തന്റെ സിനിമാ പ്രവേശത്തിന്റെ പതിമൂന്നു വര്‍ഷങ്ങള്‍ ആഘോഷിക്കുകയാണ് വിദ്യാ ബാലന്. മുംബൈയില്‍ താമസമായ ബാലന്-സരസ്വതി എന്നീ മലയാളി ദമ്പതികളുടെ രണ്ടാമത്തെ മകളായ വിദ്യ സിനിമാ ജീവിതം തുടങ്ങാന്‍ ആഗ്രഹിച്ചത് മലയാളത്തില്‍ ആയിരുന്നു. പക്ഷെ വിധി അവര്‍ക്കായി കാത്തു വച്ചിരുന്നത് മുംബൈ സിനിമാ ലോകത്തിന്റെ വലിയ വിജയങ്ങളാണ്.
അഭിനയമോഹമുള്ള വിദ്യയിലെ പ്രതിഭയെ ആദ്യം കണ്ടെത്തിയയാള്‍ മലയാളത്തിന്റെ പ്രിയങ്കരനായ ലോഹിതദാസ് ആയിരുന്നു. ‘ചക്രം’ എന്ന താന്‍ രചിച്ച ചിത്രത്തിന് വേണ്ടി, മോഹന്‍ലാലിന്റെ നായികയായാണ് അദ്ദേഹം വിദ്യയെ തെരഞ്ഞെടുത്തത്.
കമല്‍ സംവിധാനം ചെയ്ത ആ ചിത്രം നിര്‍മ്മാണ പ്രശ്നങ്ങളില്‍ പെട്ട് ഷൂട്ടിംഗ് ആരംഭിച്ചു കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ നിര്‍ത്തി വയ്ക്കുകയായിരുന്നു. മോഹന്‍ലാലിനെ കൂടാതെ ദിലീപും പ്രധാന വേഷത്തിലുണ്ടായിരുന്ന ‘ചക്രം’ നിന്ന് പോയപ്പോള്‍ വിദ്യയ്ക്ക് നഷ്ടമായത് തന്റെ സിനിമാ പ്രവേശം തന്നെയായിരുന്നു. പിന്നീട് തമിഴിലും മലയാളത്തിലുമായി തെന്നിന്ത്യയിലെ വിവിധ സിനിമാ പ്രൊജക്റ്റുകള്‍ക്കായി വിദ്യ തെരെഞ്ഞെടുക്കപ്പെട്ടെങ്കിലും പല കാരണങ്ങള്‍ കൊണ്ട് അവയൊന്നും തന്നെ നടന്നില്ല. വൈകാതെ, രാശിയില്ലാത്ത നടി എന്ന പേരും വീണു കിട്ടി വിദ്യയ്ക്ക്.
സിനിമാ മോഹങ്ങള്‍ ഏതാണ്ട് കെട്ടിപ്പൂട്ടി ആ പെണ്‍കുട്ടി മുംബൈയിലേക്കും അവിടെ താന്‍ അഭിനയിച്ചു കൊണ്ടിരുന്ന ഏക്താ കപൂറിന്റെ ‘ഹം പാഞ്ച്’ എന്ന സീരിയലിലേക്കും മടങ്ങി. വിദ്യ മറന്നെങ്കിലും വിധി മറന്നില്ല വിദ്യയ്ക്ക് സിനിമയോടുള്ള ഇഷ്ടം.
2005ല്‍ ദാദ എന്ന് വിളിക്കുന്ന പ്രദീപ് സര്‍ക്കാര്‍ സംവിധാനം ചെയ്ത ‘പരിണീത’ എന്ന ചിത്രത്തിനായി വിദ്യ ഓഡിഷന് ചെയ്യപ്പെട്ടു.
ആദ്യ കാഴ്ചയില്‍ തന്നെ ലളിത എന്ന ബംഗാളി നായിക വിദ്യ തന്നെ എന്ന് സംവിധായകന് മനസ്സില്‍ ഉറപ്പിച്ചെങ്കിലും പതിനെട്ടോളം തവണ സ്ക്രീന്‍ ടെസ്റ്റ് നടത്തിയതിന് ശേഷമാണ് വിദ്യാ ബാലന് സൈഫ് അലി ഖാന്റെ നായികയായി ‘പരിണീത’യിലേക്കും ബോളിവുഡിലേക്കും എത്തുന്നത്. ശേഷം ചരിത്രം.
2005ലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറി (ശരത് ചന്ദ്ര ചാറ്റര്‍ജീയുടെ കഥയെ ആസ്പദമാക്കി) പരസ്യ ചിത്ര സംവിധായന് പ്രദീപ് സര്‍ക്കാറിന്റെ കന്നി ചിത്രമായ ‘പരിണീത’. സിനിമയില്‍ നിന്നും തുടര്‍ച്ചയായി നിരാസങ്ങള്‍ നേരിട്ട വിദ്യ ഈ സിനിമയിലേക്ക് തെരെഞ്ഞെടുക്കപ്പെടും എന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്ന് പിന്നീട് പറഞ്ഞിട്ടുണ്ട്.
ഒരു സംഗീത പരിപാടി കേള്‍ക്കാന്‍ പോയപ്പോഴാണ് പ്രദീപ് സര്‍ക്കാര്‍ സിനിമയിലെ നായികയായി തന്നെ തെരഞ്ഞെടുത്ത വിവരം അറിയിച്ചത് എന്നും വിദ്യ ഓര്‍ത്തു. ബഹളത്തിനിടയില്‍ താന്‍ കേട്ടത് സത്യമാണോ എന്ന് വിശ്വസിക്കാന്‍ പോലുമാവാത്ത അവസ്ഥയിലായിരുന്നു താനെന്നും അവര്‍ വെളിപ്പെടുത്തി.
‘പരിണീത’ പതിമൂന്ന് വര്‍ഷങ്ങള്‍ തികയ്ക്കുന്നതിന്റെ സന്തോഷത്തില്‍ പ്രദീപ് സര്ക്കാരുമോത്ത് താന്‍ നില്ക്കുന്ന ഒരു ചിത്രവും വിദ്യ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചു.

അവിടെ തുടങ്ങി കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ‘തുംഹാരി സുലു’ വരെ, മുപ്പതോളം ചിത്രങ്ങളില്‍ വിദ്യ വേഷമിട്ടു. ‘ലാഗേ രഹോ മുന്നാഭായ്’, ‘ഗുരു’, ‘പാ’, ‘ഇഷ്കിയാ’, ‘നോ വണ്‍ കില്‍ഡ് ജെസ്സിക്ക’, ‘കഹാനി’ എന്നിങ്ങനെ നായികാ പ്രാധാന്യമുള്ള തന്റെ ചിത്രങ്ങളുടെ വലിയ ബോക്സ് ഓഫീസ് വിജയങ്ങള്‍ കാട്ടി ബോളിവുഡിന്റെ ഖാന് ത്രയങ്ങളെ വെല്ലുവിളിച്ചു. തെന്നിന്ത്യന്‍ അഭിനേത്രി സില്‍ക്ക് സ്മിതയുടെ ജീവിതമാസ്പദമാക്കിയുള്ള ‘ദി ഡര്‍ട്ടി പിക്ചര്‍’ എന്ന ചിത്രത്തിന് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം നേടി. ഇത് കൂടാതെ ആറു ഫിലിം ഫെയെര് പുരസ്കാരങ്ങളും അനേകം രാജ്യാന്തര അംഗീകാരങ്ങളും വിദ്യയുടെ പ്രതിഭയുടെ സാക്ഷ്യ പത്രങ്ങളായുണ്ട്. 2014ല്‍ പദ്മശ്രീ ലഭിച്ചു.
ബോളിവുഡിലെ തിരക്കുകള്‍ക്കിടയിലും മലയാളത്തെ മറന്നിരുന്നില്ല വിദ്യ. മലയാളം മാധ്യമങ്ങളോട് സംസാരിക്കുന്നതിനും മലയാള സിനിമാ കഥകള്‍ കേള്ക്കുന്നതിനുമൊന്നും അവര്‍ വിമുഖത കാണിച്ചിരുന്നില്ല.
‘സന്തോഷ് ശിവന് സംവിധാനം ചെയ്ത ‘ഉറുമി’യിലെ ഒരു നൃത്ത രംഗത്തിലും വിദ്യ അഭിനയിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ സംവിധാനം ചെയ്ത ‘ആമി’യില്‍ മാധവിക്കുട്ടിയുടെ വേഷം ചെയ്യാന്‍ കരാറൊപ്പിട്ട വിദ്യ പിന്നീട് ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. വിദ്യ പറഞ്ഞ കാരണങ്ങള്‍ ഒന്നും തന്നെ വിദ്യയുടെ ആദ്യ സംവിധായകന് കൂടിയായ കമലിനെ തൃപ്തിപ്പെടുത്തിയില്ല. അതോടെ മലയാള സിനിമയില്‍ നിന്നും വിദ്യാ ബാലന് എന്ന നടി ഒരിക്കല്‍ കൂടി അകന്നു.
ആദ്യ തവണ വിദ്യയെ നിരസിച്ചത് മലയാള സിനിമ ആയിരുന്നുവെങ്കില്‍ ഇത്തവണ ഒരു മലയാള സിനിമയ്ക്കുള്ള സാധ്യത നിരസിച്ചത് വിദ്യയാണ്.
വിധി വൈപരീത്യം പോലെ മലയാളത്തില്‍ നിന്നും അകന്നകന്ന് പോവുകയാണ്, മലയാളിയായിട്ടും മികച്ച നടിയായിട്ടും മലയാളത്തില്‍ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഭാഗ്യം തുണയ്ക്കാത്ത സമകാലിക ഇന്ത്യന്‍ സിനിമയിലെ ഈ മികച്ച നടി.