മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒന്നാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം. അതിൽത്തന്നെ മികച്ച നടനുളള പുരസ്കാരം ആർക്കായിരിക്കുമെന്നാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. ഏവരും ഒന്നടങ്കം പിന്തുണച്ചത് കമ്മട്ടിപ്പാടത്തിലൂടെ മികച്ച അഭിനയം കാഴ്ചവച്ച വിനായകനെയായിരുന്നു. ഒടുവിൽ പ്രതീക്ഷിച്ചതുപോലെതന്നെ വിനായകൻ മികച്ച നടനുള്ള പുരസ്കാരം നേടി.

ഒരു നടനായുളള വിനായകന്റെ വളർച്ച അവിശ്വസനീയമാണ്. ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമയിൽ വന്ന വിനായകന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു.

വിനായകനിലെ നടൻ അനശ്വരമാക്കിയ കഥാപാത്രങ്ങൾ അനവധിയാണ്. 1995 ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മാന്ത്രികം എന്ന ചിത്രത്തിലൂടെയാ​ണ് വിനായകൻ സിനിമാ രംഗത്തെത്തുന്നത്. എന്നാൽ വിനായകനെ പ്രേക്ഷകർക്ക് സുപരിചിതനാക്കിയത് എ.കെ. സാജൻ സംവിധാനം ചെയ്ത സ്റ്റോപ്പ് വയലൻസിലെ മൊന്ത എന്ന കഥാപാത്രമാണ്. നെഗറ്റീവ് ടച്ചുളള കഥാപാത്രങ്ങളായിരുന്നു ആദ്യ കാലത്ത് വിനായകനെ തേടിയെത്തിയത്. ക്വട്ടേഷൻ ടീമികളിലെ അംഗമായിരുന്നു ആദ്യ കാലത്തെ വിനായകന്റെ കഥാപാത്രങ്ങൾ.

പക്ഷേ ചതിക്കാത്ത ചന്തുവിലെ റോമിയോ പ്രേക്ഷകരെ ഒരു പാട് ചിരിപ്പിച്ചു. ഛോട്ടാ മുംബൈയിലെ സതീശനും ബിഗ് ബിയിലെ കഥാപാത്രവും വിനായകനിലെ നടനെ പ്രേക്ഷകരോട് അടുപ്പിച്ചു. ചിന്താമണി കൊലക്കേസിലെ ഉച്ചാണ്ട് വിനായകന്റെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്. പ്രേക്ഷകർ എന്നെന്നും ഓർത്തു വെക്കുന്ന വിനായകന്റെ കഥാപാത്രങ്ങളിലൂടെ….

കമ്മട്ടിപ്പാടം
ഈ ഒരൊറ്റ ചിത്രം മതി വിനായകനിലെ നടനെ അടയാളപ്പെടുത്താൻ. ഒരു ദുൽഖർ ചിത്രമായിരുന്നിട്ടും ഏറ്റവും കൂടുതൽ കയ്യടി നേടിയത് വിനായകന്റെ ഗംഗ എന്ന കഥാപാത്രമായിരുന്നു. രൂപത്തിലും ഭാവത്തിലും പുതിയൊരു വിനായകനെയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകർ കണ്ടത്. സിനിമ കണ്ട ആരും കമ്മട്ടിപ്പാടത്തിലെ ഗംഗയെ മറക്കില്ല.

കലി
കലി ചിത്രം തുടങ്ങുമ്പോൾ തന്നെ കാണുക നല്ല കട്ട കലിപ്പിൽ നിൽക്കുന്ന വിനായകനെയാണ്. എന്നെന്നും ഓർമയിൽ വയ്ക്കാവുന്ന ഒരു കഥാപാത്രമായിരുന്നു വിനായകന്റേത്. ക്വട്ടേഷൻ ലീഡറായും ഹോട്ടൽ മുതലാളിയായും ഗംഭീര അഭിനയമാണ് വിനായകൻ കാഴ്ച വച്ചത്.

vinayakan


ഇയ്യോബിന്റെ പുസ്തകം

അമൽ നീരദ് ഒരുക്കിയ ഇയ്യോബിന്റെ പുസ്‌തകത്തിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയത് വിനായകന്റെ കഥാപാത്രമായിരുന്നു. ഫഹദിന്റെ അലോഷി തീയായിരുന്നെങ്കിൽ വിനായകന്റെ ചെമ്പൻ തീപന്തമായിരുന്നു. ഒന്നിനെയും പേടിയില്ലാത്ത തനി കാടിന്റെ മകനായിരുന്നു ചെമ്പൻ. കയ്യിൽ ആയുധവുമായി വരുന്ന വിനായകന്റെ ചെമ്പൻ തിയേറ്റർ വിട്ടിറങ്ങിയിട്ടും പ്രേക്ഷകരുടെ മനസിൽ നിറഞ്ഞു നിൽക്കുകയായിരുന്നു.
vinayakan

ആട് ഒരു ഭീകര ജീവിയാണ്
ആട് ഒരു മുഴു നീള കോമഡി ചിത്രമാണ്. പക്ഷേ വിനായകന്റെ എന്നെന്നും ഓർക്കുന്ന ഹാസ്യ കഥാപാത്രങ്ങളിൽ ഒന്നായിരിക്കും ആടിലെ മലേഷ്യക്കാരനായ ഡ്യൂഡ്. നല്ല കൊച്ചി ഭാഷയും ഫ്രീക്കൻ ലുക്കിലും കളം നിറഞ്ഞ ഡ്യൂഡിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ ലഭിച്ചത്.

ഛോട്ടാ മുംബൈ
കൊച്ചി അടക്കി വാഴുന്ന ക്വട്ടേഷൻ നേതാവായാണ് വിനായകൻ ഛോട്ടാ മുംബൈയിലെത്തിയത്. കണ്ണിൽ ക്രൂരതയും കയ്യിൽ ആയുധവുമുളള വിനായകന്റെ സതീശൻ ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു പക്ക ഗുണ്ടയായാണ് വിനായകൻ വെളളിത്തിരയിലെത്തിയത്. അതുവരെ കുഞ്ഞ് കുഞ്ഞ് റോളിൽ നിന്ന വിനായകൻ കളം നിറഞ്ഞ് അഭിനയിച്ച ചിത്രമായിരുന്നു ഛോട്ടാ മുംബൈ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ