തിരുവനന്തപുരം: 2021-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ പ്രഖ്യാപനം ബഹു.സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ഇന്ന് (27.05.2022) വൈകിട്ട് 04 മണിയ്ക്ക് സെക്രട്ടേറിയേറ്റിലെ പി.ആർ.ചേംബറിൽ.
142 സിനിമകളാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കു വേണ്ടി സമര്‍പ്പിക്കപ്പെട്ടത്. ഇവയില്‍ ഏഴെണ്ണം കുട്ടികളുടെ ചിത്രങ്ങളാണ്. സൂപ്പർ താരങ്ങളുടെ കൊമേഴ്സ്യൽ ചിത്രങ്ങൾക്കൊപ്പം സമാന്തരസിനിമകളും ഇത്തവണ മത്സരത്തിനുണ്ട്. ഒരുപിടി നവാഗത സംവിധായകരുടെ ചിത്രങ്ങങ്ങളും താര രാമാനുജൻ, ഇന്ദു വി എസ്, വിധു വിൻസെന്റ് തുടങ്ങിയ വനിതാ സംവിധായകരുടെ ചിത്രങ്ങളും ഈ വർഷം സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി മത്സരിക്കുന്നുണ്ട്.
ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സ ചെയര്‍മാനായ ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്. സംവിധായകനും ചലച്ചിത്ര നിരൂപകനുമായ കെ.ഗോപിനാഥന്‍, പ്രമുഖ സംവിധായകന്‍ സുന്ദര്‍ദാസ് എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാർ. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങളുമാണ്.
സയ്യിദ് മിര്‍സ, സുന്ദര്‍ദാസ്, കെ.ഗോപിനാഥന്‍ എന്നിവര്‍ക്കു പുറമെ അന്തിമവിധിനിര്‍ണയ സമിതിയില്‍ ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സുരേഷ് ത്രിവേണി, ചലച്ചിത്രപിന്നണി ഗായിക ബോംബെ ജയശ്രീ, ഛായാഗ്രാഹകയും സംവിധായികയുമായ ഫൗസിയ ഫാത്തിമ, സൗണ്ട് ഡിസൈനര്‍ ഹരീന്ദ്രനാഥ് ദ്വാരക് വാര്യര്‍ എന്നിവരും അംഗങ്ങളാണ്. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പ്രാഥമിക, അന്തിമ വിധിനിര്‍ണയ സമിതികളില്‍ മെമ്പര്‍ സെക്രട്ടറിയാണ്.
ചലച്ചിത്രനിരൂപകന്‍ വി.കെ ജോസഫ് ആണ് രചനാവിഭാഗം ജൂറിയുടെ ചെയര്‍മാന്‍. മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ മനില സി.മോഹന്‍, ചലച്ചിത്രനിരൂപകനും തിരക്കഥാകൃത്തുമായ ഡോ.അജു കെ.നാരായണന്‍, സി.അജോയ് (മെമ്പര്‍ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങള്‍.