പൗളി വത്സന്‍ ഹാപ്പിയാണ്. എഴുപതാം വയസ്സില്‍ അപ്രതീക്ഷിതമായി കേരള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹനടിക്കുള്ള ചലച്ചിത്ര പുരസ്‌കാരം നേടിയതിന്റെ അഭിമാനത്തിലും. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ മ യൗ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച സഹനടിയായി പൗളി വത്സന്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. അവാര്‍ഡിന്റെ സന്തോഷത്തെക്കുറിച്ച് ഐഇ മലയാളത്തോട് പൗളിയുടെ വാക്കുകള്‍

‘സിനിമയ്ക്ക് അവാര്‍ഡ് കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും എനിക്ക് കിട്ടും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. തീര്‍ത്തും അപ്രതീക്ഷിതമായ ഒരു സന്തോഷമായിപ്പോയി. സിനിമ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. കണ്ടവരൊക്കെ നല്ല അഭിപ്രായമാണ് പറഞ്ഞത്. തിയേറ്ററില്‍ വന്നിട്ട് വേണം കാണാന്‍. നല്ല ആകാംക്ഷയിലാണ്,’ പൗളിയുടെ വാക്കുകളിലറിയാം ആകാംക്ഷ.

‘ഇത്രയും നല്ലൊരു കഥാപാത്രം എനിക്ക് നല്‍കിയ ഈ ചിത്രത്തിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയോടാണ് ഏറ്റവും നന്ദി പറയാനുള്ളത്. മരണവീടുകളിലൊക്കെ മരിച്ചവരുടെ നന്മകള്‍ ചൊല്ലിക്കരയുന്ന ഒരു കഥാപാത്രത്തെയാണ് ഞാന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ചെറുപ്പം മുതലേ നമ്മുടെ നാട്ടിലൊക്കെ ഇത്തരം ആളുകളെ കണ്ടിട്ടുള്ളതുകൊണ്ട് അഭിനയിക്കാന്‍ വലിയ പ്രയാസം ഉണ്ടായിരുന്നില്ല. കണ്ടവരൊക്കെ നല്ല അഭിപ്രായം പറഞ്ഞു. അടുത്തിടെ ജോണ്‍ പോള്‍ സാറിനെ കണ്ടപ്പോള്‍ സാറും പറഞ്ഞു, പോളി നന്നായി ചെയ്തിട്ടുണ്ടെന്ന്. ഇപ്പോഴിതാ സംസ്ഥാന സര്‍ക്കാരും അംഗീകരിച്ചു. ഇതില്‍ കൂടുതല്‍ എന്തു സന്തോഷം വേണം,’ പൗളി വത്സന്‍ പറഞ്ഞു.

ഗപ്പി, ലീല, മംഗ്ലീഷ് എന്നീ ചിത്രങ്ങളിലും പൗളി വത്സന്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ഡബിള്‍ ബാരല്‍, ആമേന്‍, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് ഈ മ യൗ. 18 ദിവസം കൊണ്ടാണ് ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ചിത്രം ഇതുവരെ തിയേറ്ററുകളില്‍ എത്തിയിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ