മികച്ച നടനായി തിരഞ്ഞെടുത്തതിൽ സന്തോഷമെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. നല്ല കഥാപാത്രങ്ങൾ ലഭിച്ചതിലും അത് ജനങ്ങൾ തിയറ്ററില്‍ കണ്ടതിലും ഇപ്പോൾ സർക്കാരിന്റെ അംഗീകാരം ലഭിച്ചതിലും ഏറെ സന്തോഷമെന്നും സുരാജ് കൊച്ചിയിൽ പറഞ്ഞു.

“2019 ഒരുപാട് മികച്ച സിനിമകളും വേഷങ്ങളും എനിക്ക് കിട്ടി. ജനം അതു കണ്ടു എന്നതും സന്തോഷമാണ്. ഇപ്പോൾ സർക്കാരും അതിനെ അംഗീകരിക്കുന്നു. ഒരുപാട് സന്തോഷം. ഉത്തരവാദിത്തം കൂട്ടുന്ന പുരസ്കാരം കൂടിയാണിത്. വീണ്ടും ഒരുപാട് നല്ല വേഷങ്ങൾ തേടിയെത്തുന്നുണ്ട്. ഇതൊക്കെ ജനങ്ങളിലെത്താൻ ജനജീവിതം സാധാരണ രീതിയിലാവണം. അതുവേഗം ഉണ്ടാകട്ടെ, ജനം തിയറ്ററിലെത്തട്ടെ. ഇപ്പോൾ ഞാനും പൃഥ്വിയും അഭിനയിക്കുന്ന ജനഗണമന എന്ന സിനിമയുടെ ലൊക്കേഷനിലാണ്. അവാർഡ് പ്രഖ്യാപിച്ചതോടെ വൻചെലവ് ഇവിടെ വേണ്ടിവരും.”

Read More: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിജയികൾ; ഒറ്റനോട്ടത്തിൽ

നല്ല പരിചയസമ്പന്നരാണ് ഈ സിനിമകളുടെ അണിയറയിലുണ്ടായിരുന്നത്. ഈ പുരസ്കാരനേട്ടം ഉത്തരവാദിത്തം വർധിപ്പിച്ചിരിക്കുകയാണ്. നല്ല കഥാപാത്രങ്ങൾ ഇനിയും തേടിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്കൊപ്പം പുരസ്കാരങ്ങൾ നേടിയ എല്ലാവരെയും അഭിനന്ദിക്കുന്നതായും സുരാജ് പറഞ്ഞു.

Read More: അപ്രതീക്ഷിതമായ സന്തോഷമാണിത്; പുരസ്കാരനിറവിൽ വിനീത്

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25, വികൃതി എന്നീ ചിത്രങ്ങളാണ് സുരാജിനെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരത്തിന് അർഹനാക്കിയത്. രണ്ട് ചിത്രങ്ങളിലെ തികച്ചും വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളുടെ ആത്മസംഘര്‍ഷങ്ങളെ ഹൃദയസ്പര്‍ശിയായി ആവിഷ്കരിച്ച അഭിനയമികവിനാണ് സുരാജിന് പുരസ്കാരമെന്ന് ജൂറി വ്യക്തമാക്കി.

ബിരിയാണി എന്ന സിനിമയിലെ കഥാപാത്രത്തിന് കനി കുസൃതി മികച്ച നടിയായി. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്‌സ്), സ്വാസിക (വാസന്തി) മികച്ച സ്വഭാവ നടി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി ജല്ലിക്കട്ട് സംവിധാനം ചെയ്ത ലിജോ ജോസ് പല്ലിശ്ശേരി അർഹനായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook