Kerala State Film Awards 2019 Live Updates: പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 50ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം സുരാജ് വെഞ്ഞാറമൂടും മികച്ച നടിയ്ക്കുള്ള പുരസ്കാരം കനി കുസൃതിയും നേടി. ലിജോ ജോസ് പെല്ലിശ്ശേരിയാണു മികച്ച സംവിധായകൻ.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളാണ് സുരാജിനെ അവാർഡിന് അർഹനാക്കിയത്. ബിരിയാണി എന്ന ചിത്രത്തിലെ പ്രകടനമാണ് കനിയെ മികച്ച നടിക്കുള്ള പുരസ്കാരത്തിന് അർഹയാക്കിയത്.
നിവിൻ പോളി (മൂത്തോൻ), അന്നാ ബെൻ (ഹെലൻ), പ്രിയംവദ (തൊട്ടപ്പൻ) എന്നിവർ പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി.
മികച്ച നവാഗത സംവിധായകന്: രതീഷ് പൊതുവാൾ (ആൻഡ്രോയിഡ് കുഞ്ഞപ്പൻ). മികച്ച ചിത്രം വാസന്തി. രണ്ടാമത്തെ ചിത്രം കെഞ്ചിര. മികച്ച ജനപ്രിയ ചിത്രം കുമ്പളങ്ങി നൈറ്റ്സ്. മികച്ച തിരക്കഥാകൃത്ത്: റഹ്മാൻ ബ്രദേഴ്സ് (വാസന്തി).
Read More: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിജയികൾ; ഒറ്റനോട്ടത്തിൽ
‘കുമ്പളങ്ങി നൈറ്റ്സി’ലെ അഭിനയത്തിലൂടെ മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ഫഹദ് ഫാസിൽ സ്വന്തമാക്കി. ‘വാസന്തി’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സ്വാസിക മികച്ച സ്വഭാവ നടിയ്ക്കുള്ള പുരസ്കാരം നേടി.
119 സിനിമകളാണ് ഇത്തവണ മത്സര രംഗത്ത് ഉണ്ടായിരുന്നത്. നവാഗത സംവിധായകരുടേതായി 71 സിനിമകൾ സമർപ്പിച്ചിരുന്നു.
ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് (ചെയർമാൻ), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, ചിത്രസംയോജകനായ എൽ ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ് രാധാകൃഷ്ണൻ, ഗായിക ലതിക, അഭിനേത്രി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ,ചലച്ചിത്ര അക്കാദമി സെക്രട്ടറി സിഅജോയ് (മെംബർ സെക്രട്ടറി) എന്നിവർ അടങ്ങുന്ന ജൂറിയാണ് ഇത്തവണത്തെ ചലച്ചിത്ര പുരസ്കാരങ്ങൾ നിശ്ചയിച്ചത്.
സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. ഡിസംബർ അവസാനത്തോടെ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് മന്ത്രി അറിയിച്ചു.