Kerala State Film Awards 2018: 49-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനവേദിയിൽ ഏറ്റവും കൂടുതൽ അവാർഡുകൾ കരസ്ഥമാക്കിയ ചിത്രങ്ങൾ ‘സുഡാനി ഫ്രം നൈജീരിയ’യും കാർബണുമാണ്. ജനപ്രീതിയിലും സംവിധാനത്തിലും തിരക്കഥയിലും അഭിനയത്തിലുമൊക്കെ ‘സുഡാനി ഫ്രം നൈജീരിയ’ തിളങ്ങിയപ്പോൾ സാങ്കേതിക വിഭാഗങ്ങളിൽ ആറു അവാർഡുകളാണ് ‘കാർബൺ’ സ്വന്തമാക്കിയത്.

ജനപ്രിയ ചിത്രം, മികച്ച നവാഗത സംവിധായകന്‍ (സക്കരിയ), മികച്ച നടന്‍ (സൗബിന്‍), മികച്ച സ്വഭാവ നടി (സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി), മികച്ച തിരക്കഥ (സക്കരിയ, മുഹ്‌സിന്‍ പെരാരി) എന്നീ പുരസ്‌കാരങ്ങളാണ് സുഡാനി ഫ്രം നൈജീരിയയെ തേടിയെത്തിയത്. തിയേറ്ററുകളിൽ വന്‍ വിജയമായ ‘സുഡാനി ഫ്രം നൈജീരിയ’ നിരവധി അവാര്‍ഡുകള്‍ നേരത്തെ തന്നെ സ്വന്താക്കിയിരുന്നതു കൊണ്ടുതന്നെ സംസ്ഥാന അവര്‍ഡ് പ്രഖ്യാപനത്തിലും ഏറെ പ്രതീക്ഷകൾ നൽകിയ ചിത്രങ്ങളിലൊന്നാണ്.

അതേസമയം, മികച്ച സംഗീതസംവിധാനം (വിശാൽ ഭരദ്വാജ്), മികച്ച ക്യാമറമാൻ (കെയു മോഹനൻ), സിങ്ക് സൗണ്ട് (അനിൽ രാധാകൃഷ്ണൻ), ശബ്ദമിശ്രണം​ (ബിനോയ് ജോസഫ്), ശബ്ദ ഡിസൈൻ (ജയദേവൻ സി) എന്നിങ്ങനെ അഞ്ചു അവാർഡുകളും പ്രോസസിംഗ് ലാബ്/കളറിസ്റ്റ് കാറ്റഗറിയിൽ ചിത്രം പ്രോസസ് ചെയ്ത പ്രൈം ഫോക്കസ് ബോംബെയുമാണ് കാർബണിനു വേണ്ടി പുരസ്കാരങ്ങൾ നേടിയത്. ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചത് രാജ്യത്തെ ഏറ്റവും മികച്ച ടെക്നീഷ്യൻമാർ ആണെന്നതു തന്നെയാണ് ‘കാർബണി’നെ ശ്രദ്ധേയമാക്കിയ ഘടകം. ആ ഘടകം തന്നെയാണ് ചിത്രത്തിനെ പുരസ്കാരപെരുമഴയ്ക്ക് അർഹമാക്കിയിരിക്കുന്നതും. വിഖ്യാത ബോളിവുഡ് ക്യാമറാമാനും മലയാളിയുമായ കെ യു മോഹനന്‍ എത്രയോ വർഷങ്ങൾക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയത് ‘കാർബണി’ലൂടെയാണ്.

കമൽ സംവിധാനം ചെയ്ത ‘ആമി’യും വേണു സംവിധാനം ചെയ്ത്, ബീനാ പോൾ എഡിറ്റിംഗ് നിർവ്വഹിച്ച ‘കാർബണും’ സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പരിഗണന പട്ടികയിൽ നിന്നും പിൻവലിക്കണമെന്ന് മുൻപ് സാംസ്കാരിക വകുപ്പ് മന്ത്രി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയ്ക്ക് നിർദ്ദേശം നൽകിയത് വിവാദങ്ങൾക്ക് ഇട നൽകിയിരുന്നു. അക്കാദമി ചെയര്‍മാന്‍ കമലും വൈസ് ചെയര്‍പേര്‍സണ്‍ ബീനാ പോളും പുരസ്കാരങ്ങളുടെ തെരഞ്ഞെടുപ്പിനും പുരസ്കാരദാന ചടങ്ങുകള്‍ക്കും ചുമതലയുള്ള ചലച്ചിത്ര അക്കാദമിയുടെ പ്രധാന സ്ഥാനങ്ങളിൽ ഇരിക്കുന്നവരാണ് എന്നതുകൊണ്ടായിരുന്നു അത്തരമൊരു നിർദ്ദേശം. വിമർശനങ്ങളും വിവാദങ്ങളും ശക്തമായതോടെ ചിത്രങ്ങളെ മത്സരവിഭാഗത്തിലേക്ക് പരിഗണിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ, ‘കാർബണി’ന്റെ പുരസ്കാരനേട്ടങ്ങൾക്ക് മിഴിവേറുകയാണ്.

Read more: Kerala State Film Awards 2018: ‘കാർബണും’ ‘ആമി’യും മത്സരിക്കാതെയാകുമ്പോൾ

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ