കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാന ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിക്കുന്നത് സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കണം എന്നാവശ്യപ്പെട്ടു ഒരു സംഘം സാംസ്കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഈ വിഷയത്തില്‍ തന്റെ നിലപാട് അറിയിക്കുകയാണ് നടനും ഈ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്കാര ജേതാവുമായ ഇന്ദ്രന്‍സ്. പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“എന്റെ കാര്യം അറിയാമല്ലോ. ‘സ്ഫടികം’ ‘തൂവാനത്തുമ്പികള്‍’ പോലെയുള്ള സിനിമകളില്‍ അദ്ദേഹവുമായി സഹകരിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ സാര്‍ ആണെങ്കിലും മമ്മൂട്ടി സാര്‍ ആണെങ്കിലും, അവരുടെ ചൂടും ചൂരും അനുഭവിച്ചാണ് ഇങ്ങനെ രൂപപ്പെട്ടു വന്നത്. അവരുടെയൊക്കെ സാന്നിദ്ധ്യം എനിക്ക് വലിയ ഊര്‍ജ്ജമാണ്, ഉത്സാഹമാണ്. സിനിമ ഒരു കുടുംബം പോലെയാണ്. അപ്പോള്‍ മുതിര്‍ന്നവര്‍ വന്നില്ലെങ്കില്‍ ആ ചടങ്ങ് നാഥനില്ലാത്തത് പോലെയായിപ്പോകും.

അവര്‍ വന്നിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. പക്ഷേ എനിക്ക് ഇതു കേട്ടപ്പോള്‍ വലിയ സങ്കടമായി. എന്താണ് അങ്ങനെ ഒരു അഭിപ്രായം പറയാന്‍ കാരണം എന്ന് എനിക്കറിയില്ല.”, ഇന്ദ്രന്‍സ് പറഞ്ഞു.

ആരും പിണങ്ങരുത് എന്നും എല്ലാവരും വരണം എന്ന് ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു. തന്നെപ്പോലെ ഒരാള്‍ക്ക്‌ അപൂര്‍വ്വമായിട്ടാണ് ഇങ്ങനെ ഒരവസരം വരുന്നത് എന്നും അപ്പോള്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രകാശ് രാജ്, എന്‍.എസ് മാധവന്‍, രാജീവ് രവി, റിമ കല്ലിങ്കല്‍ തുടങ്ങി 105പേര്‍ പ്രസ്താവനയില്‍ ഒപ്പിട്ട പ്രസ്താവനയിലാണ് പുരസ്‌കാരത്തിനായി മത്സരിച്ചവരില്‍ ഒരാള്‍ തന്നെ മുഴുവന്‍ പുരസ്‌കാര ജേതാക്കളെയും മുഖ്യമന്ത്രിയേയും മറി കടന്ന് ചടങ്ങില്‍ മുഖ്യാഥിതിയാകുന്നത് ഔചിത്യമല്ലെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍ അറിയിച്ചത്.

Read More: ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി വേണ്ടെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍

എന്നാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാന ചടങ്ങിലേക്ക് തന്നെ ആയും ക്ഷണിച്ചിട്ടു പോലുമില്ല എന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു.

“ക്ഷണിക്കുന്നതു സംസ്ഥാന സര്‍ക്കാരാണ് എല്ലാക്കാലത്തും സര്‍ക്കാരുകളോട് രാഷ്ട്രീയം നോക്കാതെ ബഹുമാനത്തോടെയാണ് ഞാന്‍ പെരുമാറിയിട്ടുള്ളത്. അവാര്‍ഡ് കിട്ടിയതും കിട്ടാത്തതുമായ ചടങ്ങുകള്‍ക്കു പോലും പോയിട്ടുണ്ട്. ഇപ്പോള്‍ ക്ഷണം പോലും കിട്ടാത്ത കാര്യത്തെക്കുറിച്ച് ഞാന്‍ എന്താണ് പ്രതികരിക്കേണ്ടത്,” എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

Read More:  ക്ഷണം പോലും കിട്ടാത്ത കാര്യത്തെക്കുറിച്ച് ഞാന്‍ എന്താണ് പ്രതികരിക്കേണ്ടത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook