ഇന്ദ്രന്‍സിന് ഇത് കാലം കാത്തുവച്ച പുരസ്‌കാരമാണ്. ഇന്ദ്രന്‍സിന്റെ അസാധാരണവും അത്ഭുതാവഹവുമായ പ്രകടനമാണ് ആളൊരുക്കം എന്ന ചിത്രത്തിലെ പപ്പുവാശാന്‍ എന്ന ഓട്ടന്‍തുള്ളല്‍ കലാകാരന്‍. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനായി തന്നെ തിരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമെന്ന് ഇന്ദ്രന്‍സ് പ്രതികരിച്ചു.

‘കൂടുതല്‍ ഉത്തരവാദിത്തവും ഉത്സാഹവും തോന്നുന്നുണ്ട്,’ പുരസ്‌കാരം വൈകി ലഭിച്ചതായി തോന്നിയോ എന്ന ചോദ്യത്തിന് ‘ഇല്ല, ഞാന്‍ തുടങ്ങിയിട്ടല്ലേ ഉള്ളൂ’ എന്നു പറഞ്ഞുകൊണ്ട് തന്റെ സ്വതസിദ്ധമായ ചിരിയായിരുന്നു ഇന്ദ്രന്‍സിന്റെ മറുപടി.

‘ഓരോ സിനിമകളും ഓരോ തുടക്കങ്ങളാണ്. പുതിയ അനുഭവങ്ങള്‍, പുതിയ കൂട്ടുകാര്‍.. അതുകൊണ്ട് ഇനിയും സമയമുണ്ടല്ലോ എന്നേ ഓരോ വര്‍ഷം കഴിയുന്തോറും ചിന്തിക്കാറുള്ളൂ,’ എന്നു അദ്ദേഹം പറഞ്ഞു.

നല്ല കഥാപാത്രമായിരിക്കും, നല്ല സിനിമയായിരിക്കും എന്നതിലപ്പുറം അവാര്‍ഡൊന്നും പ്രതീക്ഷിച്ചിരുന്നില്ല. പരീക്ഷിക്കാന്‍ പറ്റുന്ന കഥാപാത്രങ്ങളും സിനിമകളും ലഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ