കേരളത്തിൽ നിർമ്മിക്കുന്ന കലാമൂല്യമുള്ള ചലച്ചിത്രങ്ങൾക്കും അതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന മികച്ച നടീനടന്മാർക്കും സാങ്കേതികപ്രവർത്തകർക്കും നൽകുന്ന പുരസ്കാരങ്ങളാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ.
1969ലാണ് ഇത് നൽകി തുടങ്ങിയത്. 1998 മുതൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് വേണ്ടി പുരസ്കാരങ്ങൾ നൽകുന്നത്.
ഏറ്റവും കൂടുതൽ തവണ മികവിനുള്ള പുരസ്കാരമേറ്റു വാങ്ങി ചരിത്രം കുറിച്ച ചില പ്രതിഭകളും നമുക്കുണ്ട്. കെജെ യേശുദാസ്, എംടി വാസുദേവൻ നായർ, ജി അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, കെ എസ് ചിത്ര, ഒഎൻവി കുറുപ്പ്, ഭരതൻ, എസ് ജാനകി എന്നിവരെല്ലാം ഏറ്റവും കൂടുതൽ തവണ സംസ്ഥാന പുരസ്കാരം നേടിയവരുടെ പട്ടികയിലുണ്ട്.
26 തവണയാണ് യേശുദാസിനെ തേടി സംസ്ഥാന പുരസ്കാരമെത്തിയത്. എംടി വാസുദേവൻ നായർ 21 തവണയും അടൂർ 17 തവണയും ചിത്ര 16 തവണയും എസ് ജാനകി 11 തവണയും പുരസ്കാരങ്ങൾ കരസ്ഥമാക്കി.
Read Here: 52nd Kerala State Film Awards Full List: പുരസ്കാരങ്ങളുടെ പൂർണ പട്ടിക
തുടർച്ചയായുള്ള വർഷങ്ങളിൽ ഏറ്റവും കൂടുതൽ തവണ പുരസ്കാരം സ്വന്തമാക്കിയ പ്രതിഭ കെ എസ് ചിത്രയാണ്. 1985 മുതൽ 95 വരെയുള്ള വർഷങ്ങളിൽ തുടർച്ചയായി 11 പുരസ്കാരങ്ങളാണ് ചിത്ര സ്വന്തമാക്കിയത്. യേശുദാസ് 1979 മുതൽ 1986 വരെയുള്ള വർഷങ്ങളിൽ തുടർച്ചയായി എട്ടു തവണ അവാർഡുകൾ സ്വന്തമാക്കി, പിന്നീട് 1993 മുതൽ 1998 വരെയുള്ള കാലഘട്ടങ്ങളിലും തുടർച്ചയായി ആറു അവാർഡുകൾ യേശുദാസിനെ തേടിയെത്തി. എസ് ജാനകിയും തുടർച്ചയായി ആറു തവണ സംസ്ഥാനപുരസ്കാരം നേടിയിട്ടുണ്ട്, 1979 മുതൽ 1984 വരെയുള്ള വർഷങ്ങളിൽ ആ നേട്ടം മറ്റാർക്കും അവർ വിട്ടു കൊടുത്തില്ല.
Read Here: ഒരു ചെറുതല്ലാത്ത ഇടവേള – കെ എസ് ചിത്രയുടെ കൈകളിലേക്ക് മറ്റൊരു സംസ്ഥാന പുരസ്കാരമെത്തുമ്പോള്‍…