തിരുവനന്തപുരം: ഏറെ നാളത്തെ വിവാദങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ട് സംസ്ഥാന ചലച്ചിത്ര അവാർഡിന് മോഹൻലാൽ എത്തി. മുഖ്യാതിഥിയായാണ് മോഹൻലാൽ ചടങ്ങിനെത്തിയത്. തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പരിപാടി. മോഹന്‍ലാലിനെ ചലച്ചിത്ര താരമെന്ന പരിവേഷത്തിലല്ല പുരസ്കാര ചടങ്ങിലേക്ക് ക്ഷണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയിലെ അഭിനയപ്രതിഭകളുടെ ആദ്യനിരയില്‍ തന്നെ സ്ഥാനമുളള പ്രഗത്ഭനായ താരമെന്ന നിലയിലാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തന്നെ ക്ഷണിച്ചതിന് സര്‍ക്കാരിന് നന്ദി അറിയിക്കുന്നതായി മോഹന്‍ലാല്‍ പറഞ്ഞു.

‘പുരസ്കാരങ്ങള്‍ ലഭിക്കുന്നവരോട് അസൂയ തോന്നിയിട്ടില്ല. പകരം അവരോളം പ്രകടനം നടത്താന്‍ കഴിഞ്ഞില്ലല്ലോ എന്ന വികാരമാണ്. ഇന്ദ്രന്‍സിന് ലഭിച്ചപ്പോഴും അതാണ് തോന്നിയത്. അത് പുരസ്കാരം കിട്ടാത്തതിലുളള നിരാശയല്ല. സാക്ഷാത്കാരത്തിന് വേണ്ടിയുളള അഭിനിവേഷമായിട്ടാണ് കണക്കാക്കുന്നത്. ഇന്ദ്രന്‍സിന് എല്ലാവിധ ഭാവുകങ്ങളും. ഏറ്റവും നല്ല നടിയായി തിരഞ്ഞെടുക്കപ്പെട്ട പാർവ്വതിക്കും അഭിനന്ദനങ്ങള്‍. ശ്രീകുമാരന്‍ തമ്പി സാറിനും അര്‍ജുനന്‍ മാഷിനും മറ്റ് എല്ലാ പുരസ്കാര ജേതാക്കള്‍ക്കും അഭിനന്ദനം അറിയിക്കുന്നു’, മോഹന്‍ലാല്‍ വ്യക്തമാക്കി.

‘സിനിമാ വ്യവസായത്തിന് ഗുണകരമായ രീതിയില്‍ നടപടി എടുക്കുന്ന മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു. നമ്മളെല്ലാവരും ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഞാനൊരു മുഖ്യാതിഥിയായി എനിക്ക് തോന്നിയിട്ടില്ല. ഷൂട്ടിങ് ഇല്ലാത്ത ഒരു ദിവസം എല്ലാവരുടേയും കൂടെ സന്തോഷം പങ്കിടാനുളള ഒരു അവസരം മാത്രമായാണ് കണക്കാക്കുന്നത്. നിങ്ങള്‍ക്ക് ഇടയിലേക്ക് വരാന്‍ മറ്റാരുടേയും അനുവാദം എനിക്ക് വേണ്ട എന്ന് വിശ്വസിക്കുന്നു. കഴിഞ്ഞ 40ല്‍ അധികം വര്‍ഷക്കാലമായി നിങ്ങള്‍ക്കിടയിലുളള ആളാണ് ഞാന്‍. ഇതുവരെ മറ്റൊരു മേച്ചില്‍പുറവും ഞാന്‍ തേടി പോയിട്ടില്ല. ഒരിക്കലും നിങ്ങളെ വിട്ടും സിനിമയെ വിട്ടും മറ്റൊരു മേഖല കൊതിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എന്റെ സഹപ്രവര്‍ത്തകര്‍ ആദരിക്കപ്പെടുന്നത് കാണാന്‍ എനിക്ക് അവകാശമുണ്ട്. എനിക്ക് അഭിമാനമുണ്ട്. കാലത്തിന്റെ തിരശ്ശീല വീഴുന്നത് വരെ ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും. നിങ്ങള്‍ക്കിടയില്‍ എനിക്കൊരു സ്ഥാനം ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു’, മോഹന്‍ലാല്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ തിരിച്ചെടുക്കാൻ താരസംഘടനയായ അമ്മ തീരുമാനിച്ചതിനെ തുടർന്ന് സംഘടനയുടെ പ്രസിഡന്റ് കൂടിയായ മോഹൻലാലിനെ ചടങ്ങിൽ പങ്കെടുപ്പിക്കരുത് എന്നാവശ്യപ്പെട്ട് ചലച്ചിത്ര പ്രവർത്തകരും, എഴുത്തുകാരും, മാദ്ധ്യമപ്രവർത്തകരും ഉൾപ്പെടെ 105 പേർ മുഖ്യമന്ത്രിക്ക് ഹർജി നൽകിയിരുന്നു.

എന്നാൽ ആരൊക്കെ പങ്കെടുത്തില്ലെങ്കിലും മോഹൻലാലിനെ പങ്കെടുപ്പിക്കുന്നതിൽ നിന്നും പിന്നോട്ടില്ലെന്ന് മന്ത്രി എ.കെ.ബാലൻ വ്യക്തമാക്കുകയായിരുന്നു. അതേസമയം, അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രിക്ക് ആദരാഞ്ജലി അർപ്പിച്ചാണ് ചടങ്ങുകൾ നടന്നത്. വേദിയിൽ തിരക്കഥാകൃത്ത് കൂടിയായിരുന്ന കലൈഞ്ജരുടെ വലിയ ഛായാചിത്രം സ്ഥാപിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ