സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നാളെ വൈകിട്ട് അഞ്ചു മണിക്ക് പ്രഖ്യാപിക്കും. അവാർഡിനായി മത്സരിക്കാൻ അവസാന റൗണ്ടിലെത്തിയത് 10 ചിത്രങ്ങളാണ്. അവാർഡിനായി ആദ്യ റൗണ്ടിൽ മത്സരിച്ച 68 സിനിമകളിൽ മിക്കതും മതിയായ നിലവാരം പുലർത്തിയില്ല എന്നാണ് ജൂറിയുടെ വിലയിരുത്തൽ.

അടൂർ ഗോപാലകൃഷ്‌ണൻ സംവിധാനം ചെയ്‌ത പിന്നെയും, ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം, ഡോ.ബിജുവിന്റെ കാട് പൂക്കുന്ന നേരം, വിധു വിൻസെന്റിന്റെ മാൻഹോൾ എന്നീ ചിത്രങ്ങൾ അവസാന റൗണ്ടിലെത്തിയെന്നാണ് സൂചന. കിസ്മത്ത്, ഒരു മുത്തശ്ശി ഗദ, ആൻ മരിയ കലിപ്പിലാണ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ഒപ്പം, ഗപ്പി, പുലിമുരുകൻ, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളും മത്സര രംഗത്തുണ്ട്. പ്രശസ്‌ത ഒഡീഷ സംവിധായകനും ഛായാഗ്രാഹകനുമായ എ.കെ.ബിറിന്റെ അധ്യക്ഷതയിൽ പത്തംഗ ജൂറിയാണ് ചിത്രങ്ങൾ വിലയിരുത്തുന്നത്.

മോഹൻലാലിന്റെ ഒപ്പം, പുലിമുരുകൻ, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങൾ മത്സരിക്കുമ്പോൾ മമ്മൂട്ടിയുടെ വൈറ്റാണ് മത്സരത്തിനെത്തിയത്. കാവ്യ മാധവൻ, റിമ കല്ലിങ്കൽ എന്നിവരാണ് മികച്ച നടിക്കുളള മത്സരത്തിൽ മുന്നിലുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ