിരവധി വീഡിയോകൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. കന്ധകട്‌ല രാമകൃഷ്ണൻ, കൊണ്ട സാരംഗപാണി എന്നിവരുടെയൊക്കെ വീഡിയോകൾ കേരളത്തിലെ പ്രളയബാധിതർക്കായി സമർപ്പിക്കപ്പെട്ടവയാണ്.

റാപ് സോങ്ങുമായി ഫെജോ

'ഒന്നേന്ന് ഒരുമിച്ച് തുടങ്ങാം' എന്ന പേരിൽ ഫെജോ​ എന്ന ചെറുപ്പക്കാരനൊരുക്കിയ മലയാളം റാപ് സോങ്ങും ഇതിനകം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. പ്രളയം പകര്‍ന്നു നൽകിയ പാഠങ്ങളെയും അതില്‍ പെട്ട് പോയവരെയും അവരെ സങ്കടകടലില്‍ നിന്ന് രക്ഷിച്ച നല്ല മനസ്സുകളെ കുറിച്ചാണ് ഈ വീഡിയോ എന്നാണ് ഫെജോ പറയുന്നത്. ആര്‍ക്കും ഉപകാരം ഇല്ല എന്നു സമൂഹം വിധി എഴുതിയ,​ എന്നാൽ പ്രളയസമയത്ത് സന്ദർഭോചിതമായി പ്രവർത്തിച്ച യുവാക്കളെ അഭിനന്ദിക്കുന്നതിനൊപ്പം പ്രളയത്തിനിടയിലും വിദ്വേഷം പരത്താൻ ശ്രമിച്ച ചിലരെ വിമർശിക്കുന്നുമുണ്ട് ഈ റാപ് സോങ്ങ്. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ആഹ്വാനം ചെയ്തു കൊണ്ടാണ് ഈ വീഡിയോയും അവസാനിക്കുന്നത്.

ഒത്തൊരുമയുടെ സങ്കീർത്തനമാകുന്ന ഈ പാട്ടുകളെല്ലാം തന്നെ, ഒന്നിച്ച് നിന്ന് ഒരു നവകേരളം പടുത്തുയർത്താൻ നമുക്ക് സാധിക്കുമെന്ന ആത്മവിശ്വാസമാണ് പകരുന്നത്.

Kerala Floods Bijibal Music

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: