നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിലെ സിനിമാ തിയേറ്ററുകൾ വീണ്ടും സജീവമാവുകയാണ്. ബുധനാഴ്ച്ച മുതൽ തിയേറ്ററുകളുടെ അകത്തളങ്ങളിൽ ആർപ്പു വിളികൾ ഉയരും. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് സിനിമ നാളെ മുതൽ ബിഗ് സ്ക്രീനിൽ കാണാം. അന്യഭാഷാ ചിത്രങ്ങളാണ് ആദ്യം പ്രദർശനത്തിനെത്തുന്നത്.
നാളെ പുറത്തിറങ്ങുന്ന സിനിമകളിൽ ഒന്ന് ജയിംസ് ബോണ്ട് ചിത്രമായ, ‘നോ ടൈം ടു ഡൈ’ ആണ്. സിനിമാ തിയേറ്ററുകളെപ്പറ്റി ചിന്തിക്കുമ്പോൾ യോജിച്ച പേരുമായാണ് ചിത്രമെത്തുന്നത്.
കേരളത്തിനു മുന്നേ തിയേറ്ററുകൾ തുറന്ന ഇന്ത്യയിലെ മറ്റിടങ്ങളിളിലെല്ലാം റെക്കോഡ് കളക്ഷനുമായി മുന്നേറുന്ന ‘നോ ടൈം ടു ഡൈ’ ഇരുപത്തിയഞ്ചാമത്തെ ജെയിംസ് ബോണ്ട് സിനിമയാണ്. കളക്ഷനിൽ മാത്രമല്ല നിരൂപകരുടെ റേറ്റിംഗിലും ഉയർന്ന സ്ഥാനം നിലനിർത്തിക്കൊണ്ടാണ് ബോണ്ട് ഫ്രാഞ്ചെസിയിൽ നിന്നുള്ള തന്റെ വിടവാങ്ങൽ ഡാനിയല്‍ ക്രെയ്ഗ് ഗംഭീരമാക്കിയിരിക്കുന്നത്. പ്രേക്ഷകരെ സിനിമ കഴിയും വരെ സീറ്റിൽ പിടിച്ചിരുത്തുന്ന ത്രില്ലിംഗ് കഥയാണ് പുതിയ ബോണ്ട് സിനിമയുടെ തുറുപ്പുചീട്ട്.
ജെയിസ് ബോണ്ട് ചിത്രങ്ങളുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ദൈർഘ്യമുള്ള സിനിമയാണ് ‘നോ ടൈം ടു ഡൈ’. 163 മിനിറ്റ് ആണ് ഈ ചിത്രത്തിന്റെ ആകെ ദൈർഘ്യമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കാരി ജോജി ഫുക്കുനാഗയാണ് സംവിധാനം. ക്രിസ്റ്റോഫ് വാൾട്ട്‌സ്, റമി മാലിക്, അനഡെ അർമാസ്, ലഷാന ലിഞ്ച്, ഡേവിഡ് ഡെൻസിക്, ബില്ലി മഗ്നുസ്സെൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
പേരിടുന്നതിനു മുമ്പ് ‘ബോണ്ട് 25’ സംവിധാനം ചെയ്യാനിരുന്നത് ഡാന്നി ബോയൽ ആയിരുന്നു. എന്നാൽ ‘നോ ടൈം റ്റു ഡൈ’ സംവിധാനം ചെയ്തത് ക്യാരി ഫുകുനാഗയും.
Also Read: ഓടിടി സാധ്യത തള്ളിക്കളയാനാവില്ല; മരക്കാർ റിലീസിനെക്കുറിച്ച് ആൻറണി പെരുമ്പാവൂർ
സിനിമാരംഗത്ത് അങ്ങനെ സംഭവിക്കാറുണ്ടെന്നാണ് ഡാനിയൽ ക്രെയ്ഗ് പറഞ്ഞത്. “ബോണ്ട് സിനിമയാകുമ്പോൾ അതിന്റെ പ്രശസ്തിയും അതുപോലെ തീവ്രമായിരിക്കുമല്ലോ. ക്യാരി ആ സമയത്ത് ഫ്രീയായി. നിർമാതാക്കളിലൊരാളായ ബാർബറ ബ്രൊക്കോളിയുമായി ഒരു ബോണ്ട് സിനിമ ചെയ്യാനുള്ള ആഗ്രഹം ക്യാരി മുൻപു തന്നെ പങ്കുവെച്ചിരുന്നതുമാണ്. സ്റ്റൈലിഷായ ദൃശ്യഭംഗിയുടെ കാര്യത്തില്‍ അതുല്യപ്രതിഭാസമാണ് ക്യാരി. ഒരു ബോണ്ട് പടത്തെ സംബന്ധിച്ചിടത്തോളം അത് വളരെ പ്രധാനമാണ്. മേക്കിംഗിന്റെ ഭാഷയില്‍ കൃതഹസ്തനായിരിക്കുകയെന്നതും നിർണായകമാണ്. കഥ പറച്ചിൽ മാത്രമല്ല ഫീലിലും ലുക്കിലും അത് പ്രതിഫലിക്കും. ക്യാരി ചെറുപ്പമാണെന്നതും ശ്രദ്ധേയമാണ്. അത് ഒരുപാട് സ്റ്റാമിന തരും. ഏഴു മാസത്തെ ഷൂട്ടിംഗായിരുന്നു. ഒരുപാട് ഊർജം വേണ്ട സംഗതി. അങ്ങനെ ഒരു സംവിധായകനെ കിട്ടാൻ ഞങ്ങള്‍ ഭാഗ്യം ചെയ്തു. അദ്ദേഹം ഒരു എഴുത്തുകാരനാണെന്നതും സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. കാരണം ഇടയ്ക്കിടെ കഥാഗതിയിൽ പുതിയതും നല്ലതുമായ മാറ്റങ്ങൾ വരുത്താൻ അത് സഹായമായി,” ക്രെയ്ഗ് പറഞ്ഞു.