കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിതയും വിപ്ലവനായികയുമായ കെ ആർ ഗൗരിയമ്മയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയാണ് താരങ്ങളും. നിരവധി തവണ എം എൽ എയും മന്ത്രിയുമായിരുന്ന കേരള രാഷ്ട്രീയ, സാമൂഹിക ചരിത്രത്തിലെ പകരംവെക്കാനില്ലാത്ത വ്യക്തിത്വമായ ഗൗരിയമ്മയ്ക്ക് മുന്നിൽ ഓർമ്മപ്പൂക്കൾ അർപ്പിക്കുകയാണ് നടൻ ബാലചന്ദ്ര മേനോൻ.
തന്റെ കലാലയ ജീവിതത്തിനിടയിലെ ഒരോർമ്മയാണ് ബാലചന്ദ്രമേനോൻ പങ്കുവയ്ക്കുന്നത്. “എന്റെ ഫോട്ടോ ശേഖരത്തിലേക്ക് ഒരു അപൂർവ്വമായ ഇതൾ !
യൂണിവേഴ്സിറ്റി കോളേജ് ചെയർമാനായുള്ള എന്റെ കോളേജ് (1973 -1974) കാലഘട്ടത്തിൽ ഗൗരിയമ്മയെ ഒരു ചടങ്ങിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞത് ഭാഗ്യമായി ഞാൻ കരുതുന്നു. ചടങ്ങ് കഴിഞ്ഞു കാറിൽ കയറുമ്പോൾ എന്റെ ചെവിയിൽ മന്ത്രിച്ചത് ഓർമ്മയിലുണ്ട്.
“നല്ല ജനകീയനാണല്ലോ …രാഷ്ട്രീയത്തിൽ കൂടുന്നോ? “
ഉള്ളതു പറഞ്ഞാൽ എന്നെ രാഷ്ട്രീയത്തിലേക്കു ആദ്യമായി സ്വാഗതം ചെയ്തത് ഗൗരിയമ്മയാണ് ….അതിൽ പിന്നെ, പലപ്പോഴും പല രാഷ്രീയ കക്ഷികളും എന്നെ സജീവ രാഷ്ട്രീയത്തിലേക്കു ക്ഷണിച്ചുവെങ്കിലും എന്തു കൊണ്ടൊ എനിക്ക് ആ ‘പച്ചപ്പ് ‘ ആകർഷകമായി തോന്നിയില്ല എന്ന് മാത്രം. കേരളത്തിലെ ആദ്യ വനിതാ മന്ത്രിക്കു എന്റെ ആദരാഞ്ജലികൾ,” എന്നാണ് അദ്ദേഹം കുറിക്കുന്നത്.
ചേര്‍ത്തല പാണക്കാട് വിയാത്ര കളത്തിപ്പറമ്പില്‍ രാമന്റെയും പാര്‍വതിയമ്മയുടെയും മകളായി 1919 ജൂലൈ 14ന് ജനിച്ച ഗൗരിയമ്മയുടെ ജീവിതം ആധുനിക കേരളത്തിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയത്തിന്റെയും വിമോചന പോരാട്ടങ്ങളുടെയും ചരിത്രം കൂടെയാണ്.
കേരളം കണ്ട രാഷ്ട്രീയ നേതാക്കളില്‍ ഏറ്റവും കരുത്തയായിരുന്നു ഗൗരിയമ്മ, കേരളത്തിലെ ആദ്യ മന്ത്രിസഭ മുതൽ 46 വര്‍ഷം എം.എല്‍എയും ആറ് മന്ത്രിസഭകളിലായി 16 വര്‍ഷം മന്ത്രിയുമായിരുന്നു. റവന്യു, എക്സൈസ്, വ്യവസായം, ഭക്ഷ്യം, പൊതുവിതരണം, കൃഷി, സാമൂഹികക്ഷേമം, മൃഗസംരക്ഷണം തുടങ്ങി വ്യത്യസ്തമായ വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു ഗൗരിയമ്മ. ഗൗരിയമ്മയ്ക്കാണ് ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വനിത എന്ന റെക്കോര്‍ഡ്.
Read more: കാലം സാക്ഷി, കരയാത്ത ഗൗരി, ചരിത്രം സാക്ഷി, തളരാത്ത ഗൗരി
ഗൗരിയമ്മ എന്ന വിപ്ലവനായികയോട് തന്റെ അച്ഛനും സിപിഐഎം എൽ മുൻ സംസ്ഥാന ജോ. സെക്രട്ടറിയും ജില്ലാ സെക്രട്ടറിയുമായ എം ആർ പവിത്രനുണ്ടായിരുന്ന ആദരവിന്റെ കഥ പറയുകയാണ് നടി നിഖില വിമൽ.
കേരള രാഷ്ട്രീയത്തിലെ ഇതിഹാസം കെ ആർ ഗൗരിയമ്മയ്ക്ക് ആദരാഞ്ജലികൾ നേരുകയാണ് മലയാളികളുടെ പ്രിയതാരം മമ്മൂട്ടി.

കേരള രാഷ്ട്രീയത്തിലെ ഇതിഹാസം കെ ആർ ഗൗരിയമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മമ്മൂട്ടിയും.
