തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. സാമൂഹിക രാഷ്ട്രീയ പ്രസക്തിയുള്ള സിനിമകളുടെ സാന്നിദ്ധ്യമാണ് ഇത്തവണത്തെ അവാർഡിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നത്. കമ്മട്ടിപ്പാടം, മാൻഹോൾ തുടങ്ങിയ ചിത്രങ്ങൾ ഇത്തവണ കൂടുതൽ അവാർഡുകൾ പ്രതീക്ഷിക്കുന്നുണ്ട്.

വിധു വിൻസന്റിന്റെ സിനിമ മാൻഹോൾ ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ ഏറെ പരാമർശങ്ങൾ നേടിയിരുന്നു. മികച്ച സമൂഹിക പ്രസക്തിയുള്ള ചിത്രമെന്ന് ഖ്യാതി നേടിയ കമ്മട്ടിപ്പാടം കഥാപാത്രങ്ങളുടെ അഭിനയത്തികവിലാണ് ഏറെ കൈയ്യടി നേടിയത്.ഈ രണ്ട് സിനിമകൾക്കുമാണ് പൊതുവിൽ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെടുമെന്ന് സാധ്യത കൽപ്പിക്കുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ പിന്നെയും, ഡോ.ബിജുവിന്റെ കാടു പൂക്കുന്ന നേരം എന്നീ സിനിമകളും മികച്ച സിനിമകളുടെ പട്ടികയിൽ ഉണ്ട്.

ഒപ്പം, പുലിമുരുകൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹൻലാൽ മികച്ച നടനുള്ള പട്ടികയിൽ അവസാന റൗണ്ടിലെത്തിയിട്ടുണ്ട്. അതോടൊപ്പം കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകനും ഫൈനൽ റൗണ്ടിലുണ്ട്. ഇവരിൽ ആരാകും ഇത്തവണ മികച്ച നടനെന്നതാണ് ഉറ്റുനോക്കുന്നത്.  സുരഭി, കാവ്യാ മാധവൻ, റിമ കല്ലിങ്കൽ എന്നിവരാണ് മികച്ച നായികമാരുടെ പട്ടികയിൽ ഇടംനേടിയത്.

കമ്മട്ടിപ്പാടത്തിന്റെ സംവിധായകൻ രാജീവ് രവിയും മാൻഹോളിന്റെ സംവിധായകൻ വിധു വിൻസന്റുമാണ് മികച്ച സംവിധായകരുടെ പട്ടികയിൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.  ജഗദീഷ് (ലീല), ചേതൻ ജയലാൽ (ഗപ്പി), അലൻസിയർ (മഹേഷിന്റെ പ്രതികാരം) എന്നിവർ അഭിനയത്തിന് വിവിധ അവാർഡുകൾ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് സാംസ്കാരിക വകുപ്പ് മന്ത്രി പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ