ഇറാഖിലെ മലയാളി നഴ്‌സുമാരുടെ ദുരിത ജീവിതം ടേക്ക് ഓഫ് എന്ന പേരില്‍ മഹേഷ് നാരായണന്‍ വെള്ളിത്തിരയിലേക്കു പകര്‍ത്തിയപ്പോള്‍, സമീറ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പാര്‍വ്വതിയില്‍ കവിഞ്ഞൊരാളില്ല എന്ന് പ്രേക്ഷകരും നിരൂപകരും ഉറപ്പിച്ചു പറഞ്ഞു. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലും പാര്‍വ്വതി മലയാളിയുടെ അഭിമാനത്തിന്റെ ടേക്ക് ഓഫ് ആയി. ഇപ്പോള്‍ ഇവിടെ, കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോഴും മികച്ച നടിയായി പാര്‍വ്വതി തിരഞ്ഞെടുക്കപ്പെട്ടു.

സമീറ എന്ന കഥാപാത്രം നന്നായി ചെയ്തതിന്റെ ക്രെഡിറ്റ് തനിക്കു മാത്രമല്ലെന്നും അതൊരു ടീം വര്‍ക്കാണെന്നും അതിന് പിറകില്‍ ഒരുപാട് പേരുടെ റിസര്‍ച്ച് ഉണ്ടെന്നും പാര്‍വ്വതി പറഞ്ഞു.

“പാര്‍വതി എന്ന വ്യക്തിയും പാര്‍വതി എന്ന നടിയും രണ്ടു പേരാണ്. സിനിമയില്‍ അഭിനയിക്കുന്നത് പാര്‍വതിയായിട്ടല്ല കഥാപാത്രമായിട്ടാണ്. സമൂഹത്തില്‍ എന്തു നടക്കുന്നു അത് പ്രതിഫലിപ്പിക്കുന്ന ഒരു ടൂള്‍ മാത്രമാണ് ഞാന്‍. എന്റെ വ്യക്തിത്വം തെളിയിക്കേണ്ട ഇടമല്ല. എന്റെ പൊളിറ്റിക്ക്സും ചിന്തകളുമെല്ലാം വ്യക്തിപരമാണ്,” പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു.

അവാർഡും തനിക്കെതിരായി നടക്കുന്ന ആക്രമണങ്ങളും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും പാർവതി പറഞ്ഞു.
“പാര്‍വതി എന്ന വ്യക്തി മറ്റൊരു തലത്തിലാണ്. എനിക്കു ചുറ്റും എത്ര ബഹളം ഉണ്ടായാലും പ്രേക്ഷകരും ഞാനും തമ്മില്‍ ഒരു ബന്ധമുണ്ട്. 2017 എന്നെ സംബന്ധിച്ച് നല്ല വര്‍ഷമാണ്. വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് രൂപീകരിക്കപ്പെട്ടതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഒരുപാട് ചിന്തകള്‍ പങ്കുവയ്ക്കാനും എന്താണ് സ്ത്രീശാക്തീകരണം എന്നു മനസിലാക്കാനും ഡബ്ല്യൂസിസിയിലൂടെ മനസിലാക്കാൻ സാധിച്ചു. എനിക്ക് ലഭിച്ച പുരസ്‌കാരം ഡബ്ല്യൂസിസി അംഗങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു,” പാർവ്വതി വ്യക്തമാക്കി.

2014ലെ ആഭ്യന്തര യുദ്ധത്തില്‍ ഇറാഖില്‍ കുടുങ്ങിയ നഴ്‌സുമാരെ ഇന്ത്യയിലേക്ക് എത്തിക്കുന്നതാണ് ടേക്ക് ഓഫിലെ കഥ. ചിത്രത്തില്‍ സമീറയെന്ന കേന്ദ്രകഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിച്ചിരുന്നത്. മൊയ്തീനിലെ കാഞ്ചനമാലയായും ചാര്‍ളിയിലെ ടെസ്സയായും വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത പാര്‍വ്വതിയെ ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെ രണ്ടാം തവണയാണ് സംസ്ഥാന പുരസ്‌കാരം തേടിയെത്തുന്നത്. എന്നു നിന്റെ മൊയ്തീന്‍, ചാര്‍ലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 2015ലെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരവും പാർവ്വതിക്കു തന്നെയായിരുന്നു.

ടേക്ക് ഓഫില്‍ പാർവ്വതിയെ കൂടാതെ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ആസിഫ് അലി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ